കുറുപ്പ് ഇവിടം കൊണ്ട് തീരില്ല... കുറുപ്പ് സിനിമ ഇറങ്ങിയതോടെ സിബിഐ ഡയറിക്കുറിപ്പിനെക്കാളും വെല്ലുന്ന വെളിപ്പെടുത്തലുമായി പലരും രംഗത്തെത്തുന്നു; താടിവടിച്ച സന്യാസി വേഷത്തില്‍ കുറുപ്പിനെ പോലീസ് പൊക്കിയെന്ന് മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്

ഈ കുറുപ്പ് സിനിമ ഇറങ്ങിയതോടെ പോലീസിന് വലിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. പോലീസിന് ഏറെ നാണക്കേടുണ്ടാക്കിയ സുകുമാര കുറുപ്പിനെ തപ്പി ഇനിയും ഇറങ്ങേണ്ടി വരുമോ എന്നാണ് പേടി. കുറുപ്പിനെ തപ്പി ഇറങ്ങിയവരുടെ ഗതി ഇപ്പോഴും ഓര്‍മ്മയിലുണ്ട്. അതിനിടയ്ക്ക് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്.
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ഒരിക്കല്‍ പിടിയിലായെങ്കിലും പോലീസിന്റെ പിഴവുകൊണ്ട് രക്ഷപ്പെട്ടെന്നുമാണ് അലക്‌സാണ്ടര്‍ ജേക്കബ് പറയുന്നത്. ആളെ തിരിച്ചറിയാതെ പോലീസ് വിട്ടയയ്ക്കുകയായിരുന്നു. താടിവടിച്ച, മുഖത്തെ മറുക് മാറ്റി വേഷപ്രച്ഛന്നനായിട്ടാണ് കുറുപ്പിനെ ആലപ്പുഴ പോലീസ് പിടികൂടിയത്. നാലുമണിക്കൂറിനുശേഷം വിട്ടയച്ചു. അതൊരു പിഴവായി കാണാനാകില്ല. അന്നത്തെ സംവിധാനങ്ങള്‍വെച്ച് വിരലടയാളം പരിശോധിക്കുന്നതിന് പരിമിതികളുണ്ടായിരുന്നു. നാലു ദിവസത്തിനുശേഷമേ ഫലം കിട്ടുകയുള്ളൂ അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു.
കൊല്ലപ്പെട്ടത് ചാക്കോയാണെന്ന് വ്യക്തമായതിന് തൊട്ടുപിന്നാലെയാണ് കുറുപ്പ് പോലീസിന്റെ കൈയ്യില്‍പ്പെട്ടത്. ആലപ്പുഴയില്‍ കുറുപ്പ് നിര്‍മിച്ചുകൊണ്ടിരുന്ന വീടിന് സമീപത്തുനിന്നാണ് കുറുപ്പിനെ കസ്റ്റഡിയില്‍ എടുത്തത്. സന്യാസിയെപ്പോലെ വേഷം ധരിച്ചൊരാള്‍ സുകുമാരക്കുറുപ്പിന്റെ പണിതീരാത്ത വീട് നോക്കി നില്‍ക്കുന്നതു കണ്ടാണ് പോലീസ് ഇയാളെ സ്‌റ്റേഷനില്‍ എത്തിച്ചത്. ചോദ്യംചെയ്‌തെങ്കിലും സംശയം ഉണ്ടാകാത്തതിനാല്‍ വിരലടയാളം ശേഖരിച്ചശേഷം വിട്ടയച്ചു.
സുകുമാരക്കുറുപ്പിന്റെ വിരലടയാളം എല്‍.ഐ.സി. പോളിസിയില്‍നിന്ന് പോലീസിന് ലഭിച്ചിരുന്നു. ഇതുമായി ഒത്തുനോക്കിയപ്പോഴാണ് സുകുമാരക്കുറുപ്പാണെന്ന് മനസിലായത്. അപ്പോഴേക്കും കുറുപ്പ് മുങ്ങിയിരുന്നു. ഭോപാലിലും അയോധ്യയിലും പിന്നീട് പോലീസ് തിരച്ചില്‍ നടത്തി. പക്ഷേ, കിട്ടിയില്ല. ഗുരുതരമായ രോഗമുള്ളതിനാല്‍ ഏറെക്കാലം ജീവിച്ചിരിക്കില്ല. രണ്ടായിരത്തിന് മുന്നേ മരിച്ചിട്ടുണ്ടാകും എന്നും അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു.
കൊലപാതകം പോലീസ് കണ്ടെത്തിയപ്പോള്‍ സുകുമാരക്കുറുപ്പ് നാടുവിട്ടുവെന്നാണ് ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിച്ച ജോര്‍ജ് ജോസഫിന്റെ കണ്ടെത്തല്‍. ജോഷി എന്ന പുണെ വിലാസത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് വേഷംമാറി ജീവിച്ച സുകുമാരക്കുറുപ്പ് മരിച്ചെന്ന് സ്ഥിരീകരിച്ചത്. ഭോപാലിലെ റൂട്ട്‌നാരായണ്‍പൂര്‍ ആശുപത്രിയില്‍ 1990 ജനുവരി 14ന് ഇയാള്‍ ചികിത്സതേടിയിരുന്നു. 24 മണിക്കൂറില്‍ കൂടുതല്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഇദ്ദേഹമെന്ന് ഡോക്ടര്‍മാര്‍ പോലീസിനോട് പറഞ്ഞു. ജോഷിയും കുറുപ്പും ഒരാളാണെന്നും കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, മരണസമയത്തെക്കുറിച്ചും മൃതദേഹം എവിടെ ദഹിപ്പിച്ചുവെന്നുമുള്ള വിവരം പോലീസിന് ലഭിച്ചില്ല.
അതേസമയം കരുവാറ്റ ശ്രീഹരി ടാക്കീസില്‍ കെണി എന്ന സിനിമയുടെ ടിക്കറ്റുവരവിന്റെ കണക്കെഴുതിത്തീര്‍ത്താണു ഫിലിം റെപ്രസന്റേറ്റീവ് ചാക്കോ, ഇന്‍ഷുറന്‍സ് തട്ടിപ്പിനായി സുകുമാരക്കുറുപ്പൊരുക്കിയ കെണിയിലേക്ക് അറിയാതെ വണ്ടികയറിയത്.
1984 ജനുവരി 21നു ശനിയാഴ്ചരാത്രി പത്തരയോടെ ദേശീയപാതയിലെ കരുവാറ്റ ടി.ബി.ജങ്ഷനില്‍ ആലപ്പുഴയ്ക്കു ബസ് കാത്തുനില്‍ക്കുമ്പോള്‍, ഹരി ടാക്കീസിന്റെ മാനേജര്‍ ശ്രീകുമാറും കൂട്ടിനുണ്ടായിരുന്നു. ആലപ്പുഴ ഫാസ്റ്റ് പാസഞ്ചര്‍ വരുന്നതു കണ്ടതിനാല്‍ ശ്രീകുമാര്‍ യാത്രപറഞ്ഞുപോയി. പിന്നീട്, ചാക്കോയെ ആരും ജീവനോടെ കണ്ടിട്ടില്ല.
അന്ന് ആ ബസ് നിര്‍ത്താതെപോയി. പിന്നാലെവന്ന കാറിലെ യാത്രക്കാര്‍ ചാക്കോയെ കയറ്റിക്കൊണ്ടുപോയതും വഴിയില്‍ കൊലപ്പെടുത്തി മാവേലിക്കര കുന്നംപാടത്ത് കാറിലിരുത്തി കത്തിച്ചതുമെല്ലാം കേരളംകണ്ട ഏറ്റവും വലിയ ആള്‍മാറട്ടക്കഥയിലെ വഴിത്തിരിവുകളാണ്. അങ്ങനെ സുകുമാരക്കുറുപ്പ് വലിയ പിടികിട്ടാപുള്ളിയുമായി.
"
https://www.facebook.com/Malayalivartha























