ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തും... ഇന്ന് ഉച്ചയ്ക്ക് രണ്ടിന് അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തുമെന്ന് മന്ത്രി, സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളം ഒഴുക്കിവിടും

ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് ഇതിലൂടെ ഒഴുക്കിവിടുക. നിലവില്‍ 2398.8 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ഓറഞ്ച് അലര്‍ട്ടാണ് ഇടുക്കി ഡാമില്‍ നിലനില്‍ക്കുന്നത്.
2399.03 അടി ആയാല്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക. നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ മാത്രമാണ് ഇടുക്കി ഡാം തുറക്കാന്‍ തീരുമാനിച്ചതെന്നും അധികൃതര്‍ അറിയിച്ചു. മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുകയാണെങ്കില്‍ അവിടെ നിന്ന് ഒഴുകിയെത്തുന്ന ജലം കൂടി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കിയിലെ നടപടി.
ആശങ്കയ്ക്ക് അടിസ്ഥാനമില്ലെങ്കിലും പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. അതേസമയം ഇടുക്കി ഡാമിനെ സംബന്ധിച്ച് ഇതൊരു അസാധാരണ സാഹചര്യമാണ്. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ ഒക്ടോബര്‍ 16ന് ശേഷം ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് 2018ന് ശേഷം നിരവധി തവണ ഇടുക്കി ഡാം തുറക്കേണ്ട സ്ഥിതി വന്നിരുന്നു. അപ്പര്‍ റൂള്‍കര്‍വ് അനുസരിച്ച് 2400.03 അടിയാണ് ഇടുക്കിയുടെ സംഭരണശേഷി. ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന്റെ പകുതി പോലും തുറന്ന് വിടുന്നില്ല. മഴ കനത്താല്‍ കൂടുതല്‍ വെള്ളം ഒഴുക്കിവിടേണ്ടി വരും.
https://www.facebook.com/Malayalivartha























