സംസ്ഥാനത്ത് 3 ജില്ലകളിൽ റെഡ് അലേർട്ട് , പമ്പ ത്രിവേണിയിൽ വെള്ളം കയറി, 16 വരെ ശക്തമായ മഴ, ബംഗാള്‍ ഉള്‍ക്കടലിലെ പുതിയ ന്യൂനമര്‍ദ്ദം 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കും

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. 3 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പമ്പ ത്രിവേണിയിൽ വെള്ളം കയറിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു. നേരത്തെ ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ ഈ അലേർട്ട് പുതുക്കിയാണ് ഇപ്പോൾ മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് 14 ജില്ലകളിലും നാളെ 11 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയ ഇന്ന് തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനത്തേക്കും. നാളെ വടക്കൻ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്.
സംസ്ഥാനത്ത് ചൊവ്വാഴ്ച്ച വരെ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അതേസമയം മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 140 അടിയായി. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ഇടവിട്ട് മഴ പെയ്യുന്നതിനാൽ നീരൊഴുക്ക് ശക്തമായി. സെക്കൻഡിൽ ഡാമിലേക്ക് ഒഴുകിയെത്തുന്നത് 4,056 ഘനയടി വെള്ളമാണ്. ജലനിരപ്പ് വീണ്ടും ഉയർന്നതിനാൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പെരിയാർ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
തമിഴ്‌നാടിന് മുകളിലെ ചക്രവതച്ചുഴി അറബികടലിലേക്ക് നീങ്ങുന്നതിനാല്‍ പടിഞ്ഞാറന്‍ കാറ്റ് സജീവമാകുന്നതാണ് മഴയ്ക്ക് കാരണം. ബംഗാള്‍ ഉള്‍ക്കടലിലെ പുതിയ ന്യൂനമര്‍ദ്ദം 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ച് ആന്ധ്രാതീരത്ത് പ്രവേശിക്കും.
https://www.facebook.com/Malayalivartha























