ഇടുക്കി ഡാം തുറന്നു, മൂന്നാമത്തെ ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തി, പെരിയാറിന്റെ തീരത്തുള്ളവർക്ക് അതീവ ജാഗ്രത നിർദ്ദേശം, ഈ വർഷം ഡാം തുറക്കുന്നത് ഇത് രണ്ടാം തവണ

ഇടുക്കി ഡാം തുറന്നു. മൂന്നാമത്തെ ഷട്ടർ 40 സെന്റീമീറ്ററാണ് ഉയർത്തിയത്. സെക്കന്റിൽ 40,000 ലിറ്റർ ജലമാണ് ഒഴുക്കിവിടുന്നത്.പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകി കഴിഞ്ഞു. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെങ്കിലും പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.
ഈ വർഷം ഡാം തുറക്കുന്നത് ഇത് രണ്ടാം തവണയാണ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് ഡാം തുറന്നത്. ഇന്ന് ഉച്ചയ്ക്ക് 1.55 ഓടെ ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള ആദ്യ സൈറൺ മുഴങ്ങി. രണ്ട് മണിയോടെ മൂന്നാമത്തെ സൈറണും മുഴങ്ങി.ഇതിന് ശേഷമാണ് ഡാം തുറന്നത്.
ആവശ്യമെങ്കിൽ കൂടുതൽ വെള്ളം തുറന്നുവിടും. മുല്ലപ്പെരിയാർ ഡാം തുറക്കേണ്ടി വന്നാൽ ആ ജലം കൂടി ശേഖരിക്കാൻ വേണ്ടിയാണ് ഇടുക്കി ഡാമിലെ വെള്ളം ഒഴുക്കിവിടുന്നത്.
നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ മാത്രമാണ് ഇടുക്കി ഡാം തുറക്കാന്‍ തീരുമാനിച്ചതെന്നും അധികൃതര്‍ അറിയിച്ചു. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ ഒക്ടോബര്‍ 16ന് ശേഷം ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു.
റെഡ് അലർട്ട് ലെവലിനായി കാത്ത് നിൽക്കാതെ തന്നെ ഡാമിലെ വെള്ളം ഒഴുക്കിവിടാൻ രാവിലെ തീരുമാനിക്കുകയായിരുന്നു. റൂൾ കർവ് പ്രകാരം ഇടുക്കി ഡാമിലെ ബ്ലൂ അലർട്ട് ലെവൽ 2392.03 അടിയാണ്. ഓറഞ്ച് അലർട്ട് 2398.03 അടിയും റെഡ് അലർട്ട് 2399.03 അടിയുമാണ്.
https://www.facebook.com/Malayalivartha


























