മോഡലുകളുടെ അപകട മരണം, കാര്‍ ഡ്രൈവര്‍ അബ്ദു റഹ്‌മാനെ ഇന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും, ഹോട്ടലിന്റെ ഉടമയ്ക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

കൊച്ചിയിൽ മോഡലുകളും സുഹൃത്തും ഉള്‍പ്പെടെ അപകടത്തില്‍ മരിച്ച കേസില്‍ കാര്‍ ഡ്രൈവര്‍ അബ്ദു റഹ്‌മാനെ ഇന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലിന്റെ ഉടമയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായി വീണ്ടും നോട്ടീസ് അയക്കാനും പൊലീസ് തീരുമാനിച്ചു.
അപകടമരണത്തിന് കാരണം മത്സരയോട്ടമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അപകടത്തില്‍പ്പെട്ട വാഹനത്തെ പിന്തുടര്‍ന്ന ഔഡി കാര്‍ ഡ്രൈവര്‍ ഷൈജു മത്സരയോട്ടം നടന്നതായി ചോദ്യം ചെയ്യലിൽ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കേസില്‍ അറസ്റ്റിലായ അബ്ദു റഹ്‌മാന്റെ പ്രാഥമിക മൊഴിയും ഇതിന് സമാനമാണ്. അബ്ദുറഹ്‌മാന്‍ നല്‍കുന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും ഔഡി കാറോടിച്ച ഷൈജുവിനെതിരെയുള്ള നിയമ നടപടി. ചികിത്സയിലായിരുന്ന അബ്ദുറഹ്‌മാന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതോടെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. മൊഴിയില്‍ വൈരുധ്യമുണ്ടോയെന്നും പൊലീസ് പരിശോധിക്കും.
ഡിജെ പാര്‍ട്ടി നടന്ന ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ കണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഹോട്ടല്‍ ഉടമ റോയ് ഹാജരായിട്ടില്ല. ഇയാളെ വീണ്ടും നോട്ടീസയച്ച് വിളിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഹോട്ടലിലെ നിശാ പാര്‍ട്ടിയുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കണ്ടെത്താനാകാത്തത് കേസിൽ വലിയ തിരിച്ചടിയായി മാറുകയാണ്.ഹോട്ടലുകാര്‍ ഒളിപ്പിച്ച ആ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. ഇതില്‍ വലിയ രഹസ്യങ്ങളുണ്ടെന്നാണ് കരുതുന്നത്.
ഹോട്ടല്‍ ഉടമയുടെ നിര്‍ദേശപ്രകാരം ജീവനക്കാര്‍ ഈ ദൃശ്യങ്ങള്‍ നശിപ്പിച്ചുവെന്നാണ് പൊലീസിനു ലഭിച്ച മൊഴി. ഹോട്ടലില്‍ എന്തോ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അപകടം നടന്നതെന്നാണു പൊലീസ് കരുതുന്നത്.
ഡിജെ പാര്‍ട്ടി നടന്ന ഹാളിലെയും പാര്‍ക്കിങ് ഏരിയയിലെയും ദൃശ്യങ്ങള്‍ മാത്രമാണ് നശിപ്പിക്കപ്പെട്ടത്. ഇതുകൊണ്ടു തന്നെ ഇവിടെ വച്ചു വാക്കുതര്‍ക്കം പോലെയെന്തോ ഉണ്ടായിട്ടുണ്ടാവുമെന്നും ഇതോടെയാകാം മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും സുഹൃത്തുക്കളും ഹോട്ടല്‍ വിട്ടതെന്നുമാണ് സംശയിക്കുന്നത്.
https://www.facebook.com/Malayalivartha



























