കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും താഴ്ന്ന പ്രദേശങ്ങളിൽ അതിരൂക്ഷമായ വെള്ളക്കെട്ട്, ആലപ്പുഴയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും താഴ്‌ന്ന പ്രദേശങ്ങളിലെല്ലാം അതിരൂക്ഷമായ വെള്ളക്കെട്ടാണ്. ഈ മേഖലയിൽ അതീവ ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. കുട്ടനാട്ടിലെ വിവിധയിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ്.
കൈനകരി, പള്ളാത്തുരുത്തി, നെടുമുടി, കാവാലം, നിരേറ്റുപുറം, കിടങ്ങറ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. എസി റോഡിൽ വെള്ളക്കെട്ടുണ്ട്. നിലവിൽ ഗതാഗത പൂർണമായും തടസപ്പെട്ടിട്ടില്ല. പ്രദേശത്തെ വീടുകളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്.
ആലപ്പുഴ ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. വീടുകളിലെല്ലാം പ്രാഥമിക കൃത്യങ്ങൾ പോലും നിർവഹിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. പാചകം പോലും നടക്കാത്ത സാഹചര്യത്തിൽ സർക്കാർ നേതൃത്വത്തിൽ ഭക്ഷണം എത്തിച്ചുകൊടുക്കുന്ന 15 ഗ്രുവൽ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്.
കിഴക്കൻ വെള്ളത്തിന്റെ വരവ് പമ്പ, അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് ഉയർത്തി. ഈ ആശങ്ക അപ്പർ കുട്ടനാടൻ മേഖലകളിലുണ്ട്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും ശക്തമായ മഴയുണ്ടായിരുന്നു.
അതേസമയം, പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനം നിരോധിച്ചു.
മലയോരത്ത് നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മ്മിക്കുക, നിര്‍മ്മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നവംബര്‍ 18 വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
https://www.facebook.com/Malayalivartha



























