ഒരു വര്‍ഷത്തിന് ശേഷം അനുപമ കുഞ്ഞിനെ കണ്ടു... അവനെ കൈയ്യില്‍ കിട്ടുന്ന നിമിഷം മാത്രമാണ് മനസിലുള്ളത്; അതിനായി കാത്തിരിക്കുകയാണെന്ന് അനുപമ

ഡി.എന്‍.എ ഫലം പോസിറ്റീവായതിന് പിന്നാലെയാണ് കുഞ്ഞിനെ കാണാന്‍ അനുപമക്ക് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അനുമതി നല്‍കിയിരുന്നു. കുന്നുകുഴിയിലെ നിര്‍മല ശിശു ഭവനിലെത്തി കുഞ്ഞിനെ കണ്ട അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചത് വികാരപരമായിട്ടായിരുന്നു. തന്റെ കുഞ്ഞിനെ കാണാന്‍ പറ്റിയതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ മോനെ വിട്ടുപോരുന്നതില്‍ സങ്കടമുണ്ടെന്നും അനുപമ പറഞ്ഞു.
ഞങ്ങള്‍ കാണുമ്‌ബോള്‍ കുഞ്ഞ് ഉറങ്ങാന്‍ പോവുകയായിരുന്നു. കണ്ട ശേഷം പുറത്തിറങ്ങിയപ്പോഴേക്കും അവന്‍ ഉറങ്ങി. കുഞ്ഞിനെ ശിശുഭവന്‍ അധികൃതര്‍ നല്ല രീതിയില്‍ പരിപാലിക്കുന്നുണ്ടെന്നും അനുപമ പറഞ്ഞു.
കുഞ്ഞിനെ കണ്ടിട്ട് ഒരു വര്‍ഷത്തിലധികമായി. അവനെ കൈയ്യില്‍ കിട്ടുന്ന നിമിഷം മാത്രമാണ് മനസിലുള്ളത്. അതിനായി കാത്തിരിക്കുകയാണ്. കുഞ്ഞിനെ എത്രയും വേഗം കിട്ടുമെന്നാണ് പ്രതീക്ഷ. കാലതാമസമില്ലാതെ തിരികെ നല്‍കണമെന്നാണ് അഭ്യര്‍ഥനയെന്നും അനുപമ പറഞ്ഞു.
കേസ് പരിഗണിക്കാനായി കുടുംബ കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും അനുപമ വ്യക്തമാക്കി. ഡി.എന്‍.എ ഫലത്തില്‍ സന്തോഷമുണ്ടെന്ന് അജിത് കുമാര്‍ പറഞ്ഞു. കുഞ്ഞിനെ കണ്ടെത്തുന്നതിനായി നിരവധി ഓഫീസുകളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അജിത് മാധ്യമങ്ങളോട് പറഞ്ഞു.
പ്രസവിച്ച് മൂന്നാംനാള്‍ മാറ്റപ്പെട്ട കുഞ്ഞിനെ ഒരു വര്‍ഷത്തിന് ശേഷമാണ് അനുപമ കാണുന്നത്.
കാട്ടാക്കടയിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ച് സിസേറിയന്‍ നടത്തി മൂന്നാം ദിവസം വീട്ടിലേയ്ക്ക് വരുന്നവഴി ജയചന്ദ്രന്‍ പിടിച്ചുവാങ്ങിക്കൊണ്ടുപോയ കുട്ടിയെ അനുപമ അതിന് ശേഷം ഇന്നാണ് കാണുന്നത്. കുട്ടിയെ ചേച്ചിയുടെ കല്യാണത്തിന് ശേഷം തിരിച്ചെത്തിക്കാമെന്നായിരുന്നു ഉറപ്പ്. എന്നാല്‍ ആ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല അനുപമയെ അവിടെ നിന്നും ഇടുക്കിയില്‍ അമ്മയുടെ വീട്ടിലേയ്ക്ക് നാട് കടത്തുകയുമാണ് ഉണ്ടായത്. ഏതാനും മാസങ്ങള്‍ അനുപമ അവിടെ വീട്ടുതടങ്കിലായിരുന്നു, അവിടെ നിന്നും രക്ഷപ്പെട്ട് ബസ് കേറി കൊട്ടാരക്കരയില്‍ എത്തിയാണ് അനുപമ അജിത്തിനെ വിളിച്ചുവരുത്തിയത്.
ഈ സമയം ജയചന്ദ്രനും ഷിജുഖാനുമടക്കമുള്ള സംഘം കുട്ടിയെ ശിശുക്ഷേമസമിതി വഴി നാട് കടത്താനുള്ള പ്ലാന്‍ തയ്യാറാക്കുകയായിരുന്നു. ഷിജുഖാന്‍ നല്‍കിയ ഉറപ്പനുസരിച്ചാണ് അനുപമയുടെ മാതാപിതാക്കളായ ജയചന്ദ്രനും സ്മിത ജയിംസും പേരൂര്‍ക്കടയിലെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗവും ചേര്‍ന്ന് ഒക്ടോബര്‍ 22ന് രാത്രി ശിശുക്ഷേമ സമിതിയില്‍ ആണ്‍കുട്ടിയെ കൊണ്ടുവന്നത്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് ദീപ റാണി കുഞ്ഞിനെ വാങ്ങി ദത്തെടുക്കല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന്, തൈക്കാട് ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ പെണ്‍കുഞ്ഞാക്കി രജിസ്റ്ററില്‍ ഡോക്ടറെക്കൊണ്ട് എഴുതിപ്പിച്ചു. പിറ്റെ ദിവസം മലാല എന്ന് പേരിട്ട് വാര്‍ത്തകളും നല്‍കി.
23ന് വെള്ളിയാഴ്ച മറ്റൊരു ആണ്‍കുഞ്ഞിനെയും സമിതിയില്‍ ലഭിച്ചു. പിറ്റെ ദിവസം ആണ്‍പെണ്‍ വിവാദം വന്നപ്പോള്‍ തൈക്കാട് ആശുപത്രിയില്‍ പോയി രജിസ്റ്ററില്‍ പെണ്‍കുട്ടി എന്നത് ആണ്‍കുട്ടിയാക്കി മാറ്റി എഴുതിച്ചതും തിരുത്തി മറ്റൊരു ഒ.പി ടിക്കറ്റ് വാങ്ങിയതും സൂപ്രണ്ട് ഷീബയാണ് എന്നും ആരോപണമുണ്ട്. എം.എസ്.ഡബ്ല്യു യോഗ്യത വേണ്ട ദത്തെടുക്കല്‍ കേന്ദ്രത്തിലെ അഡോപ്ഷന്‍ ഓഫിസറുടെ ചുമതലയും ബിരുദം മാത്രമുള്ള ഷീബക്കാണ് ഷിജുഖാന്‍ നല്‍കിയതും വിവാദത്തിലായിരുന്നു.
അനുപമയും ഭര്‍ത്താവും കുഞ്ഞിനെ ആവശ്യപ്പെട്ട് ഷിജുഖാന്റെ അടുത്തുവന്നപ്പോള്‍ തിടുക്കത്തില്‍ കുഞ്ഞിനെ എന്തിന് ആന്ധ്രയിലെ ദമ്ബതികള്‍ക്ക് നല്‍കിയെന്ന് പാര്‍ട്ടിയും സര്‍ക്കാറും അന്വേഷിക്കണം എന്നും ജീവനക്കാര്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിന്റെ ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒക്ടോബര്‍ 23ന് ലഭിച്ച പെലെ എഡിസണ്‍ എന്ന കുട്ടിയുടെ ടെസ്റ്റ് നടത്തി അമ്മയെ കബളിപ്പിച്ചതും ചര്‍ച്ചകളിലെത്തി.
അമരാവതിയിലെ കുടുംബത്തിന് കുട്ടിയെ ദത്തുകൊടുത്തത് മുന്‍ഗണനാ പട്ടിക അട്ടിമറിച്ചെന്നാണ് സൂചന. ദത്തിന് അര്‍ഹരായവരുടെ പട്ടികയില്‍ നാലു പേരെ പിന്തള്ളിയാണ് ഈ കൈമാറ്റം എന്നാണ് ഉയരുന്ന ആരോപണം. അനുപമയുടെ കുട്ടി കേരളത്തില്‍ വളരരുതെന്ന മുന്‍വിധി ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചന. കുഞ്ഞിന്റെ അമ്മയുടെ പരാതി പല തവണ കിട്ടിയിട്ടും കുട്ടിയെ കണ്ടെത്താന്‍ ബോധപൂര്‍വം ശ്രമിച്ചില്ല എന്നതും ഞെട്ടിക്കുന്നതാണ്.
കുഞ്ഞിനെ ലഭിച്ച ദിവസങ്ങളിലെ സമിതിയിലെ മുഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ചതായി മുഖ്യമന്ത്രിക്ക് ജീവനക്കാരില്‍ ചിലര്‍ നല്‍കി കത്തില്‍ പറയുന്നു. നിയമലംഘനങ്ങള്‍ നടത്തിയിരിക്കുന്നത് ഷിജുഖാനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. സുനന്ദയും ചേര്‍ന്നാണ്. പ്രശ്‌നങ്ങള്‍ പുറത്തുവന്നപ്പോള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്താനാണ് ഷിജുഖാനും അടുപ്പക്കാരും ശ്രമിച്ചത്. 2020 ഒക്ടോബര്‍ 22ന് അര്‍ധരാത്രിക്കുശേഷം 12.30ന് ശിശുക്ഷേമ സമിതിയില്‍ ലഭിച്ച കുഞ്ഞിന്റെ വിവരം സമിതിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അറിവുള്ളതാണ്. സംഭവ ദിവസങ്ങളില്‍ സമിതിയിലെ അമ്മത്തൊട്ടില്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചിരുന്നില്ല.
കുട്ടിയെ തിരിച്ചുകിട്ടാന്‍ അനുപമയും അജിത്തും ആദ്യം മുട്ടിയത് പാര്‍ട്ടിയുടെ വാതിലുകളാണ്. ജില്ലാ സെക്രട്ടറി മുതല്‍ പോളിറ്റ് ബ്യൂറോ അംഗം വരെയുള്ളവരെ ഇവര്‍ ബന്ധപ്പെട്ടു. സംസ്ഥാന കമ്മിറ്റി കൂടട്ടെ, സെക്രട്ടറിയേറ്റില്‍ അവതരിപ്പിക്കാം എന്നൊക്കെ വാഗ്ദാനങ്ങള്‍ നല്‍കി പാര്‍ട്ടി നേതാക്കള്‍ പൊലീസ് കേസ് നല്‍കുന്നതില്‍ നിന്നും ഇവരെ പിന്തിരിപ്പിച്ചു. എന്നാല്‍ പാര്‍ട്ടി പൂര്‍ണമായും ജയചന്ദ്രനൊപ്പമാണെന്ന് മനസിലായതോടെയാണ് അനുപമയും അജിത്തും പേരൂര്‍ക്കട സ്‌റ്റേഷനില്‍ പരാതിയുമായെത്തിയത്. എന്നാല്‍ കേസെടുക്കാതെ പരാതി മുക്കാനാണ് പൊലീസ് ശ്രമിച്ചത്.
അനുപമ മുഖ്യമന്ത്രിക്ക് കൊടുത്തതടക്കം പൊലീസ് അട്ടിമറിച്ചത് മൂന്ന് പരാതികളാണ്. ശിശുക്ഷേമ സമിതിയില്‍ കുട്ടിയെ കിട്ടിയ വിവരവും പൊലീസിനെ അറിയിച്ചിരുന്നു എന്ന് മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞതോടെ പൊലീസിന്റെ കള്ളക്കളി കൂടുതല്‍ പുറത്തുവന്നു. സ്വന്തം കുഞ്ഞിനെ കാണാനാല്ലെന്ന് പറഞ്ഞ് പൊലീസിന് കിട്ടിയ മൂന്ന് പരാതികളും കേസ് പോലും എടുക്കാതെ തീര്‍പ്പാക്കി. മൂന്നും കുഞ്ഞ് ദത്ത് പോകുന്നതിന് മുമ്ബ്. ഏപ്രില്‍ 19 ന് അനുപമ പേരൂര്‍ക്കട പൊലീസില്‍ കൊടുത്ത ആദ്യ പരാതി , ഏപ്രില്‍ 29 ന് ഡിജിപിക്ക് കൊടുത്ത പരാതി, മുഖ്യമന്ത്രിക്ക് ജൂലായ് 12 ന് കൊടുത്ത പരാതി
കുഞ്ഞ് ദത്ത് പോകും വരെ പൊലീസ് അനങ്ങിയില്ല. അനുപമ പരാതിയില്‍ പറയുന്ന ഒക്ടോബര്‍ 22 ന് രാത്രി കുഞ്ഞിനെ കിട്ടിയെന്ന് ശിശുക്ഷേമ സമിതിയെ അറിയിച്ചതോടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയാണ്. കുഞ്ഞ് ശിശുക്ഷേമ സമിതിയിലുണ്ടൈന്നറിഞ്ഞിട്ടും പൊലീസ് അനങ്ങിയില്ല എന്നതിന് തെളിവാണ് മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ ഇന്നലെ പറഞ്ഞത്. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നാണ് സൂചന. പൊലീസ് കുഞ്ഞ് ദത്ത് പോകും വരെ കാത്ത് നില്‍ക്കുകയായിരുന്നു.
അനുപമയുടെ കുട്ടിയെ ദത്തു നല്‍കിയ കേസില്‍ മുഖ്യമന്ത്രിക്കു കത്തുമായി ശിശുക്ഷേമ സമിതി ജീവനക്കാര്‍ രംഗത്തു വന്നിരുന്നു. അനുപമ എസ്. ചന്ദ്രന്റെ കുഞ്ഞ് അമ്മത്തൊട്ടിലില്‍ എത്തിയിരുന്നില്ലെന്നാണു കത്തിലെ പ്രധാന വെളിപ്പെടുത്തല്‍. കുഞ്ഞിനെ അനുപമയുടെ മാതാപിതാക്കള്‍ നേരിട്ട് ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്നും കത്തിലുണ്ട്. ഇതോടെ സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിച്ചു. കുടുംബ കോടതിയില്‍ ഇത് ശിശുക്ഷേമ സമിതി നിഷേധിച്ചു. എന്നാല്‍ ജാമ്യ ഹര്‍ജിയില്‍ കുട്ടിയെ ഏല്‍പ്പിച്ചുവെന്നാണ് അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍ പറയുന്നത്.
https://www.facebook.com/Malayalivartha























