എന്റെ മകൾക്കു നീതി കിട്ടുമോ; കരഞ്ഞു തളർന്ന് മൊഫിയയുടെ ഉമ്മ; മകൾക്കൊപ്പം പോകുന്നുവെന്ന് പിതാവ്; അവർ അല്പം കരുണ കാട്ടിയെങ്കിൽ ഇന്നും മകൾ ഒപ്പമുണ്ടായേനെ!

മൊഫിയ പർവീണിന്റെ ആത്മഹത്യ ഓരോ മാതാപിതാക്കളുടെയും നെഞ്ച് തകർക്കുന്നതാണ്. മകളുടെ വേർപാടിൽ നെഞ്ച് തകർന്ന് ആ മാതാപിതാക്കൾ നിലവിളിക്കുമ്പോൾ ആശ്വപ്പിക്കാൻ ആകുന്നില്ല ഒരാൾക്കും. എന്റെ മകൾക്കു നീതി കിട്ടുമോ?’– ആലുവയിൽ മരിച്ച മോഫിയയുടെ ഉമ്മ കരഞ്ഞുകൊണ്ട് സ്ഥലം എംഎൽഎ അൻവർ സാദത്തിനോടു ചോദിച്ചതാണ്. പൊട്ടിക്കരഞ്ഞ് എംഎൽഎയുടെ ചുമലിലേക്കു വീണാണ് ചോദ്യം. രാവിലെ മകളുടെ ഖബറടക്കിയ സ്ഥലത്തു പോയ ശേഷം സമരപ്പന്തലിൽ എത്തിയതായിരുന്നു ഉമ്മ ഫാരിസ.
മൊഫിയയ്ക്ക് നീതി ഉറപ്പാക്കാൻ രാത്രി മുഴുവനും സമരം തുടരുകയാണ് കോൺഗ്രസ്.ആലുവ സ്റ്റേഷനിൽ ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം തുടരുന്നു. മരിച്ച മൊഫിയയുടെ 'അമ്മ സമരസ്ഥലത്തെത്തിയിരുന്നു . സി.ഐ സുധീരനെതിരെ നടപടിയെടുക്കും വരെ സമരം തുടരും. മൊഫിയയുടെ അമ്മയെ ആശ്വസിപ്പിച്ച് നേതാക്കൾ. നേതാക്കൾക്ക് മുന്നിൽ വിതുമ്പി മൊഫിയയുടെ 'അമ്മ. പോലീസ് കരുണ കാട്ടിയിരുന്നെങ്കിൽ മകൾ ഇപ്പോഴും കൂടെ ഉണ്ടാകുമായിരുന്നു എന്നും 'അമ്മ പറഞ്ഞു. മകളുടെ മരണം ഇപ്പോഴും ഉൾക്കൊള്ളാൻ മോഫയയുടെ രക്ഷിതാക്കൾക്ക് കഴിഞ്ഞിട്ടില്ല.മകളുടെ മരണത്തെത്തുടർന്ന് പിതാവ് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പും നൊമ്പരമാവുകയാണ്. എന്റെ മകൾ തനിച്ചാണ്.. ഞാനും പോകും മകൾക്കൊപ്പം എന്നാണ് ദിൽഷാദ് കുറിപ്പിൽ പറയുന്നത്.
'എന്റെ മോൾ കരളിന്റെ ഒരു ഭാഗം. ഞാനും പോകും എന്റെ മോളുടെ അടുത്തേക്ക്. മോൾ ഇപ്പോൾ ഒറ്റയ്ക്കാണ്. എന്നും എന്നും ഞാനായിരുന്നു മോൾക്കു തുണ. എന്തു പ്രശ്‌നമുണ്ടെങ്കിലും മോൾ പപ്പാ എന്നൊരു വിളിയാണ്. അവിടെയെത്തും ഞാൻ. മോൾക്കു സോൾവ് ചെയ്യാൻ പറ്റാത്ത എന്തു പ്രശ്‌നത്തിനും എന്നെ വിളിക്കും. പക്ഷേ, ഇതിനു മാത്രം വിളിച്ചില്ല. പപ്പെടെ ജീവൻ കൂടി വേണ്ടെന്നു വിചാരിച്ചിട്ടുണ്ടാവും. പക്ഷേ, ഞാൻ വിട്ടുകൊടുക്കാൻ തയാറല്ല. ദൈവമായിട്ടു പിടിപാട് കുറവാണ്. എന്നാലും ഒന്നു ട്രൈ ചെയ്തു നോക്കാം'. ദിൽഷാദ് ഫേസ്‌ബുക്കിൽ കുറിച്ചു. ആ മാതാപിതാക്കളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് അറിയാതെ വിഷമിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.
അതേസമയം മൊഫിയയുടെ കുടുംബത്തിന്റെ പരാതികളുടെ പശ്ചാത്തലത്തിൽ സുധീർ കുമാറിനെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ സസ്പെന്റ് ചെയ്യണമെന്ന ആവശ്യത്തിൽ തന്നെ ഉറച്ച് നിൽക്കുകയാണ് കുടുംബവും കോൺഗ്രസ് പാർട്ടിയും. പൊലീസ് ഹെഡ്ക്വാട്ടേഴ്സിലേക്കാണ് സംഭവത്തിൽ കുറ്റാരോപിതനായ സിഐയെ സ്ഥലം മാറ്റിയിരിക്കുന്നത്. എറണാകുളം ഡിഐജി അന്വേഷണം നടത്തുകയാണെന്നും തുടർനടപടികൾ ഇത് പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ നടപടി സ്വീകരിക്കുമെന്നുമാണ് അറിയിപ്പ്.
എന്നാൽ കോൺഗ്രസ് ഈ വാഗ്ദാനത്തെ വിശ്വസിക്കുന്നില്ല. ബെന്നി ബഹന്നാൻ എംപിയും ആലുവ എംഎൽഎ അൻവർ സാദത്തും അങ്കമാലി എംഎൽഎ റോജി എം ജോണുമാണ് രാത്രിയിലടക്കം പൊലീസ് സ്റ്റേഷന് മുന്നിൽ സമരം നടത്തുന്നത്. സ്ഥലം മാറ്റം അംഗീകരിക്കില്ലന്നാണ് യുഡിഎഫ് നിലപാട്. സ്റ്റേഷൻ ഉപരോധം തുടർന്നാൽ ബലം പ്രയോഗിച്ച് നീക്കുമെന്ന് ഡിവൈഎസ്പി സമരക്കാരെ അറിയിച്ചിരുന്നു. എന്നാൽ അതിനും വഴങ്ങാതെയാണ് എംപിയും എംഎൽഎയും രംഗത്തിറങ്ങിയിരിക്കുന്നത്. സുധീർകുമാറിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും അതുകൊണ്ടാണ് സ്ഥലംമാറ്റത്തിൽ മാത്രം നീക്കം ഒതുങ്ങിയതെന്നും മോഫിയയുടെ പിതാവ് പ്രതികരിച്ചു. സ്ഥലം മാറ്റം മാത്രം അംഗീകരിക്കില്ലെന്നും സർവ്വീസിൽ നിന്ന് ഇയാളെ സസ്പെൻഡ് ചെയ്യണമെന്നുമാണ് കുടുംബത്തിന്റെ നിലപാട്.
നവംബർ 23 ന് ബുധനാഴ്ചയാണ് ഭർത്താവിന്റെയും വീട്ടുകാരുടേയും പീഡനം സഹിക്കവയ്യാതെ എൽഎൽബി വിദ്യാർത്ഥിനിയായ മോഫിയ ആത്മഹത്യ ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് നേരത്തെ മോഫിയ പരാതി നൽകിയിരുന്നു. എന്നാൽ ആലുവ സിഐ, സി എൽ സുധീർ ഭർത്താവ് സുഹൈലിനും വീട്ടുകാർക്കുമെതിരെ നടപടിയെടുക്കാതെ വൈകിപ്പിക്കുകയായിരുന്നു. ഇക്കാര്യം ആത്മഹത്യാക്കുറിപ്പിലും മൊഫിയ പറയുന്നുണ്ട്. പരാതിയിന്മേൽ ചർച്ചയ്ക്ക് വിളിച്ചപ്പോൾ സുധീർ മോഫിയയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. ചർച്ചക്കിടെ ഭർത്താവിനോട് മോശമായി പെരുമാറിയപ്പോവഴക്കുപറയുകയായിരുന്നുവെന്നായിരുന്നായിരുന്നു ഇതിനോടുള്ള പൊലീസിന്റെ ആദ്യ പ്രതികരണം.
മോഫിയയുടെയും സുഹൈലിന്‍റെയും പ്രണയവിവാഹമായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ കൂടുതൽ സ്ത്രീധനം വേണമെന്ന് പറഞ്ഞ് മോഫിയയെയും കുടുംബത്തെയും ഭർതൃവീട്ടുകാർ ബുദ്ധിമുട്ടിച്ച് തുടങ്ങിയെന്നാണ് ആരോപണം. ഇതേത്തുടർന്ന് മോഫിയ സ്വന്തം വീട്ടിലേക്ക് പോന്നു. പരാതി നൽകാനായി ആലുവ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പൊലീസുദ്യോഗസ്ഥൻ്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായത്.
നേരത്തെയും ജോലിയിൽ വീഴ്ച വരുത്തിയതിന് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സുധീർ. ഉത്ര കേസ് അടക്കം രണ്ടിലേറെ കേസുകളുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്. കേരളത്തെ പിടിച്ചുലച്ച ഉത്ര വധക്കേസിലാണ് അന്നത്തെ അഞ്ചല്‍ എസ്എച്ച്ഒ ആയിരുന്ന സുധീറിനെതിരെ ആദ്യം പരാതി ഉയര്‍ന്നത്. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഭര്‍ത്താവ് സൂരജിനെ രക്ഷിക്കാന്‍ സുധീര്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. കേസിന്‍റെ പ്രാരംഭ അന്വേഷണത്തില്‍ സുധീര്‍ വീഴ്ച വരുത്തിയെന്ന് അന്നത്തെ റൂറല്‍ എസ് പി ഹരിശങ്കര്‍ കണ്ടെത്തി. പക്ഷേ നടപടി ഉണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha