വെട്ടിലായി കൂടുതല്‍ താരങ്ങള്‍... ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ഏഴു മണിക്കൂറിലേറെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു; സുകാഷ് ചന്ദ്രശേഖറും ജാക്വിലിന്‍ ഫെര്‍ണാണ്ടസുമൊന്നിച്ചുള്ള സ്വകാര്യചിത്രം പുറത്തു വന്നത് നിര്‍ണായക തെളിവായി

നടി ലീന മരിയ പോള്‍ ഉള്‍പ്പെട്ട 200 കോടിയുടെ തട്ടിപ്പു കേസ് വീണ്ടും മാറി മറിയുകയാണ്. ഈ കേസില്‍ കൂടുതല്‍ ചലച്ചിത്ര താരങ്ങള്‍ക്കു പങ്കുണ്ടെന്നാണ് സൂചന. ലീനയുടെ പങ്കാളി സുകാഷ് ചന്ദ്രശേഖറും ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസുമൊന്നിച്ചുള്ള സ്വകാര്യചിത്രം പുറത്തു വന്നതിനു പിന്നാലെ നടപടിയുമായി ഇഡി രംഗത്തെത്തി. ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ഏഴു മണിക്കൂറിലേറെ ചോദ്യം ചെയ്തു.
ജയിലിനു പുറത്തു സുകാഷിന്റെ ഇടപാടുകളില്‍ പങ്കുണ്ടെന്നു വ്യക്തമായതോടെ ലീനയും അറസ്റ്റിലായി. ഈ കേസില്‍ കള്ളപ്പണം വെളുപ്പിച്ചതിന് ഇരുവര്‍ക്കുമെതിരെ ഇഡിയും കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം സുകാഷും ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും ഒന്നിച്ചുള്ള സ്വകാര്യ ഫോട്ടോകള്‍ പുറത്തായി. സുകാഷ്, ജാക്വിലിനെ ചുംബിക്കുന്ന മിറര്‍ സെല്‍ഫിയാണ് പ്രചരിച്ചത്. ജയിലിലായിരുന്ന സുകാഷ് പരോളില്‍ ഇറങ്ങിയ സമയത്ത് എടുത്തതാണു സെല്‍ഫിയെന്നാണ് സൂചന.
പ്രമുഖ വ്യവസായികളെയും രാഷ്ട്രീയ നേതാക്കളെയും വഞ്ചിച്ചു കോടികള്‍ തട്ടിയെടുത്ത നിരവധി കേസുകളിലെ പ്രതികളാണു ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖറും പങ്കാളിയായ നടി ലീന മരിയ പോളും. വായ്പ തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദറിന്റെ ഭാര്യയില്‍നിന്നു 200 കോടി തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരുവരും ഒടുവില്‍ അറസ്റ്റിലായത്. മറ്റൊരു കേസില്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ കഴിയുന്നതിനിടെയായിരുന്നു സുകാഷിന്റെ തട്ടിപ്പ്.
ചെന്നൈയില്‍വച്ച് ഇരുവരും പലതവണ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളും അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി നടിയെ ചോദ്യംചെയ്തത്. ഫോട്ടോയില്‍ കാണുന്ന ഫോണ്‍ ഉപയോഗിച്ചാണ് സുകാഷ് തട്ടിപ്പിനായി ജയിലില്‍നിന്നു വിളിച്ചിരുന്നത്. തട്ടിപ്പിനായി ഉപയോഗിച്ച ഇസ്രയേല്‍ സിം കാര്‍ഡ് ഉപയോഗിച്ചു പ്രവര്‍ത്തിപ്പിച്ചിരുന്നത് ഈ ഫോണിലായിരുന്നു.
തട്ടിപ്പില്‍ നടിക്കും പങ്കുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. സുകാഷുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അവാസ്തവമാണെന്നു നടി ജാക്വിലിന്‍ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ചെന്നൈയിലെ ഇരുവരുടെയും ബംഗ്ലാവില്‍ നടത്തിയ റെയ്ഡില്‍ 16 ആഡംബര കാറുകളും രണ്ടു കിലോ സ്വര്‍ണവും പിടിച്ചെടുത്തിരുന്നു.
അതേസമയം സുകാഷ് ചന്ദ്രശേഖറിന്റെ മുറിയില്‍നിന്ന് പൊലീസ് കണ്ടെത്തിയത് ആപ്പിള്‍ 12 പ്രോ ഉള്‍പ്പെടെയുള്ള രണ്ട് ഹൈഎന്‍ഡ് ഫോണുകളാണ്. എന്നാല്‍ സുകാഷിന്റെ വീട്ടിലെ മുറിയില്‍നിന്നായിരുന്നില്ല ആ പിടിച്ചെടുക്കല്‍. മറിച്ച്, അതീവ സുരക്ഷ ഒരുക്കി, കൊടുംകുറ്റവാളികളെ ഉള്‍പ്പെടെ പാര്‍പ്പിച്ചിരിക്കുന്ന ഡല്‍ഹി രോഹിണിയിലെ ജയില്‍മുറിയില്‍ നിന്നായിരുന്നു ഫോണുകള്‍ കണ്ടെത്തിയത്. ഫോണ്‍ നമ്പരില്‍ കടന്നുകയറാന്‍ ഇതിലുപയോഗിച്ചിരുന്ന പെയ്ഡ് ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തതു ചെന്നൈയിലെ ഇടനിലക്കാരന്‍. ഫോണ്‍ ജയിലില്‍ കൈമാറിയത് 2 ഉദ്യോഗസ്ഥരാണത്രെ.
ജയിലില്‍ കഴിയവേ 200 കോടി രൂപയുടെ തട്ടിപ്പു നടത്തിയ സുകാഷ് ചന്ദ്രശേഖര്‍ ഡല്‍ഹി പൊലീസിനെ മാത്രമല്ല ആഭ്യന്തര വകുപ്പിനെ മൊത്തം ഞെട്ടിച്ചിരിക്കുകയാണ്. ഒരു പ്രതി ജയിലില്‍ കഴിയവേ നടത്തിയ ഏറ്റവും വലിയ തട്ടിപ്പാണ് സുകാഷിന്റേതെന്നു പൊലീസ് വെളിപ്പെടുത്തുമ്പോള്‍ അവര്‍ക്കുള്ളത് ആശങ്കയാണ്. കൂടുതല്‍ കേസുകള്‍ പുറത്തെത്തിയാല്‍ പ്രശ്‌നം സങ്കീര്‍ണമാകുമെന്നു തീര്‍ച്ച. തിഹാര്‍ ഉള്‍പ്പെടെ ഡല്‍ഹിയിലെ ജയിലുകള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്കെല്ലാം മൂര്‍ച്ചയേറുകയും ചെയ്യും. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ജയില്‍ ഉദ്യോഗസ്ഥരാണ് ഇതിനോടകം അറസ്റ്റിലായത്. 23 പേരെ സ്ഥലം മാറ്റി. ജയിലില്‍ എത്രയും വേഗം 4ജി ജാമറുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ നടപടിയാരംഭിച്ചു. എന്നാല്‍ സുകാഷിന്റെ തട്ടിപ്പിനെക്കുറിച്ച് കൃത്യമായ വിവരം കണ്ടെത്താന്‍ ഇപ്പോഴും അധികൃതര്‍ക്കു സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം.
" f
https://www.facebook.com/Malayalivartha

























