ദുഷിച്ച പാരമ്പര്യം നിലനിർത്താൻ ഉദ്യമിക്കുന്ന ഒരു അഖിലേന്ത്യാ സംഘടനയാണ് കോൺഗ്രസ്സ്; വർത്തമാന ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ സ്വദേശത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്ന സ്വാർത്ഥ മോഹക്കാരുടെ വെറും കൂട്ടായ്മയായി മാത്രം പല പ്രമുഖ രാഷ്ട്രീയ പാർട്ടികളും നിലനിൽക്കുന്നു;എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് കെ-റെയിൽ പദ്ധതി നിലവിൽ വരുകതന്നെ ചെയ്യും; കാരണം, അത് ജനങ്ങൾ ആഗ്രഹിക്കുന്നു; ജനങ്ങളുടെ ആഗ്രഹങ്ങൾക്കൊത്തുയരുന്ന ഒരു ഭരണകൂടമാണ് കേരളത്തിൽ നിലനിൽക്കുന്നതെന്നു ബിനീഷ് കോടിയേരി

ദുഷിച്ച പാരമ്പര്യം നിലനിർത്താൻ ഉദ്യമിക്കുന്ന ഒരു അഖിലേന്ത്യാ സംഘടനയാണ് കോൺഗ്രസ്സ്. വർത്തമാന ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ സ്വദേശത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്ന സ്വാർത്ഥ മോഹക്കാരുടെ വെറും കൂട്ടായ്മയായി മാത്രം പല പ്രമുഖ രാഷ്ട്രീയ പാർട്ടികളും നിലനിൽക്കുന്നു. ആരോപണവുമായി ബിനീഷ് കോടിയേരി. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
രാഷ്ട്രീയമെന്നാൽ 'രാഷ്ട്രത്തെ സംബന്ധിച്ചത്' എന്നാണ് അർഥമാക്കുന്നത്. അതിൻപ്രകാരം, രാഷ്ട്രത്തിന്റെ സകലമാന വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള നിസ്വാർത്ഥ സേവനം ചെയ്യുന്നവരുടെ കൂട്ടായ്മയാണ് ഓരോ രാഷ്ട്രീയ പാർട്ടികളും. എന്നാൽ വർത്തമാന ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ സ്വദേശത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്ന സ്വാർത്ഥ മോഹക്കാരുടെ വെറും കൂട്ടായ്മയായി മാത്രം പല പ്രമുഖ രാഷ്ട്രീയ പാർട്ടികളും നിലനിൽക്കുന്നു എന്നത് പകൽവെളിച്ചം പോലെ സ്പഷ്ടമാണ്.
നിലനിൽക്കുന്ന ഭരണകൂടം മുന്നോട്ടു വയ്ക്കുന്ന വിശാലമായ വികസന പ്രവർത്തനങ്ങളെ ഊണിലും ഉറക്കത്തിലും എതിർത്തുകൊണ്ട് തങ്ങളുടെ രാഷ്ട്രീയ സംഘടനകളും ഇവിടെയുണ്ടെന്ന് മാലോകരെ അറിയിക്കാനുള്ള ഉദ്ദ്യമം മാത്രമാണ് രാഷ്ട്രീയ സംഘടനകൾ എന്ന പേരിലുള്ള ഇത്തരക്കാരുടെ ഒരേയൊരു പ്രവർത്തനം.
സംസ്ഥാനത്തുണ്ടാകുന്ന മാതൃകാപരവും ഗുണകരവുമായ വികസന പ്രവർത്തനങ്ങളിൽ ദേശത്തെ ജനങ്ങളുടെ അഭിലാഷങ്ങൾക്കൊപ്പം നിലനിൽക്കേണ്ടവർ, നാളുകളായി ജനോപകാര വികസനങ്ങൾ കാഴ്ചവയ്ക്കുന്ന ഇടതു ഭരണകൂടത്തിനൊപ്പം തുടർന്നും കേരള ജനത നിലകൊള്ളുവാൻ കെ-റെയിൽ പദ്ധതി സഹായിക്കുമെന്നതു കൊണ്ടുതന്നെ സമീപകാലത്തൊന്നും ഭരണകൂടത്തിന്റെ ഭാഗമാകാൻ തങ്ങൾക്ക് കഴിയില്ലെന്ന ഭയപ്പാടിൽനിന്നാണ് കെ-റെയിൽ പദ്ധതിയെകുറിച്ച് തെറ്റിദ്ധാരണകൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
തിരുവനന്തപുരത്തുനിന്നും കാസർകോട് വരെ വെറും നാലുമണിക്കൂർകൊണ്ട് എത്താവുന്ന വികസന പ്രവർത്തനത്തെ ഉപേക്ഷിച്ച് ശിലായുഗ മനുഷ്യന്റെ കാലത്തിനു തുല്യമായ ജീവിതമാണ് കേരള ജനതയ്ക്ക് സ്വീകാര്യമെന്നമട്ടിൽ പ്രചാരണം നടത്തുന്നവരുടെ കൂട്ടത്തിൽ ജാതിയതയിലും മതാന്ധതയിലും ഊന്നിപ്രവർത്തിക്കുന്ന ബിജെപി-ജമാ അത്ത് ഇസ്‌ലാമി- മുസ്ലിം ലീഗ് സംഘങ്ങൾക്കൊപ്പം കോൺഗ്രസ്സുകൂടി ചേരുമ്പോൾ, കേരളത്തിലെ ഇത്തരം ജാതി ബാന്ധവങ്ങൾ കേരള സമൂഹത്തിനു നേരെ ഉയർത്തുന്ന വെല്ലുവിളികളെ തിരിച്ചറിയാൻ ജനങ്ങൾ തയ്യാറാകണം.
സെമി ഹൈസ്പീഡ് റെയിൽ (സിൽവർ ലൈൻ ) / കെ- റെയിൽ ഒരു സമ്പൂർണ ഹരിത പദ്ധതിയാണ്. പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെയോ വന്യജീവി മേഖലയിലൂടെയോ ഇത് കടന്നുപോകുന്നില്ല. അന്തരീക്ഷ മലിനീകരണം കുറച്ചുകൊണ്ട് കൃഷിഭൂമിയെ കാര്യമായി ബാധിക്കാതെയും നടപ്പാക്കും എന്നതുകൊണ്ടുതന്നെ പദ്ധതി റെയിൽ കടന്നുപോകുന്ന 115 കിലോമീറ്റർ പാടശേഖരങ്ങളിൽ 88 കിലോമീറ്റർ ഭാഗത്തും ആകാശപാത നിർമിച്ചുകൊണ്ടായിരിക്കും നിലനിർത്തുക.
തണ്ണീർത്തടങ്ങളും ജലാശയങ്ങളും സംരക്ഷിക്കാൻ പാലങ്ങളും കൾവർട്ടുകളും സ്ഥാപിച്ചു പ്രകൃതിക്ക് സംരക്ഷണം ഒരുക്കും എന്നതുകൊണ്ടുതന്നെ 2018, 2019 വർഷങ്ങളിലെ പ്രളയത്തിലുയർന്ന ജലനിരപ്പ് പരിഗണിച്ച് കൂടിയ ജലനിരപ്പിൽ നിന്നും അഞ്ചു മീറ്റർ ഉയരത്തിലായിരിക്കും കെ-റെയിലിന്റെ പാലങ്ങൾ നിർമിക്കുക. പെരിയാറിൽ ആലുവയിലും ഭാരതപ്പുഴയിൽ കുറ്റിപ്പുറത്തും രണ്ട് വലിയ പാലങ്ങൾ നിർമിക്കുന്നതുൾപ്പെടെ 40 വലിയ പാലങ്ങളും 290 ചെറിയ പാലങ്ങളും നിർമ്മിച്ചുകൊണ്ടുള്ള കേരളത്തിന്റെ സമഗ്ര വികസനമാണ് ഇടതുപക്ഷ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
ജനങ്ങൾക്കുവേണ്ടി നിലനിൽക്കുന്ന സർക്കാരെന്നതുകൊണ്ടുതന്നെ പദ്ധതിപ്രദേശത്തുനിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമസ്ഥർക്ക് വിപണി വിലയുടെ രണ്ടു മുതൽ നാലിരട്ടിവരെ നഷ്ടപരിഹാരം നൽകി സംരക്ഷിക്കും. കൂടാതെ വീട്, കെട്ടിടങ്ങൾ, വൃക്ഷങ്ങൾ എന്നിവയ്ക്കും ഇരട്ടി വില നല്കികൊണ്ടായിരിക്കും ജനങ്ങളെ പദ്ധതിയുമായി സഹകരിപ്പിക്കുക എന്നിരിക്കെ കേരളത്തിന്റെ സമഗ്ര വികസനത്തിന് മുതൽകൂട്ടായേക്കാവുന്ന സിൽവർ ലൈൻ പദ്ധതിക്കെതിരെ തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുകയാണ് കമ്മ്യൂണിസ്റ്റുവിരോധം തലയ്ക്കു പിടിച്ച ബിജെപി--ജമാ അത്ത് ഇസ്‌ലാമി- മുസ്ലിം ലീഗ്- കോൺഗ്രസ് വിഭാഗങ്ങൾ.
തികഞ്ഞ കമ്മ്യൂണിസ്റ്റു വിരോധം മാത്രം മുതൽ കൂട്ടായിട്ടുള്ള ബിജെപി യെ സംബന്ധിച്ച് സമീപ നൂറ്റാണ്ടുകളിലൊന്നും കേരളമണ്ണിൽ അധികാരത്തിൽ എത്താനാകില്ലയെന്നതുകൊണ്ടുതന്നെ ജനങ്ങളുടെ അഭീഷ്ടമനുസരിച്ച് നിലനിൽക്കുന്ന ഭരണകൂടത്തെ തളർത്താൻ സാമ്പത്തിക ബാധ്യതകൾ അടിച്ചേൽപ്പിക്കുകയാണ്. മുസ്ലിങ്ങൾക്കിടയിൽ കമ്മ്യൂണിസ്റ്റു വ്യാപനം തടയുകയെന്ന ഒറ്റ ലക്ഷ്യവുമായി നിലനിൽക്കുന്ന ജമാ അത്തെ ഇസ്‌ലാമിയെ സംബന്ധിച്ച് മതകാര്യങ്ങളിൽ തങ്ങളുടെ അപ്രമാധിത്യം സ്ഥാപിച്ചെടുക്കുകയെന്ന ലക്ഷ്യവും ഉണ്ട്.
അയൽക്കാരനായിട്ടുപോലും ജീവിക്കാനാഗ്രഹിക്കാത്ത ബിജെപി- ജമാ അത്തെ ഇസ്‌ലാമി- മുസ്ലിം ലീഗ് പ്രവർത്തകരെല്ലാം ഒരമ്മ പെറ്റ മക്കളെപ്പോലെയാണ് കേരളത്തിനെതിരെ തിരിയുന്നത്. ഇത്തരക്കാരെ സംബന്ധിച്ചു യുവാക്കളെ ദ്രോഹം ചെയ്യാൻ പാകത്തിന് മാറ്റിയെടുക്കുകയെന്ന പ്രവർത്തിക്ക് പ്രാധാന്യം നല്കുന്നവരാണെന്നതാണ് യാഥാർഥ്യം. സ്വന്തം മതത്തെ നശിപ്പിക്കാൻ ഒരുമ്പെട്ടിറങ്ങിയിട്ടുള്ള ശത്രുക്കളെ പറ്റിയുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങൾ തുടർച്ചയായി നിർമ്മിക്കുന്ന ഏർപ്പാടിലാണ് ഇത്തരം മതമൗലികവാദികൾ ഏർപ്പെട്ടിരിക്കുന്നത്.
ഇത്തരം പ്രവർത്തിയിലൂടെ അവർ ‘കമ്മ്യൂണിസ്റ്റുകാർ ശത്രുക്കൾ’ എന്ന് വിശ്വസിക്കുന്നവരുടെ എണ്ണം കൂട്ടികൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റു വിരോധം പ്രചരിപ്പിക്കാനുള്ള വാഹനമായി സ്വന്തം മതത്തെ ഉപയോഗിക്കുന്നു എന്നതാണ് ബിജെപിക്കാരനെയും ജമാ അത്തെ ഇസ്‌ലാമിക്കാരനെയും മുസ്‌ലിം ലീഗുകാരനെയും ബന്ധിപ്പിക്കുന്ന ചേതോവികാരം. അതുതന്നെയാണ് കെ റെയിൽ പദ്ധതിക്കെതിരെ അണിനിരക്കാൻ അവരെ പ്രേരിപ്പിക്കുന്നതും.
ദൈവാധിഷ്ഠിത മനോഭാവവും ജനാധിപത്യ മനോഭാവവും തമ്മിലുള്ള വ്യത്യാസങ്ങൾ തിരിച്ചറിയാനാകാത്തവർ തങ്ങൾ പാർക്കുന്ന ഇടത്തെ വികസനപ്രവർത്തങ്ങളെ എതിർത്തുകൊണ്ടിരിക്കുകയും അത്തരം യുക്തിഹീനമായ എതിർപ്പുകളെ ന്യായികരിക്കാൻ മതത്തെ തന്നെ ആയുധമാക്കുമെന്നതിന്റെ സ്പഷ്ടമായ തെളിവാണ് കെ റെയിലിനോടു ബന്ധപ്പെട്ടു കണ്ടുവരുന്നത്. ബ്രിട്ടീഷുകാരുടെ സ്തുതിപാഠകരായി ബ്രിട്ടീഷുകാരാൽ സൃഷ്ടിക്കപ്പെട്ട കോൺഗ്രസ് കമ്മ്യൂണിസ്റ്റുവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്നവരുടെ കേവലം ഒരു കൂട്ടായ്മ മാത്രമാണിന്ന്. അതുകൊണ്ടുകൂടിയാണ് സംസ്ഥാനത്തിൻറെ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുകയെന്ന പദ്ധതിയിലൂടെ കോൺഗ്രസ്സുകാരുടെ കൂട്ടായ്മ അവർക്ക് നിലനിർത്താനാകുന്നത്.
കേരളത്തിൽ കോൺഗ്രസ്സുകാരനാകാനുള്ള യോഗ്യതയെന്നത് ഇടതു ഭരണകൂടം മുന്നോട്ടുവയ്ക്കുന്ന വികസനങ്ങളെ എതിർക്കുകയെന്നതുമാത്രമാണ്. ഭാരതത്തിൽ കോൺഗ്രസ് നിലനിൽക്കേണ്ടതിന്റേതായ ഒരാവശ്യവും അവശേഷിക്കുന്നില്ലായെന്നതിന്റെ പ്രതീകാത്മകതയാണ് കോൺഗ്രസ്സിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ പതാക നിലംപതിച്ചത്. കാലഹരണപ്പെട്ടതും ചത്തതിനൊത്തു ജീവിച്ചിരിക്കുകയും ചെയ്യുന്നവരാണ് കോൺഗ്രസുകാരെന്ന തിരിച്ചറിവ് നാളിതുവരെ പ്രവർത്തകർക്കുണ്ടായില്ലയെങ്കിലും പതാക സ്വയം പൊട്ടിവീണ് ആ തിരിച്ചറിവ് നിലനിർത്തി.
ദുഷിച്ച പാരമ്പര്യം നിലനിർത്താൻ ഉദ്യമിക്കുന്ന ഒരു അഖിലേന്ത്യാ സംഘടനയാണ് കോൺഗ്രസ്സ് എന്നാണ് വൈക്കം സത്യാഗ്രഹികൾ വിശേഷിപ്പിച്ചത് എന്നതുകൊണ്ടുതന്നെ കോൺഗ്രസ്സുകാരിൽ നിന്നും വിഭിന്നരല്ല മുസ്ലിം ലീഗുകാർ എന്ന് പറയാനാകും. ബ്രിട്ടീഷുകാരോടു കൂറുപുലർത്തികൊണ്ട് സ്വന്തം കാര്യങ്ങൾ നേടാൻ ബ്രിട്ടീഷുകാരുടെ സഹായ സഹകരണത്തോടെ സ്ഥാപിക്കപ്പെട്ട മുസ്‌ലിം ലീഗുകാരെ സംബന്ധിച്ച് വർഗീയത ഉൽപ്പാദിപ്പിക്കുന്ന “നല്ലനടപ്പുകാർ” മാത്രമാണവർ. എന്നാൽ ജമാ അത്തെ ഇസ്ലാമിയെപ്പോലുള്ള തീവ്ര വർഗീയ വാദികളുടെ പാതയിലുമാണവർ ഇന്ന് നിലയുറപ്പിച്ചിരിക്കുന്നത്.
പല വിഷയങ്ങളിലും താലിബാൻ വീക്ഷണമാണ് ജമാ അത്തെ ഇസ്‌ലാമി സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടുകൂടിയാണ് 'ദൈവിക ഭരണം' (ഹുകൂമത്തെ ഇലാഹി ) സ്ഥാപിക്കുകയെന്നതാണ് ആത്യന്തിക ലക്ഷ്യമെന്ന് ആദ്യകാലങ്ങളിൽ ജമാ അത്തെ ഇസ്‌ലാമി പറഞ്ഞത്. കേരളത്തിലെ സമാധാന പ്രിയരായ മുസ്ലിംവിശ്വാസികളെ സംബന്ധിച്ച് അതുകൊണ്ടുതന്നെ അത്തരം നിലപാടുകൾ സ്വീകാര്യവുമല്ല. സമസ്ത കേരള ജംയത്തുൽ ഉലമ അടക്കമുള്ള പണ്ഡിത സംഘടനകൾ ജമാ അത്തെ ഇസ്‌ലാമി ഒരു പിഴച്ച സംഘടനയാണെന്നാണ് ഫത്‌വ പുറപ്പെടുവിച്ചിട്ടുള്ളത്.
അതുകൊണ്ടുതന്നെ തങ്ങൾ പാർക്കുന്ന ഇടത്തിലെ വികസന പ്രവർത്തനങ്ങൾക്കെതിരെ നിലനിൽക്കാൻ യഥാർത്ഥ വിശ്വാസികൾക്കാകില്ലായെന്നുമാത്രമല്ല അർഹിക്കുന്ന അവക്ഞയോടെ അത്തരം ആളുകളുടെ പ്രവർത്തനങ്ങളെ തള്ളിക്കളയുകയും ചെയ്യും. ജനാധിപത്യ മര്യാദകൾ നിലനിർത്താനും, ജാതി-മത-രാഷ്ട്രീയ ചിന്തകൾക്കതീതമായി ദേശത്തിന്റെ വികസനത്തിനായി ആഗ്രഹിക്കുകയും ചെയ്യുന്നവരുടെ വർദ്ധനവ് കണ്ട് സ്ഥലകാലബോധം നഷ്ട്ടപ്പെട്ടവരാണ് അതിനു കാരണക്കാരായ കമ്മ്യൂണിസ്റുകാരെയും അവരാൽ നിലനിർത്തപ്പെടുന്ന ഇടതു ഭരണകൂടത്തിനെതിരെയും ഇറങ്ങിപ്പുറപ്പെട്ട് കേരളത്തിന്റെ സമഗ്ര വികസനത്തിനെതിരെ കുപ്രചരണങ്ങൾ അഴിച്ചുവിടുന്നത്.
ഒരു ദേശത്തിന്റെ സർവോന്മുഖ വികസനത്തിനുതന്നെ കാരണമായേക്കാവുന്ന സിൽവർ ലൈൻ പദ്ധതിയെ വെറും കമ്മ്യൂണിസ്റ്റു വിരോധം കൊണ്ടുമാത്രം എതിർക്കുന്നവരായി മാറുന്നതോടെ ഇത്തരക്കാർ പ്രതിനിധാനം ചെയ്യുന്ന സംഘടനകൾ രാഷ്ട്രീയ പാർട്ടികളെന്ന പേരിനെങ്കിലും അർഹരാണോയെന്ന് വിലയിരുതേണ്ടതാണ്. കാരണം, രാഷ്ട്രീയമെന്നാൽ രാഷ്ട്രത്തിന്റെ സർവോന്മുഖ വികസനമാണ്. അതുതന്നെയാണ് ഇടതു ഭരണകൂടവും ലക്ഷ്യം വയ്ക്കുന്നത്.
എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് കെ-റെയിൽ പദ്ധതി നിലവിൽ വരുകതന്നെ ചെയ്യും. കാരണം, അത് ജനങ്ങൾ ആഗ്രഹിക്കുന്നു. ജനങ്ങളുടെ ആഗ്രഹങ്ങൾക്കൊത്തുയരുന്ന ഒരു ഭരണകൂടമാണ് കേരളത്തിൽ നിലനിൽക്കുന്നതെന്നുകൊണ്ടു തന്നെ കുപ്രചരണങ്ങളുമായി കഴിയുന്നവരെ സംബന്ധിച്ചു ഭരണകൂട വിരുദ്ധത നിലനിർത്താൻ പുതിയ വഴികൾ തേടേണ്ടിവരും. അതുതന്നെയാണല്ലോ കാലങ്ങളായി ബിജെപി--ജമാ അത്ത് ഇസ്‌ലാമി- മുസ്ലിം ലീഗ്- കോൺഗ്രസ് വിഭാഗങ്ങൾ പിന്തുടരുന്നത്.
https://www.facebook.com/Malayalivartha























