സുധാകരനും പിന്നോട്ടില്ല... ഇടുക്കിയിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ കൊലപാതകം കെ. സുധാകരനെതിരെ തിരിഞ്ഞ് സിപിഎം; കൊലപാതക രാഷ്ട്രീയത്തിനെതിരെ വലിയ പ്രതിഷേധവുമായി നേതാക്കള്‍; സുധാകരന്റെ സുരക്ഷ വര്‍ധിപ്പിച്ചു

ഇടുക്കിയിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ കൊലപാതകം സംസ്ഥാനത്തെ രാഷ്ട്രീയം മാറി മറിയുകയാണ്. കൊലപാതക രാഷ്ട്രീയത്തിനെതിരെ ശക്തമായി സിപിഎം രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുമെതിരായ രാഷ്ട്രീയായുധമാക്കി മാറ്റിയിരിക്കുകയാണ് സി.പി.എം.
കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വത്തെ പ്രതിരോധത്തിലാക്കാനുള്ള തന്ത്രമാണ് സി.പി.എം പയറ്റുന്നത്. ടി.പി. ചന്ദ്രശേഖരന്‍ വധം, പെരിയ ഇരട്ടക്കൊല, ഷുക്കൂര്‍, ഷുഹൈബ് വധക്കേസുകള്‍ എന്നിവയെല്ലാമുയര്‍ത്തിപ്പിടിച്ച് സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രചാരണമഴിച്ചുവിട്ട കോണ്‍ഗ്രസ് നേതൃത്വത്തിന് അതേനാണയത്തില്‍ തിരിച്ചടി നല്‍കുകയാണ് സി.പി.എം ലക്ഷ്യമിടുന്നത്.
എന്നാല്‍ അടിക്കടി കൊലപാതകങ്ങളും അക്രമങ്ങളുമുണ്ടാകുമ്പോള്‍ കൈകാര്യം ചെയ്യേണ്ട പൊലീസിന്റെ നിഷ്‌ക്രിയത്വം ആഭ്യന്തരവകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും പരാജയമെന്ന് വരുത്തി പ്രത്യാക്രമണത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഇടുക്കി സംഭവത്തില്‍ പൊലീസിന്റെ സമയോചിത ഇടപെടലുണ്ടായില്ലെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നുമുള്ള ആരോപണം കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കളുയര്‍ത്തുന്നു.
അതേസമയം, കെ. സുധാകരന്റെ കണ്ണൂര്‍ ശൈലിയോടും സമൂഹമാദ്ധ്യമങ്ങളെ ഉപയോഗിച്ച് കെ.എസ് ബ്രിഗേഡ് നടത്തുന്ന പ്രതികരണങ്ങളോടുമെല്ലാം നേരത്തേ മുതല്‍ വിയോജിപ്പുള്ള കോണ്‍ഗ്രസിനകത്തെ ഒരുവിഭാഗം നേതാക്കളുടെ അസ്വാരസ്യങ്ങളെ മുതലെടുക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് സുധാകരനെതിരെ രാഷ്ട്രീയാക്രമണം കനപ്പിക്കാനുള്ള സി.പി.എമ്മിന്റെ ശ്രമം.
അതിനിടെ, കാമ്പസുകളില്‍ ഏറ്റവുമധികം ആക്രമണം നേരിട്ടിട്ടുള്ളത് കെ.എസ്.യു ആണെന്ന് വിശദീകരിക്കാനായി, താന്‍ കെ.എസ്.യു പ്രസിഡന്റായിരിക്കെ ഗാന്ധിമാര്‍ഗമാണ് അവലംബിച്ചിട്ടുള്ളതെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിപ്പിട്ടത് ഇതിനിടയില്‍ കോണ്‍ഗ്രസിനകത്ത് പലവിധ വ്യാഖ്യാനങ്ങള്‍ക്ക് വഴിയൊരുക്കി.
പുതിയ നേതൃത്വത്തിന്റെ രീതികളോട് പലതരത്തില്‍ വിയോജിച്ച് നില്‍ക്കുന്ന ചെന്നിത്തലയുടേത് സുധാകരനെതിരായ ഒളിയമ്പാണെന്ന വ്യാഖ്യാനമാണുയര്‍ന്നത്. എന്നാല്‍, അത്തരമൊരു ഉദ്ദേശ്യത്തോടെയല്ല കുറിപ്പെന്നാണ് മറുവാദം. ഇത് ചര്‍ച്ചയായതോടെ സുധാകരനെ ശക്തമായി പിന്തുണച്ച് വൈകിട്ടോടെ ചെന്നിത്തല പ്രസ്താവനയിറക്കി.
സുധാകരനെതിരായ സി.പി.എം ആരോപണങ്ങളെ പ്രതിരോധിച്ച് ഉമ്മന്‍ചാണ്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ എത്തിയതും കോണ്‍ഗ്രസ് ഔദ്യോഗിക നേതൃത്വത്തിന് പിന്‍ബലമായിട്ടുണ്ട്. ഇടുക്കിയിലെ കൊലപാതകത്തെ തള്ളിപ്പറഞ്ഞുതന്നെ, അതിലേക്ക് നയിച്ച സംഭവവികാസങ്ങളെപ്പറ്റി പാര്‍ട്ടി സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് സുധാകരന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി സംഭവവും സമീപകാലത്തേതടക്കം മറ്റ് കൊലപാതക, അക്രമ സംഭവങ്ങളുമെല്ലാമുയര്‍ത്തി പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും കടന്നാക്രമിക്കാനാണ് കോണ്‍ഗ്രസും യു.ഡി.എഫും തയ്യാറെടുക്കുന്നത്.
അരുംകൊല രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഒരു കാലത്തും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും, കൊലക്കത്തി ആദ്യം താഴെവയ്‌ക്കേണ്ടത് സി.പി.എമ്മാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം സുധാകരന് കമാന്‍ഡോകളടക്കമുള്ള സുരക്ഷ നല്‍കും. നിലവിലെ രണ്ട് ഗണ്‍മാന്‍മാരുടെ സുരക്ഷയ്ക്ക് പുറമെയാണിത്. ലോക്കല്‍ പൊലീസിന്റെ സുരക്ഷാ സംവിധാനം, പങ്കെടുക്കുന്ന പരിപാടികളിലെല്ലാം സ്‌പെഷല്‍ ബ്രഞ്ച് നിരീക്ഷണം എന്നിവയും ഏര്‍പ്പെടുത്തി. സുധാകരന്റെ വീട്ടിലേക്കു സി.പി.എം മാര്‍ച്ച് നടത്തിയ സാഹചര്യത്തില്‍ വീടിനും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
"
https://www.facebook.com/Malayalivartha


























