14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍

കൊച്ചി ലിസി ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിജയകരം. മലപ്പുറം സ്വദേശിയായ 14 കാരിയില്‍ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു തുടങ്ങി. 9 മണിയോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു ശസ്ത്രക്രിയ. അടുത്ത 48 മണിക്കൂര്‍ പ്രധാനപ്പെട്ടതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
മലപ്പുറം സ്വദേശിയായ 14 വയസുകാരിക്കാണ് ഹൃദയം നല്‍കിയത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്ന് എയര്‍ ആംബുലന്‍സി ഹൃദയം കൊച്ചി ലിസി ആശുപത്രിയില്‍ എത്തിച്ചായിരുന്നു ശസ്ത്രക്രിയ.
കഴക്കൂട്ടം ടെക്‌നോ പാര്‍ക്കില്‍ ഐ ടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന ജയി ജയകുമാര്‍ ഏപ്രില്‍ രണ്ടിന് ശ്രീകാര്യത്തെ വീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയി ജയകുമാറിന്റെ മസ്തിഷ്‌കരണം ഇന്നലെ സ്ഥിരീകരിച്ചു. പിന്നാലെ അവയവദാനത്തിന് ബന്ധുക്കള്‍ കെസോട്ടോയെ സമ്മതം അറിയിക്കുകയായിരുന്നു.
ഒരു വൃക്കയും കരളും തിരുവനന്തപുരം കിംസിലേക്കും മറ്റൊരു വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഉള്ള രോഗിക്കും മാറ്റിവയ്ക്കും. നേത്രപടലങ്ങള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കും ദാനം ചെയ്തു.
https://www.facebook.com/Malayalivartha



























