വീണ്ടും ടെന്‍ഷനിലേക്ക്... പരസ്പരം ആരോപണം ഉന്നയിച്ച് ദിലീപും ബാലചന്ദ്രകുമാറും; പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം, ദിലീപിനെതിരെ കൂടുതല്‍ പേര്‍ രംഗത്തെത്തുമെന്ന് ബാലചന്ദ്രകുമാര്‍; അന്വേഷണ ഉദ്യോഗസ്ഥനും ബാലചന്ദ്രകുമാറും തമ്മില്‍ ഗൂഢാലോചന നടന്നതായി ദിലീപ്

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ വീണ്ടും ദിലീപിന് കുരുക്ക് മുറുകുകയാണ്. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. അതേസമയം ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. അത്കഴിഞ്ഞ് എന്താകുമെന്ന ആകാംക്ഷ ബാക്കിയാണ്.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അന്തിമ ഘട്ടത്തില്‍ എത്തിയപ്പോള്‍ അതിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് എന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനും ബാലചന്ദ്രകുമാറും തമ്മിലുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നില്‍. സംഭവം നടന്ന് നാല് വര്‍ഷത്തിന് ശേഷമാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിക്കും പോലീസിനും നല്‍കിയ പരാതിയില്‍ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കാര്യം ബാലചന്ദ്രകുമാര്‍ പറയുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയ മൊഴിയിലാണ് സംവിധായകന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇത് കരുതിക്കൂട്ടിയുള്ളതാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.
അതേസമയം കേസില്‍ തെളിവുകള്‍ വ്യാജമല്ലെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞു. കേസില്‍ ആറാമനെന്ന് പറയപ്പെടുന്ന വിഐപി നടന്‍ ദിലീപുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന ആളാണെന്ന് ബാലചന്ദ്രകുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇദ്ദേഹം ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണ്. ഒരു മന്ത്രിയുടെ സാന്നിധ്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ ചീത്ത വിളിക്കണമെന്ന് പറയുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ മേഖലകളിലും സ്വാധീനമുള്ളയാള്‍ എന്ന നിലയ്ക്കാണ് അയാളെ വിഐപി എന്ന് വിശേഷിപ്പിച്ചതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ ഇതുവരെ പുറത്തുവന്നത് മലഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും, വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ തെളിവുകളുമായി രംഗത്തുവരുമെന്നും നടന്‍ ദിലീപിനെതിരെ ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞു.
ഗൂഢാലോചനക്കേസില്‍ ദിലീപിനെതിരായ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറി. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ വിശദമായ തെളിവുകള്‍ കൈവശമുണ്ട്. ഇക്കാര്യങ്ങളടക്കം ഇന്ന് കോടതിയെ ബോധിപ്പിക്കുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പ്രതികള്‍ ആലുവ കൊട്ടാരക്കടവിലുള്ള ദിലീപിന്റെ 'പത്മസരോവരം' വീട്ടില്‍ ഗൂഢാലോചന നടത്തിയതെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. രഹസ്യമൊഴി ഇന്ന് എറണാകുളം ഫസ്റ്റ് ക്‌ളാസ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതി രേഖപ്പെടുത്തും.
ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ശേഷം തനിക്ക് ഭീഷണിയുണ്ടെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപിന്റെ സുഹൃത്തായ നിര്‍മ്മാതാവ് തന്റെ വീടിനെക്കുറിച്ചും മറ്റും അന്വേഷിച്ചതിന്റെ തെളിവുണ്ട്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഭീഷണി ഭയന്നാണ് പലരും ദിലീപിനെതിരെ സാക്ഷി പറയാത്തത്. കേസിലെ പ്രതി പള്‍സര്‍ സുനിയടക്കം പുറത്തിറങ്ങിയാല്‍ വക വരുത്തും.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപ്, വീട്ടില്‍ വച്ച് സഹോദരന്‍ അടക്കമുള്ളവരോട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെങ്കിലും ചെയ്യണമെന്നും, എസ്.പി കെ.എസ് സുദര്‍ശന്റെ കൈ വെട്ടണമെന്നും പറഞ്ഞിട്ടുണ്ട്. സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിന് തെളിവുണ്ട്. കൂറുമാറ്റാന്‍ സാമ്പത്തികവും കായികവുമായ ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























