അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി തിരുവാഭരണ ഘോഷയാത്ര ഇന്ന് പന്തളത്തു നിന്ന് പുറപ്പെടും, വെള്ളിയാഴ്ച സന്നിധാനത്തെത്തും, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മകരവിളക്ക് ദര്‍ശനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍

അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി തിരുവാഭരണ ഘോഷയാത്ര ഇന്ന് പന്തളത്തു നിന്ന് പുറപ്പെടും . കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മകരവിളക്ക് ദര്‍ശനത്തിന് കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.
ശബരിമല സന്നിധാനം പമ്പ എന്നിവിടങ്ങളില്‍ മകരവിളക്ക് കാണാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തിലെ തിരുവാഭരണ മാളികയില്‍ നിന്നും തിരുവാഭരണങ്ങള്‍ വലിയകോയിക്കല്‍ ക്ഷേത്രത്തിലേക്ക് മാറ്റുകയും ഇവിടെ ഭക്തര്‍ക്ക് തിരുവാഭരണ ദര്‍ശനം നടത്താന്‍ അവസരമുണ്ടാകും.
10 മണിയോടെ പന്തളം വലിയ തമ്പുരാന്‍ രേവതി തിരുനാള്‍ പി രാമരാജയും രാജപ്രതിനിധി മൂലം നാള്‍ രാഘവവര്‍മ്മയും തിരുവാഭരണം മാളികയില്‍ നിന്നും സ്വീകരിച്ച് ക്ഷേത്രത്തില്‍ എത്തിക്കും. 12:30 ന് ഉച്ചപൂജക്ക് ശേഷം ഘോഷയാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങും. ഉച്ചയ്ക്ക് ഒരുമണിക്കാണ് ആഭരണപ്പെട്ടികള്‍ ശിരസിലേറ്റി ഗുരുസ്വാമി കുളത്തിനാലില്‍ ഗംഗാധരന്‍പിള്ളയും സംഘവും ശബരിമലയിലേക്ക് നീങ്ങുക.
പന്തളം വലിയതമ്പുരാന്‍ പി.രാമവര്‍മരാജയുടെ പ്രതിനിധിയായി പി.രാജരാജവര്‍മയാണ് ഇത്തവണ ഘോഷയാത്രയെ നയിക്കുന്നത്. പരമ്പരാഗത തിരുവാഭരണ പാതയിലൂടെ നിരവധി തീര്‍ത്ഥാടകരുടെ അകമ്പടിയില്‍ 14 ന് ഘോഷയാത്ര സന്നിധാനത്ത് എത്തും.
ആദ്യദിവസം അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തില്‍ വിശ്രമിക്കുന്ന സംഘം രണ്ടാംദിവസം വടശ്ശേരിക്കര, പെരുനാട് വഴി ളാഹ വനംവകുപ്പ് സത്രത്തിലെത്തി വിശ്രമിക്കും. മൂന്നാംദിവസം കാനനപാതയിലൂടെ യാത്രചെയ്യുന്ന സംഘം വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് പമ്പ വഴി വെള്ളിയാഴ്ച സന്നിധാനത്തെത്തും.
പാണ്ടി താവളത്തില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുമെങ്കിലും പര്‍ണശാലകള്‍ കെട്ടാനോ പാചകത്തിനോ അനുമതി ഉണ്ടാകില്ല. സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ദേവസ്വം ബോര്‍ഡും അയ്യപ്പസേവാസംഘവും ഇരുപത്തിനാല് മണിക്കൂര്‍ സമയവും അന്നദാനം നടത്തും. മകരവിളക്ക് കഴിഞ്ഞ് സന്നിധാനത്ത് തങ്ങുന്ന തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രയകള്‍ ഇന്ന് വൈകിട്ട് സന്നിധാനത്ത് തുടങ്ങും. രണ്ട് ദിവസം കൊണ്ട് ശുദ്ധിക്രിയകള്‍ പൂര്‍ത്തിയാകും.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.29ന് മകരസംക്രമപൂജയും സംക്രാഭിഷേകവും നടക്കും. മകരവിളക്ക് ദിവസം പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് വരുന്ന തീര്‍ത്ഥാടകര്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടാകും
വൈകീട്ട് ആറുമണിയോടെ സന്നിധാനത്തെത്തി ആഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവാഭരണം ഘോഷയാത്രയ്ക്ക് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























