ആംബുലന്‍സില്‍ സൈറന്‍ മുഴക്കി വധൂവരന്മാരുടെ വിവാഹ യാത്ര, വാഹനം പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്, ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ പെർമിറ്റും സസ്പെൻഡ് ചെയ്യും

ആംബുലൻസ് ദുരുപയോഗം ചെയ്ത് സൈറന്‍ മുഴക്കി വധൂവരന്മാർ വിവാഹ യാത്ര ചെയ്ത സംഭവത്തിൽ നടപടി. ആംബുലൻസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. കായംകുളം കറ്റാനത്താണ് ആംബുലൻസിൽ വധൂവരന്മാർ യാത്ര ചെയ്തത്. ആംബുലൻസ് ഉടമയ്‌ക്കും ഡ്രൈവർക്കും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് നോട്ടീസ് നൽകി.
സൈറൻ മുഴക്കിക്കൊണ്ട് വധൂവരന്മാരെ കൂട്ടി വിവാഹയാത്ര നടത്തിയതിനാണ് നടപടി. സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് ജില്ലാ ആർടിഒ സജി പ്രസാദ് അറിയിച്ചു. ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ പെർമിറ്റും സസ്പെൻഡ് ചെയ്യുമെന്നും എംവിഡി വ്യക്തമാക്കി.
കായംകുളം ഏയ്ഞ്ചൽ ആംബുലൻസ് സർവീസിന്റെ വാഹനമാണ് വിവാഹയാത്രയ്‌ക്കായി ഉപയോഗിച്ചത്. അത്യാഹിത സമയത്ത് ആളുകളെ കൊണ്ടുപോകുന്നതിന് സമാന രീതിയിലാണ് സൈറൻ മുഴക്കി വധൂവരന്മാർ യാത്ര ചെയ്തത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.സംഭവത്തിൽ പരാതിയുമായി ആംബുലൻസ് ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എംവിഡി വാഹനം പിടിച്ചെടുത്തത്.
https://www.facebook.com/Malayalivartha


























