ഗുണ്ടകളെ അകത്താക്കാൻ യുവ എസ്ഐമാർ; സ്റ്റേഷൻ ഭരണം എസ്ഐമാർക്ക് തിരികെ നൽകാനുള്ള നടപടികൾ വേഗത്തിലാക്കി

ഗുണ്ടാ സംഘങ്ങളെ പൂട്ടാൻ യുവ എസ്ഐമാരെ രംഗത്തിറക്കാനൊരുങ്ങി കേരള പൊലീസ്. സി-കാറ്റഗറിയിലെ 120 സ്റ്റേഷനുകളുടെ ഭരണം എസ്ഐമാർക്ക് ഉടൻ തിരികെ നൽകാനുള്ള നടപടികളാണ് ഇപ്പോൾ വേഗത്തിലാക്കുന്നത്. രണ്ട് സ്റ്റേഷനുകൾക്ക് സിഐയുടെ മേൽനോട്ടമാണ് ഫലപ്രദമെന്ന് വിലയിരുത്തിയ പൊലീസ് ആസ്ഥാനം, എസ്ഐമാർക്ക് സ്റ്റേഷൻ ഭരണം നൽകുന്നതിനൊപ്പം സിഐമാരുടെ മേൽനോട്ടം പുനഃസ്ഥാപിക്കാനും സർക്കാരിനോട് ആവശ്യപ്പെടും.
പത്തുവർഷം വരെ എസ്ഐയായിരുന്ന ശേഷം ഇൻസ്പെക്ടറായവരെ സ്റ്റേഷനിൽ എസ്ഐ ജോലി ചെയ്യിക്കുകയാണിപ്പോൾ. കരുതലോടെ പ്രവർത്തിക്കുന്ന ഇൻപെക്ടർമാർ, ഗുണ്ടകളെ വേട്ടയാടുന്നതിലടക്കം പിറകിലാണ്. രണ്ടും മൂന്നും എസ്ഐമാർ സ്റ്റേഷനുകളിലുണ്ടെങ്കിലും അപ്രധാന ചുമതലകളാണ് നൽകുക. സ്റ്റേഷൻ ഭരണം നഷ്ടമായതോടെ എസ്ഐമാർ ഉശിരുകാട്ടുന്നുമില്ല.
ഗുണ്ടകളെ ഒതുക്കാൻ ഡിജിപി അനിൽകാന്ത് പ്രഖ്യാപിച്ച 'ഓപ്പറേഷൻ കാവൽ' പരാജയപ്പെട്ടു. കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടകളെ നിരീക്ഷിക്കാനും കഴിയുന്നില്ല. ഇതെല്ലാം പരിഗണിച്ചാണ് എസ്.ഐമാർക്ക് സ്റ്റേഷൻ ഭരണം തിരികെ നൽകാനൊരുങ്ങുന്നത്.
https://www.facebook.com/Malayalivartha


























