'സിനിമാ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണം'; സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് കത്തുനല്‍കി സംസ്ഥാന വനിതാ കമ്മീഷന്

സിനിമാ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന വനിതാ കമ്മീഷന്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് കത്തുനല്‍കി. സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ കമ്മീഷന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കത്ത് നല്‍കിയത്. സിനിമാ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് ഡബ്ല്യുസിസി പരാതി നല്‍കിയിരുന്നു.
സിനിമാ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് ഡബ്ല്യുസിസി വനിതാ കമ്മീഷനെ നേരില്‍കണ്ട് പരാതി അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ സിനിമാ മേഖലയിലെ സ്ത്രീസുരക്ഷയ്ക്കായി സമഗ്ര നിയമനിര്‍മ്മാണം വേണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ആഭ്യന്തര പരാതി പരിഹാരത്തിനായി പ്രൊഡക്ഷന്‍ ഹൗസുകള്‍ കമ്മിറ്റികള്‍ രൂപീകരിക്കാത്തതിനെതിരെ ഡബ്ല്യുസിസി അംഗങ്ങള്‍ നിരവധി തവണ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഉയര്‍ന്നത്. സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ചുകൊണ്ട് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തതിലും ഡബ്ല്യുസിസി അംഗങ്ങള്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കുന്നതിന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്നും ഡബ്ല്യുസിസി വ്യക്തമാക്കി. ഇത്തരം സെല്ലുകള്‍ രൂപീകരിക്കാന്‍ സുപ്രീംകോടതി മുന്‍പ് തന്നെ നിര്‍ദേശിച്ചതാണെന്നും ഡബ്ല്യുസിസി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























