മോഹന്‍ലാലിന്റെ 'ശാന്തിഭവനം' പദ്ധതിയുടെ ആദ്യ വീടിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു

മോഹന്‍ലാലിന്റെ ജീവകാരുണ്യ പ്രസ്ഥാനമായ വിശ്വശാന്തി ഫൗണ്ടേഷന്റെ 'ശാന്തിഭവനം' പദ്ധതിയുടെ ആദ്യ വീടിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. ടാര്‍പോളിന്‍ കെട്ടിയ വീട്ടില്‍ താമസിക്കവെ ഇടിമിന്നലേറ്റ് ദാരുണമായി മരിച്ച അജ്‌ന ജോസിന്റെ കുടുംബത്തിനാണ് ശാന്തിഭവനം പദ്ധതിയുടെ ആദ്യ വീട് കൈമാറിയത്. സോഷ്യല്‍ മീഡിയ വഴി മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അജ്‌നയെ തങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എപ്പോഴും ഓര്‍ക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
സമൂഹത്തിലെ നിര്‍ദ്ധനരായവര്‍ക്ക് ഗുണമേന്മയുള്ള വീട് നല്‍കാനുള്ള വിശ്വശാന്തിയുടെ സംരംഭമാണ് ശാന്തിഭവനമെന്നും ഇത് സാധ്യമാക്കാന്‍ തങ്ങളോടൊപ്പം പ്രവര്‍ത്തിച്ച ലാല്‍ കെയേഴ്‌സ് കുവൈത്തിന് ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ശാന്തിഭവനം പദ്ധതിയിലൂടെ, ആവശ്യക്കാരായ കൂടുതല്‍ പേരെ സഹായിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹത്തെ കൂട്ടിച്ചേര്‍ത്തു.
കോവിഡ് രണ്ടാം തരംഗത്തിലും വിശ്വശാന്തി ഫൗണ്ടേഷന്‍ സജീവ ഇടപെടലുകളുമായി രംഗത്തുണ്ടായിരുന്നു. സര്‍ക്കാര്‍ സ്വകാര്യ, കോപ്പറേറ്റീവ് മേഖലകളിലുള്ള വിവിധ ആശുപത്രികളിലായി, ഓക്‌സിജന്‍ ലഭ്യതയുള്ള 200ലധികം കിടക്കകള്‍, വെന്റിലേറ്റര്‍ സംവിധാനത്തോടു കൂടിയ പത്തോളം ഐ സി യു ബെഡ്ഡുകള്‍, എക്‌സ് റേ മെഷിനുകള്‍ എന്നിവ ഫൗണ്ടേഷന്‍ നല്‍കി.
https://www.facebook.com/Malayalivartha


























