പൊല്ലാപ്പായി കഥയെഴുത്ത്... സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി ജോയിന്റ് ഡയറക്ടര്‍ തുടരന്വേഷണ സാധ്യത ആരാഞ്ഞു; ഇഡി അന്വേഷണത്തിനു തടയിടാന്‍ സര്‍ക്കാര്‍ പൊലീസിനെയും ക്രൈംബ്രാഞ്ചിനെയും ഉപയോഗിച്ചെന്ന വാദം പൊടിതട്ടിയെടുക്കുന്നു

സസ്‌പെന്‍ഷന്‍ പിന്‍വലിച്ച സര്‍ക്കാരിന് തന്നെ പാരയായി എം ശിവശങ്കര്‍. വെറുതെ പുസ്തകമെഴുതി സ്വപ്നയുടെ തുറന്നു പറച്ചിലിന് വേദിയാകുകയായിരുന്നു ശിവശങ്കര്‍. അതാകട്ടെ സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനും കാരണമായി. ചികിത്സ കഴിഞ്ഞ് ഇന്നലെ കണ്ണൂരിലെത്തിയ മുഖ്യമന്ത്രിയെ യുവമോര്‍ച്ചക്കാര്‍ കരിങ്കൊടിയും കാട്ടി.
അതിനിടെ സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി ജോയിന്റ് ഡയറക്ടര്‍ തുടരന്വേഷണ സാധ്യത ആരാഞ്ഞു വിശദമായ റിപ്പോര്‍ട്ട് ന്യൂഡല്‍ഹിയിലെ ഇഡി ആസ്ഥാനത്തു സമര്‍പ്പിക്കും. കേസന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല ഉണ്ടായിരുന്ന ഇഡി സ്‌പെഷല്‍ ഡയറക്ടര്‍ക്കാണു റിപ്പോര്‍ട്ട് നല്‍കുക. സ്വപ്ന കോടതിയില്‍ നല്‍കിയ 164 സ്‌റ്റേറ്റ്‌മെന്റിലെ വിവരങ്ങളും ചോദ്യം ചെയ്യലില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറിയ ചില കാര്യങ്ങളുമാണ് ഇപ്പോള്‍ പരസ്യമാക്കിയത്.
സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന്റെ തുറന്നുപറച്ചിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു കരുത്തായത്. സ്വര്‍ണക്കടത്തു കേസ് അന്വേഷണത്തിനു തടയിടാന്‍ സര്‍ക്കാര്‍ പൊലീസിനെയും ക്രൈംബ്രാഞ്ചിനെയും ഉപയോഗിച്ചെന്ന ഇഡിയുടെ ആരോപണത്തിനു തെളിവാകുകയാണു സ്വപ്നയുടെ തുറന്നുപറച്ചിലുകള്‍.
മുഖ്യമന്ത്രിയെ കേസിലേക്കു വലിച്ചിഴയ്ക്കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായി 2 കേസുകളാണു െ്രെകംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്തത്. ഇത് ഇഡിയും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള നിയമ പോരാട്ടത്തിനും വഴിവച്ചു. ഈ കേസുകളില്‍ ഇഡിക്ക് എതിരായുള്ള എഫ്‌ഐആര്‍ ഹൈക്കോടതി പിന്നെ റദ്ദാക്കിയെങ്കിലും വിടാന്‍ കൂട്ടാക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോയി. മുഖ്യമന്ത്രിയുടെ പേരു പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തനിക്കു മേല്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും രക്ഷിക്കാമെന്നു ശിവശങ്കര്‍ പറഞ്ഞു എന്നറിയിച്ച് ഡ്യൂട്ടി പൊലീസ് ഉദ്യോഗസ്ഥയാണു തന്നെക്കൊണ്ട് അപ്രകാരം പറയിപ്പിച്ചതെന്നുമാണു സ്വപ്നയുടെ വെളിപ്പെടുത്തല്‍.
മുഖ്യമന്ത്രിയെ കേസില്‍പ്പെടുത്താന്‍ ഇഡി ശ്രമിക്കുന്നുവെന്ന ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തു പൊലീസ് പുറത്തുവിട്ടെന്നു സ്വപ്ന ആരോപിക്കുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്ന കേസില്‍ ഇഡിക്ക് ഇതൊരു പിടിവള്ളിയാകും. കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നവര്‍, ഇഡിയുടെ കസ്റ്റഡിയിലിരിക്കുന്ന പ്രതിയെക്കൊണ്ട് ഇപ്രകാരം പറയിപ്പിച്ചു ശബ്ദരേഖ പുറത്തുവിട്ട ആസൂത്രണം എന്നിവ വിശദമായി അന്വേഷിക്കണമെന്ന ആവശ്യവും കേന്ദ്ര ഏജന്‍സി കോടതിക്കു മുന്നില്‍ ഉന്നയിക്കും. ഇതെല്ലം വ്യക്തമാക്കിയാണ് ഇഡി റിപ്പോര്‍ട്ട് നല്‍കുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ കണക്കിലെടുത്ത് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തുടരന്വേഷണം ആരംഭിക്കണമെന്നാണ് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ പറയുന്നത്. വ്യാജരേഖ തയാറാക്കി സ്വപ്ന സുരേഷിന് ഐടി വകുപ്പില്‍ നിയമനം തരപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ ആണെന്നത് ഗൗരവമായ വെളിപ്പെടുത്തലാണ്. ക്രിമിനല്‍ കേസുകളില്‍ നിന്നു കുറ്റവിമുക്തനാകാത്ത ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് സര്‍ക്കാരിന്റെ ഗുരുതരമായ കൃത്യവിലോപമാണെന്നും ഹസന്‍ പറഞ്ഞു.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളോടുള്ള പിണറായി സര്‍ക്കാരിന്റെ മൗനം കുറ്റസമ്മതമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ കേരള പൊലീസാണു തന്റെ പേരില്‍ വ്യാജ ശബ്ദരേഖയുണ്ടാക്കിയതെന്ന സ്വപ്നയുടെ തുറന്നു പറച്ചില്‍ ഗൗരവതരമാണ്. വ്യാജ ശബ്ദരേഖ സൃഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണവും സര്‍ക്കാര്‍ ഇടപെട്ടു കോടതിയില്‍ തടഞ്ഞിരിക്കുകയാണ്. അതിനെതിരെ സുപ്രീം കോടതിയില്‍ വരെ സിബിഐ പോയിരുന്നു. യുഎഇ കോണ്‍സല്‍ ജനറലും എം. ശിവശങ്കറും ചേര്‍ന്നു കമ്മിഷന്‍ തട്ടാന്‍ വേണ്ടി യൂണിടാക്കിനു നല്‍കുകയായിരുന്നുവെന്ന സ്വപ്നയുടെ വെളിപ്പെടുത്തല്‍ ആ കേസിലും വഴിത്തിരിവാണ്.
" fr
https://www.facebook.com/Malayalivartha

























