തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ ഓരോ വാര്‍ഡിലും പോളിങ് സ്‌റ്റേഷന്‍ ഏര്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം

പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പുതുതായി നിലവില്‍ വന്നതോ പുന:സംഘടിപ്പിച്ചതോ ആയ തദ്ദേശ സ്ഥാപനങ്ങളില്‍ ഓരോ വാര്‍ഡിലും കുറഞ്ഞത് ഒരു പോളിങ് സ്‌റ്റേഷനെങ്കിലും ഏര്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശം നല്‍കി. ഇവയിലെ പോളിങ് സ്‌റ്റേഷനുകള്‍ നിശ്ചയിക്കുന്നതിന് വിശദാംശങ്ങള്‍ അറിയിക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൂടിയായ ജില്ലാ കലക്ടര്‍മാരോടാണ് നിര്‍ദേശിച്ചത്. മൂന്നുദിവസത്തിനകം വിവരങ്ങള്‍ ലഭ്യമാക്കണം.
ഗ്രാമപഞ്ചായത്തുകളില്‍ പരമാവധി 1100ഉം മുനിസിപ്പാലിറ്റി / കോര്‍പറേഷനുകളില്‍ 1500ഉം വോട്ടര്‍മാര്‍ക്ക് ഒരു പോളിങ് സ്‌റ്റേഷന്‍ എന്ന ക്രമത്തില്‍ വേണം ക്രമീകരിക്കേണ്ടത്. വോട്ടര്‍മാരുടെ സൗകര്യം പരിഗണിച്ചുവേണം പോളിങ് സ്‌റ്റേഷന്‍ നിശ്ചയിക്കാന്‍.
സര്‍ക്കാര്‍/ തദ്ദേശ സ്വയംഭരണ സ്ഥാപനം/ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ കെട്ടിടങ്ങള്‍ ലഭ്യമാണെങ്കില്‍ അവക്ക് മുന്‍ഗണന നല്‍കണം. സ്ഥലസൗകര്യം, വൈദ്യുതി, കുടിവെള്ളം, ശൗചാലയം, യാത്രാസൗകര്യം എന്നിവ ഉറപ്പാക്കണം. കെട്ടിട നമ്പറുകളുടെ അടിസ്ഥാനത്തില്‍ പോളിങ് പ്രദേശം കൂടി കലക്ടര്‍മാര്‍ നിശ്ചയിക്കണം.പുതുതായി രൂപവത്കരിച്ച 28 മുനിസിപ്പാലിറ്റികളിലും കണ്ണൂര്‍ കോര്‍പറേഷനിലും പുനസംഘടിപ്പിച്ച മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കി സംസ്ഥാന ഡീലിമിറ്റേഷന്‍ കമീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശം. പുതിയതോ പുനസംഘടിപ്പിച്ചതോ ആയ തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ വാര്‍ഡ് വിഭജനപ്രകാരം പോളിങ് സ്‌റ്റേഷനുകള്‍ നിശ്ചയിക്കാന്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ മുഖേനയാണ്.
കൊട്ടാരക്കര, പന്തളം, ഹരിപ്പാട്, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, കട്ടപ്പന, പിറവം, കൂത്താട്ടുകുളം, വടക്കാഞ്ചേരി, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട്, താനൂര്‍, പരപ്പനങ്ങാടി, വളാഞ്ചേരി, തിരൂരങ്ങാടി, പയ്യോളി, രാമനാട്ടുകര, കൊടുവള്ളി, മുക്കം, കൊണ്ടോട്ടി, ഫറോക്ക്, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, ഇരിട്ടി, പാനൂര്‍, ശ്രീകണ്ഠാപുരം, ആന്തൂര്‍ എന്നിവയാണ് പുതുതായി രൂപവത്കരിച്ച മുനിസിപ്പാലിറ്റികള്‍.
കൊല്ലം മുനിസിപ്പല്‍ കോര്‍പറേഷന്‍, തളിപ്പറമ്പ്, നീലേശ്വരം മുനിസിപ്പാലിറ്റികള്‍, പടന്ന, പള്ളിപ്പാട്, കാര്‍ത്തികപ്പള്ളി, ചിങ്ങോലി, തൃക്കടീരി, തെങ്കര ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ് പുനര്‍നിര്‍ണയിച്ച തദ്ദേശ സ്ഥാപനങ്ങള്‍. കണ്ണൂരാണ് പുതുതായി നിലവില്‍വന്ന കോര്‍പറേഷന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























