സ്‌കൂള്‍ ബസ് റയില്‍വേ ഗേറ്റ് തകര്‍ത്തു ട്രാക്കിനടുത്ത്; ട്രെയിന്‍ പിടിച്ചിട്ടതു മൂലം ദുരന്തം ഒഴിവായി

അന്‍പതോളം വിദ്യാര്‍ഥികളുമായി അമിതവേഗത്തില്‍ വന്ന സ്‌കൂള്‍ ബസ് ലെവല്‍ക്രോസിനടുത്ത് വച്ച് നിയന്ത്രണം വിട്ട്, അടച്ചിട്ടിരുന്ന റയില്‍വേ ഗേറ്റ് ഇടിച്ചു തകര്‍ത്തു ട്രാക്കിനു തൊട്ടടുത്തെത്തി. പുറപ്പെടാന്‍ സിഗ്‌നല്‍ കാത്ത് അടുത്ത സ്‌റ്റേഷനില്‍ കിടന്നിരുന്ന ട്രെയിന്‍, ഗേറ്റ് കീപ്പറുടെ അവസരോചിത ഇടപെടലിനെത്തുടര്‍ന്ന് അവിടെ പിടിച്ചിട്ടതു മൂലം വന്‍ ദുരന്തം ഒഴിവായി.
നെയ്യാറ്റിന്‍കര-ബാലരാമപുരം സ്‌റ്റേഷനുകള്‍ക്കിടയിലെ ആലുവിള തലയല്‍ റയില്‍വേ ഗേറ്റില്‍ ഇന്നലെ വൈകിട്ട് 3.50-നാണു സംഭവം. നെല്ലിമൂട് ന്യൂ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. നാഗര്‍കോവില്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിന്‍ കടത്തിവിടാന്‍ ഗേറ്റ് അടച്ചിട്ട ഉടനെയാണു ബസ് എത്തിയത്. ഗേറ്റിനു സമീപം കുട്ടികളെ ഇറക്കിയ ശേഷം ബസ് എടുത്തപ്പോള്‍ നിയന്ത്രണം വിടുകയായിരുന്നു.
ഗേറ്റ് ഇടിച്ചു തകര്‍ത്തു റയില്‍വേ ലൈനിനു തൊട്ടടുത്ത് എത്തിയപ്പോഴേക്കും ബസിന്റെ മുന്‍വശത്തെ വീല്‍ സമീപത്തെ ഓടയില്‍ കുടുങ്ങി. ഇല്ലായിരുന്നെങ്കില്‍ ബസ് മറുവശത്തെ ഗേറ്റും തകര്‍ത്ത് അവിടെ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ ചെന്നുകയറുമായിരുന്നെന്നു നാട്ടുകാര്‍ പറഞ്ഞു. കുട്ടികളുടെ നിലവിളി കേട്ടു തിരിഞ്ഞുനോക്കിയ വനിതാ ഗേറ്റ് കീപ്പര്‍ കെ. ലത ഉടനെ ഫോണിലൂടെ രണ്ടു കിലോമീറ്റര്‍ മാത്രം അകലെയുള്ള നെയ്യാറ്റിന്‍കര റയില്‍വേ സ്‌റ്റേഷനില്‍ വിവരം അറിയിച്ചു.
പുറപ്പെടാന്‍ തയാറായി നിന്ന ട്രെയിന്‍ അവിടെ ഒന്നേകാല്‍ മണിക്കൂറോളം പിടിച്ചിട്ടു. ഈ സമയം കൊണ്ടു നാട്ടുകാരും റയില്‍വേ ജീവനക്കാരും ചേര്‍ന്നു കുട്ടികളെയെല്ലാം ബസില്‍ നിന്നു മാറ്റി. ട്രെയിന്‍ നിര്‍ത്തിയിട്ടില്ലായിരുന്നുവെങ്കില്‍, കുട്ടികളെ ഇറക്കുന്നതിനിടെ ട്രെയിന്‍ പാഞ്ഞെത്തിയേനെ.
ഇതിനിടെ, ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ചില റയില്‍വേ കരാര്‍ ജീവനക്കാര്‍ 600 മീറ്ററോളം ട്രാക്കിലൂടെ ഓടി എന്‍ജിന്‍ ഡ്രൈവര്‍ക്ക് അപായ സൂചന നല്‍കാന്‍ ചുവന്ന കൊടിയും സ്ഥാപിച്ചിരുന്നു. ഗേറ്റ് കീപ്പറുടെ മനഃസാന്നിധ്യവും ജീവനക്കാരുടെയും നാട്ടുകാരുടെയും അവസരോചിത ഇടപെടലും മൂലമാണു വലിയൊരു അപകടം ഒഴിവായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























