ബുള്ളറ്റ് മോഷ്ടാവ് സെബിന്‍ സ്റ്റാലിന് ഒരു വര്‍ഷം കഠിന തടവും അയ്യായിരം രൂപ പിഴയും ശിക്ഷ... തമ്പാനൂര്‍ സ്റ്റേഷനില്‍ ഫിംഗര്‍ പ്രിന്റെടുക്കവേ ജി ഡി ചാര്‍ജിനെ പിടിച്ചു തള്ളി മതില്‍ ചാടി രക്ഷപ്പെട്ട പ്രതി വഴുതക്കാട് ആല്‍ത്തറ ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച കേസിലാണ് ശിക്ഷ

കുപ്രസിദ്ധ ബുള്ളറ്റ് മോഷ്ടാവ് സെബിന്‍ സ്റ്റാലിന് തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു.
കാട്ടാക്കട മാറനല്ലൂര്‍ തൂങ്ങാംപാറ സോണി പൗള്‍ട്രി ഫാം റോസ് വില്ലയില്‍ സ്റ്റാലിന്‍ മകന്‍ സെബിന്‍ സ്റ്റാലിലിനെ (27) യാണ് കോടതി ശിക്ഷിച്ചത്. ഒരു വര്‍ഷം കഠിന തടവു ശിക്ഷ അനുഭവിക്കുകയും അയ്യായിരം രൂപ പിഴയും ഒടുക്കണം. പിഴയൊടുക്കാത്ത പക്ഷം ഒരു മാസത്തെ അധിക തടവനുഭവിക്കാനും കോടതി ഉത്തരവിട്ടു.
സിറ്റി മെഡിക്കല്‍ കോളേജ് പോലിസ് സ്റ്റേഷന്‍ ലോക്കല്‍ ലിമിറ്റിനുള്ളില്‍ നിന്നും മോഷ്ടിച്ച എന്‍ഫീല്‍ഡ് ബുള്ളറ്റുമായി സഞ്ചരിക്കവേ തമ്പാനൂര്‍ പോലീസിന്റെ വാഹന പരിശോധനയില്‍ സെബിന്‍ 2019 ജൂലൈ 6 ന് പിടിയിലായിരുന്നു. തമ്പാനൂര്‍ സ്റ്റേഷനില്‍ ഫിംഗര്‍ പ്രിന്റെടുക്കവേ ജി ഡി ചാര്‍ജിനെ പിടിച്ചു തള്ളി മതില്‍ ചാടി രക്ഷപ്പെട്ട പ്രതി വഴുതക്കാട് ആല്‍ത്തറ ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
2019 ഫെബ്രുവരി 22 ന് രാവിലെ 7 മണിക്കും വൈകിട്ട് 6.30 നുമിടക്കാണ് ബുള്ളറ്റ് മോഷണം നടന്നത്. വഴുതക്കാട് അമൃത സിവില്‍ സര്‍വ്വീസ് അക്കാദമിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന കെ.എല്‍.ഛ 1 സി ജി 8839 നമ്പര്‍ ബുള്ളറ്റ് മോഷണം ചെയ്‌തെടുത്ത് അസ്സല്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റ് മാറ്റി പകരം കള്ള രജിസ്‌ട്രേഷന്‍ നമ്പരായ കെ എല്‍ O 1 സി സി 696 എന്ന നമ്പര്‍ പ്ലേറ്റ് പതിച്ച് തെളിവു നശിപ്പിച്ച് ബൈക്ക് മോഷണക്കുറ്റവും തെളിവു നശിപ്പിക്കല്‍ കുറ്റവും ചെയ്തുവെന്നാണ് കേസ്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 379 ( മോഷണം) , 201( കുറ്റക്കാരനെ ശിക്ഷയില്‍ നിന്ന് മറയ്ക്കാന്‍ തെളിവ് അപ്രത്യക്ഷമാക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതി ചെയ്തുവെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. ഗൗരവമേറിയ കുറ്റം ചെയ്ത 18 വയസ്സിന് മുകളില്‍ പ്രായമുള്ള പ്രതിക്ക് പ്രൊബേഷന്‍ ഓഫന്റേഴ്‌സ് (നല്ലനടപ്പിന് ശിക്ഷിക്കല്‍) നിയമത്തിന്റെ ഔദാര്യത്തിന് അര്‍ഹതയില്ലെന്നും വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി.
മ്യൂസിയം സ്റ്റേഷനതിര്‍ത്തിയില്‍ നിന്നും ബുള്ളറ്റ് മോഷ്ടിച്ച കേസ് ഇതേ കോടതിയില്‍ വിചാരണയിലാണ്. മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും യമഹ ബൈക്ക് മോഷ്ടിച്ച കേസിന്റെ വിചാരണ തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നടന്നുവരികയാണ്.
https://www.facebook.com/Malayalivartha

























