ഒരു പിടിയും കിട്ടുന്നില്ല... മൂന്നു വയസുകാരിക്കു ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ പൊലീസ് തിരയുന്നയാള്‍ അടിക്കടി താവളം മാറ്റുന്നു; അദൃശ്യനായിരുന്ന് ചാനലുകളില്‍ തന്റെ നിരപരാധിത്വം തെളിയിക്കുന്നു; കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി

മൂന്നു വയസുകാരിക്കു ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ ദുരൂഹത തുടരുന്നു. പൊലീസ് തിരയുന്ന പുതുവൈപ്പ് സ്വദേശി പിടികൊടുക്കാതെ അടിക്കടി താവളം മാറ്റുകയാണ്. പ്രതി കര്‍ണാടകയിലേക്കു കടന്നതായാണു പൊലീസിന്റെ സംശയം. കുട്ടിയുടെ മാതൃസഹോദരിയുടെ സുഹൃത്തായ ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ഇന്നലെ പലതവണ സ്വിച്ച് ഓണ്‍ ചെയ്തിരുന്നു. ഇതിലൂടെ പലരുമായും സംസാരിക്കുകയും വാട്‌സാപ് സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തു.
അതേസമയം, കുട്ടിയെ വെന്റിലേറ്ററില്‍ നിന്നു നീക്കി. ശ്വസിക്കാനുള്ള കഴിവു കുട്ടി വീണ്ടെടുത്തു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ അപസ്മാരം ഉണ്ടായില്ല. ശ്വാസഗതിയും ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ നിലയിലാണ്. ഇന്നലെ രാത്രിയോടെ ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കി. ബാലാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ കെ.വി. മനോജ്കുമാര്‍ കുട്ടിയെ ഇന്നു വൈകിട്ട് 5നു സന്ദര്‍ശിക്കും.
പൊലീസ് പലരീതിയിലുള്ള അന്വേഷണം നടത്തുന്നുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയ പൊലീസ് മൂന്നിടങ്ങളില്‍ ഇയാളെ പിന്തുടര്‍ന്നെത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരു തവണ ഫോണിലേക്കു പൊലീസ് വിളിച്ചപ്പോള്‍ പരിധിക്കു പുറത്താണെന്ന സന്ദേശം കന്നഡ ഭാഷയിലായിരുന്നു. മൈസൂരുവില്‍ ഉണ്ടെന്ന സൂചനയെത്തുടര്‍ന്ന് അവിടെയും അന്വേഷണം നടക്കുന്നുണ്ട്.
താന്‍ എറണാകുളത്തു തന്നെയുണ്ടെന്നും നിരപരാധിത്വം തെളിയിക്കാനുള്ള നടപടി പൂര്‍ത്തിയാക്കിയാലുടന്‍ സ്‌റ്റേഷനില്‍ ഹാജരാകുമെന്നുമുള്ള വിഡിയോ ക്ലിപ്പിങ് ഇദ്ദേഹം സമൂഹമാധ്യമങ്ങളില്‍ ഇടുകയും ചെയ്തു. ചാനലുകള്‍ക്കും ഇദ്ദേഹം ടെലിഫോണ്‍ അഭിമുഖംനല്‍കി. മര്‍ദനമേറ്റ കുട്ടിയുടെ അമ്മയുമായുള്ള ഫോണ്‍ സംഭാഷണം എന്ന പേരില്‍ റിക്കോര്‍ഡ് ചെയ്ത ഓഡിയോ ക്ലിപ്പും സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടു.
മരണമടഞ്ഞ സുഹൃത്തിന്റെ സഹോദരിയെന്ന നിലയിലാണു മര്‍ദനമേറ്റ കുട്ടിയുടെ അമ്മയുടെ ചേച്ചിയെ പരിചയമെന്ന് ഒളിവിലുള്ള ആണ്‍സുഹൃത്ത് ടിവി ചാനലുകളോടു പറഞ്ഞു. 2 വര്‍ഷമായി പരിചയമുള്ള ഇവരെ ഒരു വര്‍ഷം മുന്‍പു വിവാഹം കഴിച്ചു. കുട്ടി ഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍ വഴക്കു പറഞ്ഞിട്ടുണ്ടെന്നതല്ലാതെ മര്‍ദിച്ചിട്ടില്ല. കുട്ടിക്കു ബോധം വന്നാല്‍ തന്റെ നിരപരാധിത്വം തെളിയും.
സുഹൃത്തു മരിച്ചതിന്റെ നഷ്ടപരിഹാരമായി ലഭിച്ച 15 ലക്ഷത്തോളം രൂപ തട്ടിയെടുക്കാന്‍ മര്‍ദനമേറ്റ കുട്ടിയുടെ പിതാവു ശ്രമിച്ചിരുന്നതായും ഇയാള്‍ ആരോപിക്കുന്നു. സ്‌പൈഡര്‍മാന്‍ കാര്‍ട്ടൂണുകള്‍ കാണുന്ന കുട്ടി അത് അനുകരിച്ചാണു വീണതും കയ്യൊടിഞ്ഞതും. ജനലില്‍ നിന്നു ചാടി താഴെ വീഴുകയായിരുന്നു. വേദന കാട്ടാത്തതിനാലും കരയാഞ്ഞതിനാലും ഒടിവുണ്ടെന്ന് അറിഞ്ഞില്ല. കുട്ടിക്കു പൊള്ളലേറ്റതു കുന്തിരിക്കം കത്തിച്ചപ്പോള്‍ കയ്യിലും കാലിലും വീണതാണ്.
കുട്ടിക്കു പ്രേതബാധയുണ്ടെന്ന മുന്‍ നിലപാട് ആവര്‍ത്തിച്ചു മാതാവ്. കഴിഞ്ഞ മൂന്നാഴ്ചയായി മകള്‍ അസാധാരണ രീതിയിലാണു പെരുമാറുന്നതെന്നും മുന്‍പു കണ്ടിട്ടുള്ള രീതിയിലല്ല സംസാരവും പെരുമാറ്റവുമെന്നും അവര്‍ പറഞ്ഞു. മനഃപൂര്‍വം ശരീരത്തില്‍ പരുക്കുണ്ടാക്കുകയാണു കുട്ടി. വഴിപാടുകളൊക്കെ നടത്തി. സാമ്പത്തിക ഇടപാടുകളെച്ചൊല്ലി ഭര്‍ത്താവുമായി വഴക്കിടാറുണ്ടായിരുന്നെന്നും ഈ പ്രശ്‌നങ്ങള്‍ മൂലമാണു വീടുവിട്ടിറങ്ങിയതെന്നും മാതാവു പറഞ്ഞു.
ഗുരുതരമായി പരുക്കേറ്റ് കോലഞ്ചേരിയില്‍ ചികിത്സയിലുള്ള മൂന്ന് വയസുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളത് ആശ്വാസമാണ്. ശ്വാസഗതി സാധാരണ നിലയിലായെന്നു മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്തായാലും സുഹൃത്തിനെ പിടികൂടി ചോദ്യം ചെയ്യാന്‍ തന്നെയാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
https://www.facebook.com/Malayalivartha

























