ഒരാഴ്ച മുമ്പേ മാറിപ്പോയി... ഹരിദാസിനെ കൊലപ്പെടുത്താന്‍ ആഴ്ചകള്‍ക്ക് മുമ്പേ തീരുമാനിച്ചിരുന്നു; ഫെബ്രുവരി 14 ന് ആദ്യ വധശ്രമം നടന്നെങ്കിലും വിജയിച്ചില്ല; ഹരിദാസനെ കൊലപ്പെടുത്തിയത് രണ്ടാമത്തെ ശ്രമത്തില്‍; രണ്ടാംപ്രതി പുന്നോലിലെ വിമിന്റെ കുറ്റസമ്മതമൊഴിയില്‍ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

കണ്ണൂരില്‍ സി.പി.എം. പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്തിയത് നീണ്ട ശ്രമത്തിലൊടുവിലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. രണ്ടാമത്തെ ശ്രമത്തിലാണ് കൊലപ്പെടുത്താന്‍ സാധിച്ചത്. ഒരാഴ്ച മുന്‍പ് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് അറസ്റ്റിലായ രണ്ടാംപ്രതി പുന്നോലിലെ കെ.വി.വിമിന്റെ കുറ്റസമ്മതമൊഴിയില്‍ പറയുന്നു.
രണ്ടാംപ്രതി ഉള്‍പ്പെടെ രാത്രി 10.30ന് അന്വേഷിച്ച് ചെല്ലുകയും കൊല നടത്തുന്നതിനുള്ള സംഘത്തെ തയ്യാറാക്കിനിര്‍ത്തുകയും ചെയ്തു. ഇതിനായി നിജിന്‍ദാസിനെയും ആത്മജനെയും സമീപിച്ചതായും കുറ്റസമ്മതമൊഴിയിലുണ്ട്. നിജിന്‍ദാസ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്.
ആത്മജന് അയച്ച വാട്‌സാപ്പ് സന്ദേശം വിമിന്‍ പോലീസിന് കാണിച്ചുകൊടുത്തു. 14ന് രാത്രി ആത്മജനുമായി സംസാരിച്ചതിന്റെ ശബ്ദസന്ദേശം കണ്ടെത്തി. 14ന് ഹരിദാസന്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ പതിയിരുന്ന് ആക്രമിക്കാനായിരുന്നു പദ്ധതി. എന്നാല്‍ അന്ന് ശ്രമം വിജയിച്ചില്ല.
ഹരിദാസന്റെ രാത്രികാലസഞ്ചാരം മനസ്സിലാക്കാന്‍ ബി.ജെ.പി. ബൂത്ത് പ്രസിഡന്റായ മൂന്നാംപ്രതി സുനേഷിനെയാണ് ഏല്‍പ്പിച്ചതെന്ന് കേസില്‍ ഒന്നാംപ്രതിയായ ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് കെ.ലിജേഷിന്റെ കുറ്റസമ്മതമൊഴിയിലുണ്ട്. സംഭവദിവസം വൈകുന്നേരം ലിജേഷ് വാട്‌സാപ്പ് കോള്‍വഴി സുനേഷിനെ ബന്ധപ്പെട്ടാണ് ഹരിദാസ് മീന്‍പിടിക്കാന്‍ പോയതായി അറിഞ്ഞത്.
ജോലിക്ക് വന്നിട്ടുണ്ടെന്നും തിരിച്ചുവരുന്ന സമയം അറിയിക്കാമെന്നും ഗോപാലപ്പേട്ടയിലെ മീന്‍പിടിത്ത തൊഴിലാളിയായ സുനേഷ് പറഞ്ഞു. ലിജേഷിന്റെ മൊബൈല്‍ഫോണില്‍ ഹോംപേജില്‍ വാട്‌സാപ്പ് ഐക്കണില്‍ കോള്‍ ഹിസ്റ്ററി പരിശോധിച്ചതില്‍ പേജ് മായിച്ചതായി കണ്ടെത്തി. ഇദ്ദേഹം ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിച്ചതായും അന്വേഷണസംഘം പറയുന്നു.
ഹരിദാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസുകാരനെയും ചോദ്യം ചെയ്തു. കണ്ണവം സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുരേഷിനെയാണ് ചോദ്യം ചെയ്തത്. കൊലപാതക ദിവസം ഒന്നാം പ്രതി ലിജേഷുമായി സംസാരിച്ചതിനാണ് നടപടി.
സംഭവദിവസം രാത്രി ഒരുമണിയോടെ ലിജേഷുമായി സുരേഷ് സംസാരിച്ചിരുന്നു. എന്നാല്‍ ഗോപാല്‍ബേട്ടയിലുള്ള മണി എന്ന സുനേഷിനെയാണ് വിളിച്ചതെന്നും സുരേഷിന്റെ പേരും മണി എന്ന് സേവ് ചെയ്തതിനാല്‍ കോള്‍ മാറിപ്പോയതാണെന്നാണ് ലിജേഷ് പോലീസിനോട് പറഞ്ഞത്.
ലിജേഷിന്റെ ബന്ധുകൂടിയാണ് സുരേഷ്. എന്നാല്‍ ഫോണ്‍ചെയ്ത വിവരം സുരേഷ് നിഷേധിച്ചു. തുടര്‍ന്ന് ഫോണ്‍രേഖകള്‍ പരിശോധിച്ചപ്പോള്‍ നാല് മിനുട്ടിലധികം ഇരുവരും സംസാരിച്ചതായി കണ്ടെത്തി. തുടര്‍ന്നാണ് ചോദ്യം ചെയ്തത്.
സി.പി.എം. പ്രവര്‍ത്തകന്‍ കോടിയേരിയിലെ ഹരിദാസനെ കൊലപ്പെടുത്തിയ കേസില്‍ സംഭവദിവസം ഒന്നാംപ്രതിയുമായി സംസാരിച്ചു ബിജെപി മണ്ഡലം പ്രസിഡന്റ് ഉള്‍പ്പടെ നാലുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കെ. ലിജേഷ്, കെ.വി. വിമിന്‍ (26), അമല്‍ മനോഹരന്‍ (28), സുനേഷ് (മണി 38) എന്നിങ്ങനെ നാലംഗ അക്രമിസംഘമാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ പേര്‍ ഇനിയും പിടിയിലാകാനുണ്ട്. ശക്തമായ അന്വേഷണം നടത്താനാണ് പോലീസ് ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha

























