കേരളത്തിന് ജാഗ്രത നിര്‍ദേശം വന്നു;മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് വന്‍ വിപത്ത്

തുടര്‍ച്ചയായ നാലാംവര്‍ഷമാണ് അപ്രതീക്ഷിതമായ പ്രകൃതി ദുരന്തങ്ങള്‍ സംസ്ഥാനത്തെ പിടിച്ചുലയ്ക്കുന്നത്. ലോകത്താകമാനം കാലാവസ്ഥ മാറിമറിഞ്ഞു. അസാധാരണവും അപ്രതീക്ഷിതവുമായ രീതിയില്‍ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്ന് ഐക്യരാഷ്ട്രസംഘടനയുടെ പഠന റിപ്പോര്‍ട്ടും പുറത്തു വന്നു. മിന്നല്‍ പ്രളയം, അപ്രതീക്ഷിത പേമാരി, വെള്ളപ്പൊക്കം, ഉഷ്ണക്കാറ്റ്, കാട്ടുതീ, കടല്‍ക്കയറ്റം, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രതിഭാസങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണ്. ആഗോളതലത്തിലാകെ ആശങ്കപടര്‍ത്തിയിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം കേരളത്തെയും ബാധച്ചു. കൊടുംചൂടില്‍ അടുത്തമൂന്നുമാസം കേരളം ചുട്ടുപൊള്ളാന്‍ പോകുന്നുവെന്നാണ് കാലാവസ്ഥാ ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.
പകല്‍ച്ചൂട് ഉയരുമെന്നതിനാല്‍ സൂര്യാഘാതത്തിനുള്ള സാധ്യത മാര്‍ച്ചില്‍ തന്നെയുണ്ടാകുമത്രേ. ഇപ്പോള്‍ തന്നെ അന്തരീക്ഷ ഊഷ്മാവ് ശരാശരി 34 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തി. നേരിയ വേനല്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും അതൊന്നും ചൂട് ശമിപ്പിക്കാന്‍ മതിയായേക്കില്ല. സമീപ ദിവസങ്ങളില്‍ കൂടിയ ചൂട് 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തും. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച ഒറ്റപ്പെട്ട മഴ താല്‍ക്കാലികമായി ചൂട് കുറച്ചെങ്കിലും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് കൂട്ടി. ഈര്‍പ്പം കൂടുന്നതോടെ അന്തരീക്ഷ താപനില ഉയരും. വേനല്‍ മഴക്കുള്ള സാധ്യത മാര്‍ച്ചില്‍ ഇല്ലെന്നാണ് വിലയിരുത്തല്‍. മണ്‍സൂണിനും അതിനുശേഷം അപ്രതീക്ഷിതമായുണ്ടായ അതിശക്തമായ തുലാവര്‍ഷത്തിനും ശേഷം വരുന്ന വേനല്‍ക്കാലമാണിത്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ ഇത് മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങല്‍ തകരാറിലാക്കും. ശരീരത്തിലുണ്ടാകുന്ന താപം പുറത്തു കളയുന്നതിന് തടസ്സം നേരിടും.... കൂടാതെ ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലാവുകയും ചെയ്യും. ഈ അവസ്ഥയാണ് സൂര്യാഘാതം എന്ന് പറയുക.
പ്രകൃതി ദുരന്തങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുകയാണ്. മുമ്പും പ്രളയങ്ങളും മണ്ണിടിച്ചിലും മറ്റ് ദുരന്തങ്ങളും ഉണ്ടായിരുന്നു. എന്നാല്‍, 2018 മുതലുണ്ടായ പ്രളയവും ദുരന്തങ്ങളും അസാധാരണമായ സംഭവങ്ങളാണ്. ദിവസങ്ങളോളം മഴ പെയ്തതിന്റെ ഫലമായിട്ടായിരുന്നു മുമ്പൊക്കെ വെള്ളപ്പൊക്കവും കെടുതികളും. എന്നാല്‍, ഇപ്പോള്‍ പൊടുന്നനെയാണ് ദുരന്തങ്ങള്‍. ഒരു നൂറ്റാണ്ടിനുശേഷം കേരളം കണ്ട മഹാപ്രളയമായിരുന്നു 2018ല്‍. മധ്യകേരളത്തിലെ ആറ് ജില്ലയെ പിടിച്ചുലച്ച പ്രളയത്തിന് പ്രധാന കാരണം പെട്ടെന്നുണ്ടായ അതിശക്തമായ മഴയായിരുന്നു. 2018, 2019 വര്‍ഷങ്ങളിലെ പെരുമഴയ്ക്കും കാരണം മേഘ വിസ്ഫോടനങ്ങളാണെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയും വിവിധ ഏജന്‍സികളും സംയുക്തമായി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഒരു പ്രദേശത്ത് ഏതാനും മണിക്കൂറുകള്‍ക്കകം 10 മുതല്‍ 20 സെന്റിമീറ്റര്‍വരെ മഴ പെയ്യുന്നതാണ് മിന്നല്‍ പ്രളയത്തിന് കാരണമാകുന്നത്. ഹിമാലയന്‍ മേഖലയില്‍ ഇടയ്ക്ക് ഇത്തരത്തിലുള്ള മഴ ദുരന്തങ്ങള്‍ സൃഷ്ടിക്കാറുണ്ടെങ്കിലും കേരളത്തില്‍ ഇത് സാധാരണമായിരുന്നില്ല.
കരളത്തില്‍ വെള്ളപ്പൊക്കമുണ്ടാകുന്നത് ജൂലൈ, ആഗസ്ത് മാസങ്ങളിലാണ്. 2018ലും 2019ലും പ്രളയമുണ്ടായത് ആഗസ്തിലായിരുന്നു. തുലാവര്‍ഷത്തില്‍ വലിയതോതിലുള്ള വെള്ളപ്പൊക്കവും ദുരന്തങ്ങളും കുറവാണ്. എന്നാല്‍, അപൂര്‍വ സ്ഥിതിവിശേഷമാണ് ഇത്തവണ തുലാമാസാരംഭത്തില്‍ ഉണ്ടായത്. കവളപ്പാറ, പുത്തുമല, പെട്ടിമുടി ദുരന്തങ്ങള്‍ക്ക് സമാനമാണ് കോട്ടയം കൂട്ടിക്കല്‍, ഇടുക്കി കൊക്കയാര്‍ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസമുണ്ടായത്. വന്‍നാശം വിതച്ച പെരുമഴയ്ക്കും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായത് ലഘു മേഘവിസ്ഫോടനങ്ങളാകാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ കേരളത്തിന് വലിയൊരു മുന്നറിയിപ്പാണ്.
കാലാവസ്ഥയെയും പാരിസ്ഥിതിക ദുരന്തസാധ്യതകളെയും പഠിച്ച് വിലയിരുത്തി അതിനനുസരിച്ചുള്ള വികസന, രക്ഷാ പദ്ധതികള്‍ക്ക് രൂപം കൊടുക്കേണ്ടതിന്റെ മുന്നറിയിപ്പ്. കാലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ട് എവിടെ, എന്തൊക്കെ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ് അതിനെ നേരിടാന്‍ ആസൂത്രിതമായ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനുമാകണം.
https://www.facebook.com/Malayalivartha

























