വിഎം സുധീരനെതിരെ ഒന്നിച്ച് നീങ്ങാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്‍ ധാരണ, പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഹൈക്കമാന്റ്

കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ ഒന്നിച്ച് നീങ്ങാന്‍ എ,ഐ ഗ്രൂപ്പുകളുടെ നേതാക്കന്‍മാരായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്‍ ധാരണയായി. ഇത് സംബന്ധിച്ച് ഇന്നലെ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തി. എ, ഐ വിഭാഗങ്ങളിലെ മുതിര്‍ന്ന നേതാക്കള്‍ തമ്മിലും സംസാരമുണ്ടായി. ഗ്രൂപ്പ് യോഗങ്ങള്‍ കൂടരുതെന്ന് കഴിഞ്ഞ കെ.പി.സി.സി. എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചിരുന്നതിനാല്‍ ഗ്രൂപ്പ് യോഗത്തിന്റെ സ്വഭാവം വരാതെയായിരുന്നു ആലോചന.
എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഉടലെടുത്തിട്ടുള്ള പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉടനില്ല. പ്രശ്‌നങ്ങള്‍ സംസ്ഥാനത്തുതന്നെ ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് നേതൃത്വം. പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണിയുമായി കൂടിയാലോചിച്ചായിരിക്കും പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക.
പ്രശ്‌നം കൂടുതല്‍ വഷളാക്കരുതെന്ന നിര്‍ദേശം അനൗപചാരികമായി സംസ്ഥാനത്തെ പ്രമുഖനേതാക്കള്‍ക്ക് കേന്ദ്രനേതൃത്വം നല്‍കിയിട്ടുണ്ട്. പരസ്യമായ വിമര്‍ശങ്ങള്‍ നേതാക്കള്‍ ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ കെപിസിസി യോഗത്തില്‍ ഗ്രൂപ്പിന്റെ അതിപ്രസരം ഉണ്ടാകുന്നുവെന്ന് പറഞ്ഞ് സുധീരന്‍ ഗ്രൂപ്പ് മാനേജര്‍മാരെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഗ്രൂപ്പ് അതിപ്രസരമുണ്ടെന്ന് പറഞ്ഞ് തങ്ങളെ മോശമാക്കാനാണ് പ്രസിഡന്റ് ശ്രമിക്കുന്നതെന്നും പാര്‍ട്ടിയില്‍ ഇത്രത്തോളം സമാധാനപരമായ ഒരുകാലം ഉണ്ടായിട്ടില്ലെന്നാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പറയുന്നത്.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കോ സംസ്ഥാനത്തിന്റെ ചുമതലയുള്ള സെക്രട്ടറി ദീപക് ബാബരിയയോ വരുംദിവസങ്ങളില്‍ സംസ്ഥാനത്തെത്തിയേക്കും. എന്നാല്‍, ഇക്കാര്യത്തില്‍ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും ബുധനാഴ്ച മാത്രമേ താന്‍ ഡല്‍ഹിയില്‍ എത്തുകയുള്ളൂവെന്നും ദീപക് ബാബരിയ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























