നീലക്കുറിഞ്ഞി വിപ്ലവം സൂര്യനെല്ലിയിലേക്കും

മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ തുടങ്ങിവച്ച നീലക്കുറിഞ്ഞി വിപ്ലവം കത്തിപ്പടരുന്നു. സൂര്യനെല്ലിയില്‍ ഹാരിസണ്‍ പ്ലാന്റേഷന്‍ ലിമിറ്റഡിന്റെ തോട്ടത്തിലെ സ്ത്രീത്തൊഴിലാളികളും മൂന്നാര്‍ മോഡല്‍ സമരം തുടങ്ങി. ഇന്നലെ രാവിലെയോടെയാണ് ബോണസ് വര്‍ധനയും കൂലിവര്‍ധനയും ആവശ്യപ്പെട്ട് തൊഴിലാളികള്‍ സമരം തുടങ്ങിയത്.
ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ പൂപ്പാറ, ആനയിങ്കല്‍, പന്നിയാര്‍ തുടങ്ങിയ ഡിവിഷനുകളിലെ തൊഴിലാളികളാണ് സമരം നടത്തുന്നത്. ആയിരത്തോളം സ്ത്രീകള്‍ ഒന്നുചേര്‍ന്ന് ഹാരിസണ്‍ ഓഫീസ് ഉപരോധിക്കുകയും ജീവനക്കാരെ തടഞ്ഞുവയ്ക്കുകയും ചെയ്തു. മൂന്നാറിനെ സ്തംഭിപ്പിച്ച് നടത്തിയ നീലക്കുറിഞ്ഞി വിപ്ലവം ഐതിഹാസിക വിജയം നേടിയതിനു പിന്നാലെ പല തോട്ടം മേഖലകളിലും മൂന്നാര്‍ മോഡല്‍ സമരം തുടങ്ങുമെന്ന് സൂചന ലഭിച്ചിരുന്നു.
കണ്ണന്‍ ദേവന്‍ കമ്പനിയിലെ സ്ത്രീത്തൊഴിലാളികള്‍ നടത്തിയ മൂന്നാര്‍ സമരം തീര്‍ന്ന ഉടന്‍തന്നെയാണ് ഹാരിസണ്‍ എസ്‌റ്റേറ്റിലും തൊഴിലാളി സ്ത്രീകള്‍ സമരം തുടങ്ങിയിരിക്കുന്നത്. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമാനമായ അവസ്ഥതന്നെയാണ് തങ്ങളുടേതെന്ന് ഹാരിസണ്‍ എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ പറയുന്നു.നിലവില്‍ 8.35 ശതമാനം ബോണസ് മാത്രമാണ് കമ്പനി നല്‍കുന്നത്. ഇത് 20 ശതമാനമാക്കി വര്‍ധിപ്പിക്കുക, മിനിമം കൂലി 500 രൂപയാക്കുക, ലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുക, മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആശുപത്രി സൗകര്യവും ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഹാരിസണ്‍ ഓഫീസിന് മുന്നില്‍ ആരംഭിച്ചിരിക്കുന്ന സമരം ഇന്ന് അഞ്ച് കേന്ദ്രങ്ങളില്‍ക്കൂടി വ്യാപിപ്പിക്കുമെന്നും തൊഴിലാളികള്‍ പറഞ്ഞു. ഹാരിസണില്‍ തുടങ്ങിയിരിക്കുന്ന സമരം പീരുമേട് ഉള്‍പ്പടെയുള്ള പല സ്ഥലങ്ങളിലേയും എസ്‌റ്റേറ്റുകളിലേക്കും വ്യാപിക്കുമെന്നും സൂചനയുണ്ട്.
ബോണസ് വര്‍ധനയ്ക്കായി നീലക്കുറിഞ്ഞി വിപ്ലവം നടത്തി വിജയം കൈവരിച്ച തൊഴിലാളി സ്ത്രീകള്‍ സംഘടന രൂപീകരിക്കുന്നു.
തോട്ടം മേഖലയിലെ എല്ലാ സ്ത്രീതൊഴിലാളികളെയും ഒരുമിപ്പിച്ചുകൊണ്ടുള്ള സംഘടനയ്ക്കാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























