പൊതുസ്ഥലത്തു മൂത്രമൊഴിച്ചതിന് ഓട്ടോ ഡ്രൈവറെ പോലീസ് അപ്രത്യക്ഷനാക്കി; പരിഭ്രാന്തരായി വീട്ടുകാരും സുഹൃത്തുക്കളും

എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത കുറ്റാരോപിതനെ വീട്ടുകാരുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെടുന്നതില്‍ നിന്നും പോലീസ് വിലക്കിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നെട്ടോട്ടമോടി. മരട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ സജീവനെയാണ് ഉച്ചയോടെ കാണാതായത്. ഇയാളുടെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴും മറുപടി ലഭിച്ചില്ല. എത്ര അകലെ യാത്രക്കാരുമായി പോയാലും സ്വന്തം കുട്ടിയെ സ്‌കൂളില്‍ നിന്നും വീട്ടിലെത്തിക്കാന്‍ ഇയാള്‍ കൃത്യമായി എത്താറുണ്ട്. ഇന്നലെ അതും ഉണ്ടായില്ല. ഇതോടെ വീട്ടുകാരുടെ പരിഭ്രാന്തി വര്‍ധിച്ചു.
തുടര്‍ന്ന് അന്വേഷണവുമായി സുഹൃത്തുക്കള്‍ രംഗത്തിറങ്ങിയെങ്കിലും വിവരം ഒന്നും ലഭിച്ചില്ല. ഇതിനിടെ കുടുംബനാഥന്‍ കൂടിയായ സജീവനെ കാണാനില്ലെന്നു കാണിച്ച് മരട് പോലീസില്‍ പരാതിയും നല്‍കി. സഹപ്രവര്‍ത്തകനെ കാണാനില്ലെന്ന വിവരം പോലീസ് സ്‌റ്റേഷനില്‍ വൈകിട്ടോടെ പരാതിയായി നല്‍കിയ ശേഷം സുഹൃത്തുക്കള്‍ സംഘം ചേര്‍ന്ന് നാലുപാടും അന്വേഷണത്തിനായി പുറപ്പെട്ടു. മൊബൈല്‍ ഫോണില്‍ വിളിക്കുമ്പോള്‍ ബെല്ലടിക്കുന്നുണ്ടെങ്കിലും മറുപടിയൊന്നും ലഭിക്കാതിരുന്നത് പരിഭ്രാന്തി ഇരട്ടിപ്പിച്ചു. ഇതിനിടെയാണ് കാണാതായ ഓട്ടോ ഡ്രൈവറെക്കുറിച്ചുള്ള വിവരം രാത്രിയോടെ പോലീസ് വയര്‍ലെസ് സംവിധാനം വഴി മറ്റു സ്‌റ്റേഷനുകളിലേക്ക് അറിയിച്ചത്.
മറ്റു സ്‌റ്റേഷനുകളില്‍ നിന്ന് സന്ദേശം ലഭിച്ചതോടെ ഇയാള്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന വിവരം എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ നിന്നും മരട് പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ സെന്‍ട്രല്‍ സ്‌റ്റേഷനിലെത്തിപ്പോഴാണ് പെറ്റിക്കേസില്‍ പിടികൂടിയ സജീവന്‍ ഉച്ചമുതല്‍ തങ്ങളുടെ കസ്റ്റഡിയിലാണെന്ന വിവരം പോലീസ് പറഞ്ഞത്. പൊതുസ്ഥലത്തു മൂത്രമൊഴിച്ചതിനാണ് ഓട്ടോറിക്ഷയടക്കം സജീവനെ സെന്‍ട്രല്‍ എസ്‌ഐയും സംഘവും കസ്റ്റഡിയിലെടുത്തത്.
എന്നാല്‍ കസ്റ്റഡിയിലെടുക്കുന്ന ആള്‍ക്ക് ആ വിവരം ഏറ്റവും അടുത്ത ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിക്കാന്‍ അനുമതി നല്‍കാമെന്ന നിയമം പോലീസ് ലംഘിച്ചു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് വാങ്ങിവച്ചതോടെ താന്‍ സ്‌റ്റേഷനിലുള്ള വിവരം ആരെയും അറിയിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ല. ഇതാണ് പരിഭ്രാന്തിക്കിടയാക്കിയ സംഭവങ്ങള്‍ക്ക് കാരണമായത്. സ്‌റ്റേഷനിലെത്തിയ സുഹൃത്തുക്കളുടെ ജാമ്യത്തില്‍ ഇയാളെ രാത്രിയോടെ വിട്ടയച്ചു.
സംഭവത്തില്‍ കുണ്ടന്നൂര്‍ ജംഗ്ഷനിലെ സ്വതന്ത്ര്യ ഓട്ടോ തൊഴിലാളി യൂണിയന്‍ പ്രതിഷേധിച്ചു. സംഭവത്തെക്കുറിച്ച് നിയമോപദേശം തേടിയശേഷം പോലീസ് നടപടിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ഓട്ടോ ഡ്രൈവര്‍മാരും വീട്ടുകാരും പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























