ജാമ്യം കിട്ടിയില്ല; മജിസ്‌ട്രേട്ടിനു നേരെ പ്രതി ചെരിപ്പെറിഞ്ഞു

ജാമ്യം നിഷേധിക്കപ്പെട്ടപ്പോള്‍ പ്രകോപിതനായ പ്രതി കോടതി മുറിയില്‍ വനിതാ മജിസ്‌ട്രേട്ടിനു നേരെ ചെരിപ്പൂരി എറിഞ്ഞു. കൊച്ചി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് രഹ്ന രാജീവിനു നേരെയാണ് ചെരിപ്പെറിഞ്ഞത്. അതിര്‍ത്തിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അടിപിടിക്കേസില്‍ എട്ടു മാസമായി റിമാന്‍ഡില്‍ കഴിയുകയാണ് 52-കാരനായ പ്രതി എഡ്വേര്‍ഡ് വിജയന്‍.
അഞ്ചു കേസുകളില്‍ പ്രതിയായ എഡ്വേര്‍ഡിനെ ഗുണ്ടാനിയമം (കാപ്പ) ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. കാപ്പ കാലാവധി കഴിഞ്ഞതിനു ശേഷം വിചാരണത്തടവുകാരനായി വിയ്യൂരില്‍ തുടരുന്നതിനിടയിലാണു അടിപിടിക്കേസിന്റെ ഭാഗമായി ഇന്നലെ കൊച്ചി കോടതിയില്‍ ഹാജരാക്കിയത്.
കൊല്ലം സ്വദേശിയും മല്‍സ്യത്തൊഴിലാളിയുമായ എഡ്വേര്‍ഡിന്റെ കേസുകള്‍ ജില്ലാ നിയമസഹായ വേദി നിയോഗിക്കുന്ന അഭിഭാഷകരാണു നടത്തിയിരുന്നത്. ഇടക്കൊച്ചിയിലാണു ഇയാള്‍ കുടുംബത്തോടൊപ്പം താമസിക്കുന്നത്. അയല്‍വാസി നല്‍കിയ പരാതികളില്‍ പൊലീസ് പലപ്പോഴായി രജിസ്റ്റര്‍ ചെയ്ത അടിപിടിക്കേസുകളാണ് ഇയാള്‍ക്കെതിരെ കോടതി പരിഗണിച്ചതെന്നു പൊലീസ് അറിയിച്ചു.
ഇന്നലെ രാവിലെ കോടതി നടപടികള്‍ തുടങ്ങിയപ്പോഴാണ് \'എന്നെ തൂക്കിക്കൊല്ലൂ...\' എന്ന് ആക്രോശിച്ചു കൊണ്ട് എഡ്വേര്‍ഡ് ചെരിപ്പെറിഞ്ഞത്. മജിസ്‌ട്രേട്ടിനു മുന്നില്‍ ബെഞ്ച് ക്ലാര്‍ക്കിന്റെ മേശപ്പുറത്താണു ചെരിപ്പു വന്നു വീണത്. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ കയ്യോടെ എഡ്വേര്‍ഡിനെ കീഴടക്കി. രണ്ടാഴ്ച മുന്‍പു കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതി സമര്‍പ്പിച്ച ജാമ്യാപേക്ഷ ഒന്നിലധികം കേസുകള്‍ നിലവിലുള്ള കാര്യം ചൂണ്ടിക്കാട്ടി കോടതി തള്ളിയിരുന്നു. ഈ മജിസ്‌ട്രേട്ട് സ്ഥലം മാറിയതിനെ തുടര്‍ന്നു പുതുതായി ചുമതലയേറ്റതാണ് രഹ്ന രാജീവ്.
ചെരിപ്പേറിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെയുള്ള കേസുകള്‍ മറ്റൊരു കോടതിയിലേക്കു മാറ്റും. സംഭവത്തെ കുറിച്ചു ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തി എന്നതിനു പുറമെ മറ്റേതെല്ലാം വകുപ്പുകളിലാണു പ്രതിക്കെതിരെ കേസെടുക്കേണ്ടതെന്നു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മേല്‍ക്കോടതി തീരുമാനിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























