മോഷണശ്രമത്തിനിടെ പെണ്‍കുട്ടിയെ കുത്തിവച്ച് ബോധംകെടുത്തി വാട്ടര്‍ ടാങ്കില്‍ തള്ളി

മോഷ്ടിക്കാനെത്തിയതെന്നു സംശയിക്കുന്നയാള്‍ സിറിഞ്ചില്‍ കരുതിയിരുന്ന ദ്രാവകം പെണ്‍കുട്ടിയുടെ കയ്യില്‍ കുത്തിവച്ചു ബോധം കെടുത്തിയ ശേഷം വീട്ടിലെ വാട്ടര്‍ ടാങ്കിലേക്കു തള്ളിയിട്ടതായി പരാതി. രണ്ടാര്‍ തണ്ണിക്കോട്ട് ജോര്‍ജിന്റെ മകള്‍ അന്ന (15) ആണ് ആക്രമണത്തിനിരയായത്. വിദ്യാര്‍ഥിനിയുടെ കൈ ടാങ്കിനു മുകളില്‍ കണ്ട ഇരട്ടസഹോദരി ബഹളം വച്ചതിനെ തുടര്‍ന്നു നാട്ടുകാരെത്തി അന്നയെ രക്ഷിച്ചു. മോഷ്ടാവ് രക്ഷപ്പെട്ടു. കടുത്ത പനിയും വിറയലും ബാധിച്ച അന്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കയ്യില്‍ മുറിവുകളുമുണ്ട്.
നിര്‍മല പബ്ലിക് സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനികളായ അന്നയും ബ്രിജിത്തും മാത്രം വീട്ടിലുണ്ടായിരുന്നപ്പോഴാണ് മോഷ്ടാവ് കടന്നത്. ഉച്ചയ്ക്കു രണ്ടരയോടെ കോളിങ് ബെല്‍ കേട്ടാണ് അന്ന വാതില്‍ തുറന്നത്. പുറത്ത് ആരെയും കണ്ടില്ല. തിരിച്ചുകയറുന്നതിനിടെ കസേരയുടെ മറവില്‍ ഒളിച്ചിരുന്ന മോഷ്ടാവിനെ കണ്ട് അന്ന ബഹളം വച്ചു. ഇതോടെ ഇയാള്‍ അന്നയെ കയറിപ്പിടിച്ചു വായ്‌പൊത്തി. തുടര്‍ന്നു സിറിഞ്ച് ഉപയോഗിച്ചു കയ്യില്‍ കുത്തി. ഇതോടെ ബോധം നഷ്ടപ്പെട്ട അന്നയുടെ കൈകള്‍ പ്ലാസ്റ്റര്‍ കൊണ്ടു കൂട്ടിക്കെട്ടി സമീപത്തുള്ള വാട്ടര്‍ !ടാങ്കിലേക്കിടുകയായിരുന്നു. ശബ്ദം കേട്ട് ബ്രിജിത് ഓടിയെത്തിയപ്പോഴേക്കും മോഷ്ടാവ് സ്ഥലം വിട്ടു.
അന്നയെ അന്വേഷിച്ചുനടന്ന ബ്രിജിത് കുറേ കഴിഞ്ഞാണു വാട്ടര്‍ ടാങ്കിന്റെ മുകളിലേക്ക് അന്നയുടെ കൈ ഉയര്‍ന്നുനില്‍ക്കുന്നതു കണ്ടത്. ബ്രിജിത്തിന്റെ നിലവിളി കേട്ടു നാട്ടുകാര്‍ ഓടിയെത്തി അന്നയെ ടാങ്കില്‍ നിന്നു പുറത്തെടുത്തു. മണിക്കൂറുകളോളം അന്ന അബോധാവസ്ഥയിലായിരുന്നു. അക്രമി ഹിന്ദിയിലാണു സംസാരിച്ചതെന്ന് അന്ന പൊലീസിനോടു പറഞ്ഞു. രക്തപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കയ്യില്‍ എന്തു മരുന്നാണു കുത്തിവച്ചതെന്നു പറയാന്‍ കഴിയൂ എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ആവോലി പഞ്ചായത്തിലെ ജീവനക്കാരനായ ജോര്‍ജിന്റെയും മൂവാറ്റുപുഴ മര്‍ച്ചന്റ് അസോസിയേഷന്‍ സഹകരണ സംഘത്തിലെ ജീവനക്കാരിയായ ഭാര്യ മേരിയുടെയും മക്കളാണ് അന്നയും ബ്രിജിത്തും.
വീട്ടുകാരെ ആക്രമിച്ചുള്ള മോഷണങ്ങള്‍ വ്യാപകമാകുമ്പോഴും പ്രതികളെക്കുറിച്ചു പൊലീസിനു സൂചനകളൊന്നുമില്ല. പരിശീലനം ലഭിച്ചിട്ടുള്ള ഇതര സംസ്ഥാന മോഷ്ടാക്കള്‍ കിഴക്കന്‍ മേഖലയില്‍ തമ്പടിച്ചിട്ടുണ്ടെന്നു രഹസ്യാന്വേഷണസംഘം പലവട്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുംവിധം ഒട്ടേറെ മോഷണങ്ങള്‍ നടക്കുകയും ചെയ്തു. പൈങ്ങോട്ടൂരില്‍ വൃദ്ധദമ്പതികളെ ആക്രമിച്ചു മോഷണം നടന്നതു കഴിഞ്ഞ മാസമാണ്. എട്ടുമാസം മുന്‍പു പോത്താനിക്കാട്ടു വീട്ടുകാരെ ആക്രമിച്ചു മോഷണം നടന്നു. തടയാന്‍ ശ്രമിക്കുമ്പോഴോ മോഷ്ടാക്കളെ വീട്ടുകാര്‍ കാണുമ്പോഴോ ആണ് ആക്രമണം ഉണ്ടാകുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























