സൗഹൃദം നടിച്ചു സ്വര്‍ണവും പണവും തട്ടിയ കേസില്‍ രണ്ടു സ്ത്രീകള്‍ പിടിയില്‍

പലയിടത്തും വിവിധ പേരുകള്‍, അസാധ്യമായ വാക്‌സാമര്‍ത്ഥ്യം ആരെയും പറഞ്ഞ് വിശ്വസിപ്പിക്കാനുള്ള കഴിവ് തുടങ്ങി തട്ടിപ്പില്‍ പുതിയ സാധ്യതകള്‍ തേടുന്ന സ്ത്രീകള്‍ പോലീസിനും അത്ഭുതം. പറവൂര്‍ സൗഹൃദം നടിച്ചു വീട്ടമ്മയില്‍ നിന്നു സ്വര്‍ണവും പണവും തട്ടിയ സംഭവത്തില്‍ രണ്ടു സ്ത്രീകള്‍ പിടിയില്‍. പാലാരിവട്ടം പി.ജെ. ആന്റണി റോഡില്‍ കോളാപ്പിള്ളി വീട്ടില്‍ ദീപ (43), കൊടുങ്ങല്ലൂര്‍ മതിലകം പള്ളിവളവ് ഭാഗത്ത് വിശ്വനാഥന്റെ ഭാര്യ ശ്രീകല (41) എന്നിവരാണു പിടിയിലായത്. ഒട്ടേറെ കേസുകളില്‍ പ്രതിയാണു പിടിയിലായ ദീപ.
പറവൂര്‍ സ്വദേശിയായ വീട്ടമ്മയെ പറ്റിച്ച് എട്ടേകാല്‍ പവനും 4,60,000 രൂപയുമാണ് ഇരുവരും േചര്‍ന്നു തട്ടിയെടുത്തത്. വീട്ടമ്മയുമായി മുന്‍പരിചയമുണ്ടായിരുന്ന ശ്രീകല ഇടയ്ക്കിടെ ഇവരുടെ വീട്ടില്‍ ചെല്ലാറുണ്ടായിരുന്നു. വിദേശത്തായിരുന്ന പരാതിക്കാരി നാട്ടിലെത്തിയ സമയത്താണു ശ്രീകല ദീപയെ പരിചയപ്പെടുത്തിയത്. പാലക്കാടുള്ള വലിയ തറവാട്ടിലെ അംഗമാണെന്നും ഒട്ടേറെ ബിസിനസുകളുണ്ടെന്നും സിനിമയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. ദീപ, ഒരു സ്ഥലത്തിന്റെ റജിസ്‌ട്രേഷന്‍ സംബന്ധമായി അല്‍പം പണം തല്‍ക്കാലത്തേക്കു കടമായി വേണമെന്നു പറഞ്ഞാണു സ്വര്‍ണവും പണവും വാങ്ങിയത്. ശ്രീകലയാണു പണവും സ്വര്‍ണവും വാങ്ങി ദീപയ്ക്കു കൈമാറിയത്. പിന്നീടു രണ്ടു പേരും മുങ്ങി.
ദീപ പരാതിക്കാരിക്കു നല്‍കിയ വിലാസം വ്യാജമായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണു മാമംഗലത്തെ വാടകവീട്ടില്‍നിന്നു ദീപയെ പൊലീസ് പിടികൂടിയത്. ശ്രീകലയെ മതിലകത്തുള്ള വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തു. പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പറവൂര്‍ സിഐ എസ്. ജയകൃഷ്ണന്‍, എസ്‌ഐ ടി.വി. ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
സിനിമാ സംഘടനായ മാക്ടയുടെ പേരിലും ദീപ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. തമ്മനം സ്വദേശിയായ വീട്ടമ്മയില്‍ നിന്നു ഹോസ്റ്റലിനു ഷെയറെന്ന പേരില്‍ ഒന്‍പതു ലക്ഷം രൂപ തട്ടിച്ച സംഭവത്തില്‍ ദീപയ്‌ക്കെതിരെ പാലാരിവട്ടം സ്‌റ്റേഷനില്‍ കേസുണ്ട്. കടവന്ത്ര, കൊടുങ്ങല്ലൂര്‍ സ്‌റ്റേഷനുകളിലും സമാനസ്വഭാവമുള്ള കേസുകള്‍ ഇവര്‍ക്കെതിരെയുണ്ട്. ദീപ വിനയന്‍, ദീപ രഞ്ജിത്ത്, എസ്. ദീപ എന്നിങ്ങനെ പേരു മാറ്റിയാണു തട്ടിപ്പ് നടത്തിയിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























