കളമശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക് സിറ്റി പദ്ധതി പ്രദേശത്ത് മണ്ണിടിഞ്ഞ് നാല് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു... രണ്ട് പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍, തൊഴിലാളികള്‍ കുടുങ്ങിയത് 18 അടി താഴ്ചയില്‍ , സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ചയുണ്ടായോയെന്ന് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ , മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും

കളമശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക് സിറ്റി പദ്ധതി പ്രദേശത്ത് മണ്ണിടിഞ്ഞ് നാല് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പശ്ചിമബംഗാള്‍ സ്വദേശികളായ കുടുസ് മണ്ഡല്‍ (49), നജേഷ് അലി മണ്ഡല്‍ (29), ഫൈജുല മണ്ഡല്‍ (38), നൂര്‍ അമീന്‍ മണ്ഡല്‍ (20) എന്നിവരാണ് മരിച്ചത്.
മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മണ്ണിനടിയില്‍നിന്ന് ആദ്യം രക്ഷപ്പെടുത്തിയ ജിയാറുള്‍ മണ്ഡല്‍, മോനി മണ്ഡല്‍ എന്നിവരുടെ പരിക്കുകള്‍ സാരമല്ല.
മണ്ണിടിഞ്ഞപ്പോള്‍ത്തന്നെ ഇവര്‍ ജെ.സി.ബിയുടെ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു. കെട്ടിടത്തിന്റെ അടിത്തറ നിര്‍മ്മാണത്തിനായി കുഴിയെടുക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് അപകടമുണ്ടായതെങ്കിലും പുറത്തറിയാന്‍ വൈകി.
ജെ.സി.ബി ഉപയോഗിച്ച് തൊഴിലാളികള്‍ ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചതാണ് കാരണം. കെട്ടിടത്തിന്റെ അടിത്തറ നിര്‍മ്മാണത്തിനായി 18 അടിയിലേറെ താഴ്ചയില്‍ ഇവിടെ കുഴിയെടുത്തിരുന്നു. കുഴിയുടെ സമീപത്തു കൂടെ ടിപ്പര്‍ ലോറി പോയതിന് പിന്നാലെയാണ് മണ്ണിടിച്ചിലുണ്ടായത്. നേരത്തെ മണ്ണിട്ട് നിരപ്പാക്കിയ ഭൂമിയായതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് കരുതുന്നു.. നെസ്റ്റ് കമ്പനിയാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ വി.കെ. നവാസ് പറഞ്ഞു.
ഫയര്‍ഫോഴ്‌സ്, പൊലീസ്, ദുരന്തനിവാരണവിഭാഗം, സിവില്‍ ഡിഫന്‍സ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കിന്‍ഫ്രയില്‍നിന്ന് നെസ്റ്റ് ഗ്രൂപ്പ് പാട്ടത്തിനെടുത്ത സ്ഥലമാണിത്. കുഴിയെടുക്കല്‍ തുടങ്ങിയപ്പോള്‍ത്തന്നെ മണ്ണിടിച്ചില്‍ സാദ്ധ്യത സൂപ്പര്‍വൈസറെ അറിയിച്ചിരുന്നെന്ന് മരിച്ച നജേഷ് അലി മണ്ഡലിന്റെ സഹോദരന്‍ ഒലി അലി മണ്ഡല്‍, ബന്ധു ജലാലുദ്ദീന്‍ മണ്ഡല്‍ എന്നിവര്‍ പറഞ്ഞു. ഇരുവരും ഇവര്‍ക്കൊപ്പം സൈറ്റിലുണ്ടായിരുന്നു.25 തൊഴിലാളികളാണ് സൈറ്റിലുണ്ടായിരുന്നത്. കളമശേരിയിലെ ലേബര്‍ ക്യാമ്പിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്.
സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ചയുണ്ടായോയെന്ന് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന്റെ പൂര്‍ണ്ണ ചെലവ് നെസ്റ്റ് ഗ്രൂപ്പ് വഹിക്കും.
കളമശ്ശേരിയില്‍ മണ്ണിടിച്ചിലില്‍ തൊഴിലാളികള്‍ മരണപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ആശുപത്രിയിലുള്ളവര്‍ക്ക് ചികിത്സ ഉറപ്പുവരുത്താനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
https://www.facebook.com/Malayalivartha

























