വാക്കുകള്‍ ഹൃദയത്തില്‍ കൊണ്ടു... അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ നിറസാന്നിധ്യമായി മലയാളികളുടെ ഭാവന; വര്‍ഷങ്ങള്‍ക്ക് ശേഷം പൊതുവേദിയിലെത്തിയ താരത്തെ ഇരുകൈയ്യും നീട്ടി മലയാളികള്‍ സ്വീകരിച്ചു; പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും ആശംസകളെന്ന് ഭാവന

ജീവിതം എത്രമേല്‍ മാറ്റിമറിച്ചാലും പിടിച്ച് നില്‍ക്കുക എന്നത് വളരെ പ്രധാനമാണ്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ അപ്രതീക്ഷിതമായെത്തിയ ഭാവനയെ മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ശരിക്കും ഭാവന ഉദ്ഘാടന വേദിയില്‍ താരമായി മാറുകയായിരുന്നു.
അതിജീവനം അടയാളപ്പെടുത്തുന്ന സിനിമകള്‍ നിറയുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉല്‍ഘാടന വേദിയില്‍ ജീവിതം കൊണ്ട് അതിജീവനം തെളിയിച്ചവര്‍ ജ്വലിച്ചു നിന്നു ഐസിസ് ഭീകരരുടെ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാനും ഭാവനയ്ക്ക് കരുത്ത് പകരാനുണ്ടായിരുന്നു.
അപ്രതീക്ഷിതമായിട്ടായിരുന്നു ഭാവന ഉദ്ഘാടന വേദിയിലെത്തിയത്. ഉദ്ഘാടന ചടങ്ങിനായി നേരത്തെ സംഘാടക സമിതി പുറത്തിറക്കിയ അതിഥികളുടെ പട്ടികയില്‍ ഭാവനയുടെ പേരുണ്ടായിരുന്നു. ഉദ്ഘാടന സമയത്തോട് അടുത്തപ്പോള്‍ ഭാവന പങ്കെടുത്തേക്കുമെന്ന ചില അഭ്യൂഹങ്ങള്‍ ഉയര്‍ന്ന് വന്നു. അവസാനം ഉദ്ഘാടന ചടങ്ങിന് തൊട്ടുമുന്‍പായി മേളയിലെ വിശിഷ്ടാതിഥികളെ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിക്കുന്ന കൂട്ടത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഭാവനയെയും വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വേദിയിലെത്തിയ ഭാവനയെ നിറഞ്ഞ കൈയടിയോടെ എഴുന്നേറ്റ് നിന്നായിരുന്നു സദസ് സ്വീകരിച്ചത്.
ജീവിതത്തിലെ പ്രതിസന്ധികള്‍ക്കെതിരെ പോരാടുന്ന സ്ത്രീകള്‍ക്ക് ഭാവന ആശംസകള്‍ നേര്‍ന്നു. ചലച്ചിത്രമേളയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ഭാവന വ്യക്തമാക്കി. '26ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. വേദിയിലേക്ക് ക്ഷണിച്ച രഞ്ജിത് സാറിനും ബീനച്ചേച്ചിക്കും പ്രത്യേക നന്ദി അറിയിക്കുന്നു. നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും നല്ല സിനിമകള്‍ ആസ്വദിക്കുന്ന എല്ലാവര്‍ക്കും, ലിസയെ പോലെ പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും എല്ലാവിധ ആശംസകളും എന്ന് ഭാവന പറഞ്ഞു.
ഭാവന കേരളത്തിന്റെ റോള്‍ മോഡലാണെന്നായിരുന്നു മന്ത്രി സജി ചെറിയാന്‍ വിശേഷിപ്പിച്ചത്. നിശാഗന്ധിയിലെ പ്രൗഢ ഗംഭീരമായ വേദിയിലാണ് 26ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങ് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷത വഹിച്ചു. കുര്‍ദിഷ് സംവിധായിക ലിസ ചലാന് സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നല്‍കി മുഖ്യമന്ത്രി ആദരിച്ചു.
5 തിയേറ്ററുകളില്‍ ഏഴ് വിഭാഗങ്ങളിലായി 173 ചിത്രങ്ങളാണ് ഇത്തവണ ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശനത്തിനെത്തുന്നത്. അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ ടുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം എന്നിവയാണ് ഏഴ് വിഭാഗങ്ങള്‍.
ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്ത് ആണ് ഇരുവരെയും വേദിയിലേക്ക് ക്ഷണിച്ചത്. ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടമായിട്ടും നിര്‍ഭയം ചലച്ചിത്ര പ്രവര്‍ത്തനം തുടരുന്ന പോരാട്ടത്തിന്റെ പെണ്‍ പ്രതീകമായ ലിസ ചലാനെ ആദരപൂര്‍വം ക്ഷണിക്കുന്നു. വേദിയും സദസും എണീറ്റ് കരഘോഷത്തോടെ ലിസയെ വരവേറ്റു. റോസാപുഷ്പങ്ങള്‍ നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ ലിസയെ സ്വീകരിച്ചു.
ഉദ്ഘാടന ചിത്രം രഹ്‌ന മറിയം നൂറിലെ നായിക ബംഗ്ലാദേശുകാരിയായ അസ്മരി ഹക്ക് പിന്നീട് വേദിയിലെത്തി. കാന്‍ ഫെസ്റ്റിവലില്‍ മികച്ച നടിയായ അസ്മരിയെ മന്ത്രി സജി ചെറിയാന്‍ സ്വീകരിച്ചു. തുടര്‍ന്നായിരുന്നു ഭാവനയുടെ വരവ്. സദസ് ഹര്‍ഷാരവം മുഴക്കവേ രഞ്ജിത്തിന്റെ വാക്കുകള്‍ മുഴങ്ങി 'പോരാട്ടത്തിന്റെ മറ്റൊരു പെണ്‍ പ്രതീകമായ ഭാവനയെ സ്‌നേഹാദരങ്ങളോടെ ക്ഷണിക്കുന്നു...ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാ പോള്‍ ഭാവനയെ ആശ്ലേഷിച്ച് വേദിയിലേക്ക് ആനയിച്ചു. കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍ പൂക്കള്‍ നല്‍കി വരവേറ്റു.
"
https://www.facebook.com/Malayalivartha