ആറുമാസം മുമ്പാണ് മഞ്ചിക്കല്ലിൽ ഫൈസൽ സ്ഥലം വാങ്ങി വീട് നിർമ്മാണം ആരംഭിച്ചത്... ഏപ്രിൽ ആദ്യം തന്നെ മാറിത്താമസിക്കുന്നതിനായുള്ള പണികൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലായിരുന്നു; ആറ് ദിവസത്തെ ജോലികൾ കൂടിയാണ് അവശേഷിച്ചിരുന്നത്; പുതിയ വാഷിങ് മെഷീനും ഫ്രിഡ്ജുമടക്കം വീട്ടിൽ ഇറക്കി! സ്വപ്ന ഭവനത്തിൽ ഒരു ദിവസം പോലും കഴിയാനാവാതെ ഫൈസലിന്റെയും കുടുംബത്തിന്റെയും അന്ത്യയാത്ര! ഈ വീട് ഇനി ആർക്ക് വേണ്ടി പൂർത്തിയാക്കുമെന്ന സങ്കടത്തിൽ കോൺട്രാക്ടറും സുഹൃത്തുമായ രാജേഷ്

തൊടുപുഴ ചീനിക്കുഴി ആലിയക്കുന്നേൽ മുഹമ്മദ് ഫൈസൽ (ഷിബു 45), ഭാര്യ ഷീബ (40), പെൺമക്കളായ മെഹ്റിൻ (16), അസ്ന (13) എന്നിവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. പ്രതി ആലിയക്കുന്നേൽ ഹമീദിനെ (79) കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച അർദ്ധരാത്രി 12.30നായിരുന്നു അരുംകൊല. ഹമീദിന്റെ വധഭീഷണി കാരണം ഫൈസലും കുടുംബവും ഒരു മുറിയിലായിരുന്നു ഉറക്കം. ഹമീദ് മറ്റൊരു മുറിയിലും. വീട്ടിൽ മറ്റാരുമില്ലായിരുന്നു. അതേസമയം കൊല്ലപ്പെട്ട ഫൈസലിന്റെയും കുടുംബത്തിന്റെയും ഏറ്റവും വലിയ സ്വപ്നമായിരുന്നു മഞ്ചിക്കല്ലിൽ നിർമ്മാണം പൂർത്തിയായ വീടിന്റെ ഗൃഹപ്രവേശം. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതിനിടെയാണ് ദുരന്തം. പിതാവ് ഹമീദുമായുള്ള കുടുംബ പ്രശ്നങ്ങൾ മൂലം ആറുമാസം മുമ്പാണ് ഭാര്യ ഷീബയുടെ പേരിൽ മഞ്ചിക്കല്ലിൽ ഫൈസൽ സ്ഥലം വാങ്ങി വീട് നിർമ്മാണം ആരംഭിച്ചത്. ഏപ്രിൽ ആദ്യം തന്നെ മാറിത്താമസിക്കുന്നതിനായുള്ള പണികൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് കോൺട്രാക്ടറും ചീനിക്കുഴി സ്വദേശിയും സുഹൃത്തുമായ രാജേഷ് രാഘവൻ പറഞ്ഞു. ആറ് ദിവസത്തെ ജോലികൾ കൂടിയാണ് അവശേഷിച്ചിരുന്നത്.
പുതിയ വാഷിങ് മെഷീനും ഫ്രിഡ്ജുമടക്കം വീട്ടിൽ ഇറക്കിയിരുന്നു. വീട്ടിലേക്കുള്ള ഫർണിച്ചറായി ഒരു ഡൈനിങ് ടേബിൾ മാത്രമാണ് പണിയാനുണ്ടായിരുന്നത്. ഈ വീട് ഇനി ആർക്ക് വേണ്ടി പൂർത്തിയാക്കുമെന്ന സങ്കടമാണ് രാജേഷിന്. ഇഷ്ടദാനം കൊടുത്ത വീടും പുരയിടവും തിരിച്ചുനൽകാൻ വിസമ്മതിച്ചതിന്റെ പേരിലാണ് മകനെയും മകന്റെ ഭാര്യയെയും അവരുടെ രണ്ടു പെൺമക്കളെയും ഉറങ്ങിക്കിടക്കവേ എഴുപത്തിയൊൻപതുകാരനായ പിതാവ് ചുട്ടുകൊന്നത്. പെട്രോൾ നിറച്ച കുപ്പികൾ തിരിയിട്ട് കത്തിച്ച് ജനാലവഴി മുറിയിലേക്ക് എറിയുകയായിരുന്നു.
https://www.facebook.com/Malayalivartha