മുത്തച്ഛന്റെ പകയില്‍ കത്തിച്ചാമ്പലായത് രണ്ട് പെണ്‍ കുരുന്നുകളുടെ സ്വപ്‌നം, പഠിച്ച് നല്ല ജോലി വാങ്ങി വീട്ടുകാര്‍ക്ക് തണലാകണം, സ്വപ്‌നങ്ങള്‍ക്ക് പകരം ആ വീട്ടില്‍ ബാക്കിയുള്ളത് കത്തിത്തീരാറായ അവരുടെ പാഠപുസ്തകങ്ങളും കളിപ്പാട്ടങ്ങളും, പുതിയ വീട്ടിലേക്ക് എത്രയും വേഗം താമസമാക്കണമെന്ന് മെഹറും അസ്‌നയും മാതാപിതാക്കളോട് പറനായിരുന്നു, ആവേശത്തോടെയുള്ള അവരുടെ പെരുമാറ്റങ്ങളും കൊച്ചു കൊച്ചു പിണക്കങ്ങളും രസകരമായ അനുഭവങ്ങളാണ് തങ്ങള്‍ക്ക് സമ്മാനിച്ചതെന്ന് വിങ്ങലോടെ പ്രദേശവാസികള്‍

തൊടുപുഴയിലെ ചീനിക്കുഴിയില്‍ മുത്തച്ഛന്റെ പകയില്‍ കത്തിച്ചാമ്പലായത് രണ്ട് പെണ്‍ കുരുന്നുകളുടെ സ്വപ്‌നങ്ങള്‍ കൂടിയാണ്. നന്നായി പഠിച്ച് നല്ല ജോലി വാങ്ങി വീട്ടുകാര്‍ക്ക് തണലാകണം എന്നതായിരുന്നു മെഹറിന്റെയും അസ്‌നയുടെയും ആഗ്രഹം. എന്നാല്‍ സ്വപ്‌നങ്ങള്‍ക്ക് പകരം ആ വീട്ടില്‍ ബാക്കിയായത് കത്തിത്തീരാറായ അവരുടെ പാഠപുസ്തകങ്ങളും കളിപ്പാട്ടങ്ങളുമാണ്.
തൊടുപുഴ എ.പി.ജെ. അബ്ദുല്‍കലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് മെഹര്‍. കൊടുവേലി സാന്‍ജോസ് സി.എം.ഐ. പബ്ലിക് സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് അസ്‌ന. രണ്ട് വര്‍ത്തെ ഇടവേളക്ക് ശേഷം സ്‌കൂള്‍ തുറന്നപ്പോള്‍ മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഉത്സാഹമാണ് ഇവരില്‍ കണ്ടിരുന്നത്.
പാഠ്യവിഷയങ്ങളില്‍ മാത്രമല്ല കലാരംഗത്തും കളരിപ്പയറ്റിലും ഈ കുട്ടികള്‍ തങ്ങളുടെ മിടുക്ക് തെളിയിച്ചിരുന്നു.ഈ മക്കളെ കുറിച്ച് പറയുമ്പോള്‍ നാട്ടുകാര്‍ക്ക് നൂറുനാവാണ്. മഞ്ചിക്കല്ലില്‍ നിര്‍മിക്കുന്ന തങ്ങളുടെ പുതിയ വീട്ടിലേക്ക് പോകുമ്പോള്‍ കുട്ടികള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു ഉണ്ടായിരുന്നത്. മുത്തച്ഛനും അച്ഛനും തറവാടിന്റെ പേരില്‍ എന്നും വഴക്കായിരുന്നതിനാല്‍ പുതിയ വീട് കുട്ടികള്‍ക്കൊരു പ്രതീക്ഷയായിരുന്നു.
എത്രയും വേഗത്തില്‍ അവിടേക്ക് താമസം മാറണം എന്ന് ഇരുവരും മാതാപിതാക്കളോട് പറയുമായിരുന്നു. ആവേശത്തോടെയുള്ള അവരുടെ പെരുമാറ്റങ്ങളും കൊച്ചു കൊച്ചു പിണക്കങ്ങളും രസകരമായ അനുഭവങ്ങളാണ് തങ്ങള്‍ക്ക് സമ്മാനിച്ചിരുന്നത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
മാത്രമല്ല മത്സരിച്ചായിരുന്നു ഇരുവരും പുതിയ വീടിന്റെ മുറ്റത്ത് ചെടികള്‍ നട്ടുപിടിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം കുട്ടികള്‍ നട്ട ആ ചെടികളില്‍ പൂവ് വിരിഞ്ഞത് പ്രദേശവാസികളില്‍ ഏറെ നൊമ്പരമുണര്‍ത്തി. കുട്ടികളെ കുറിച്ചുള്ള നല്ല നല്ല അനുഭവങ്ങള്‍ മനസില്‍ തങ്ങി നില്‍ക്കുന്നതുകാരണം അവരുടെ ചേതനയറ്റ ശരീരം കാണാന്‍പോലും പലര്‍ക്കും സാധിച്ചില്ല.
സംഭവം നടക്കുന്ന അന്ന് അതായത് വെള്ളിയാഴ്ച രാത്രി പിതാവ് ഫൈസല്‍ വാങ്ങിയ സാധനങ്ങള്‍ അയല്‍പ്പക്കത്തുള്ള കളിക്കൂട്ടുകാരന്റെ വീട്ടില്‍ കൊടുത്ത ശേഷം ടാറ്റയും കൊടുത്ത് നാളെ കാണാം എന്ന് പറഞ്ഞാണ് ഈ മക്കള്‍ ആ വീട്ടില്‍ നിന്ന് മടങ്ങിയത്. എന്നാല്‍ ആ പോക്കിന് പിന്നീടൊരു മടക്കം ഉണ്ടായില്ല എന്നത് ആ കൂട്ടുകാരനേയും അവന്റെ വീട്ടുകാരേയും തീരാവേദനയിലാഴ്ത്തിയിരിക്കുകയാണ്.
സ്വത്തിനും ഭക്ഷണത്തിനും വേണ്ടിയാണ് 79കാരനായ ഹമീദ് കൊച്ചുമക്കളുടെ നിഷ്‌കളങ്കമായ മുഖം പോലും മറന്ന് വീട് കത്തിച്ചത്. ഇവര്‍ കിടന്നിരുന്ന മുറിയുടെ ജനല്‍വഴി പെട്രോള്‍ നിറച്ച കുപ്പിയെറിഞ്ഞാണ് തീകൊളുത്തിയത്. തീര്‍ത്തും പൈശാചികമായ കൊലപാതകം എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കേണ്ടി വരും. കാരണം കൃത്യമായ പ്ലാനിഗോട് കൂടിയാണ് ഹമീദ് കൃത്യം നടത്തിയത്.
തീ കെടുത്താതിരിക്കാന്‍ ടാങ്കിലെ വെള്ളം ചോര്‍ത്തിക്കളഞ്ഞ് വീട് പുറത്തുനിന്ന് പൂട്ടിയാണ് ഇയാള്‍ കൊലപാതകം നടത്തിയത്. ഇതിനായി ഹമീഡ് ഉപയോഗിച്ചത് മകന്‍ ചില്ലറ വില്‍പ്പന നടത്തിയിരുന്ന കുപ്പി പെട്രോളാണ്. ആരുമില്ലാത്ത സമയത്താണ് ഹമീദ് പെട്രോള്‍ ചെറിയ കുപ്പികളിലേയ്ക് മാറ്റിയത്. കുപ്പികളുടെ മുക്കാല്‍ ഭാഗത്തോളം പെട്രോള്‍ ഒഴിച്ചശേഷം കത്തിക്കാന്‍ പാകത്തിന് തുണികെണ്ടുള്ള തിരികള്‍ ഉണ്ടാക്കി ഇട്ടു. ഇത്തരത്തില്‍ പത്തിലധികം കുപ്പികള്‍ ഹമീദ് ഉണ്ടാക്കിയിരുന്നെന്നാണ് പോലീസ് പറയുന്നത്.
വീടിന് തീപടര്‍ന്ന വിവരം അറിയിച്ചത് കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലാണെന്ന് ദൃക്‌സാക്ഷിയായ രാഹുല്‍ പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും വീട് പൂട്ടിയിരുന്നതിനാല്‍ ഒന്നും ചെയ്യാനായില്ല. ഒടുവില്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നു. ഈ സമയത്തും പ്രതി ഹമീദ് പെട്രോള്‍ ഒഴിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നും രാഹുല്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പോലീസിന് മുന്നില്‍ സംഭവങ്ങള്‍ ഓരോന്നും വിവരിക്കുമ്പോഴും ഹമീദിന് യാതൊരുവിധ ഭാവമാറ്റവും ഇല്ലായിരുന്നു എന്നാണ് പേലീസ് പറയുന്നത്. ഉച്ചയ്ക്കും തനിക്ക് ആഹാരം ലഭിച്ചില്ല അതുകൊണ്ട് കൊന്നു എന്ന് നിസാരമട്ടിലാണ് ഇയാള്‍ പോലീസിന് മൊഴികൊടുത്തത്.
മാത്രമല്ല മത്സ്യവും മട്ടനും എല്ലാം കഴിച്ച് ഇനിയും ജീവിക്കണമെന്നും ഇയാള്‍ പോലീസിനെ അറിയിച്ചു. ശേഷം മക്കളും കൊച്ചുമക്കളും മരിച്ചെന്ന് ഡിവൈ.എസ്.പി. എ.ജി. ലാല്‍ ഇയാളെ അറിയിച്ചപ്പോള്‍ ആദ്യം വിഷമിച്ചെങ്കിലും പിന്നീട് സന്തോഷത്തോടെ പെരുമാറുകയാണ് ചെയ്തത്.
തറവാട് വീടും അതിനോട് ചേര്‍ന്ന പറമ്പും മുഹമ്മദ് ഫൈസലിനാണ് നല്‍കിയിരുന്നത്. തന്നെ സംരക്ഷിക്കാമെന്നും പറമ്പിലെ ആദായം എടുക്കാമെന്നുമുള്ള വ്യവസ്ഥയിലാണ് തറവാട് വീടും പറമ്പും ഫൈസലിന് നല്‍കിയത്. എന്നാല്‍ ഫൈസല്‍ ഇത് പാലിച്ചില്ലെന്നും ഇതിനെ ചൊല്ലിയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതെന്നുമാണ് ഹമീദ് പൊലീസിന് നല്‍കിയ മൊഴി.
തന്നെ എതിര്‍ത്ത് സംസാരിക്കുന്ന മകനെയും അവന്റെ കുടുംബത്തെയും വെറുതെ വിടില്ലെന്നും കൊലപ്പെടുത്തുമെന്നും ഹമീദ് പലവട്ടം ഭീഷണി മുഴക്കിയിരുന്നു. ഒരിക്കല്‍ വീടിനടുത്തുള്ള ചായക്കടയില്‍ ചെന്ന് അവിടെയുള്ളവരോടും മകനോടുള്ള തന്റെ വൈരാഗ്യത്തെ കുറിച്ച് ഹമീദ് പറഞ്ഞിരുന്നു. അവസാനകാലത്തോളം നല്ല ഭക്ഷണം കഴിക്കണം ജയിലില്‍ മട്ടനുള്‍പ്പടെ ഇപ്പോള്‍ ഉണ്ടെന്നും അതിന് താന്‍ വഴിയുണ്ടാക്കുന്നുണ്ടെന്നുമായിരുന്നു ഹമീദ് പറഞ്ഞിരുന്നത്.
ഇതിനിടെ തന്റെ മക്കളെ പോലും വെറുതെ വിടില്ലെന്ന് മനസിലാക്കിയ ഫൈസല്‍ പിതാവിന്റെ ഭീഷണിയെ കുറിച്ച് കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. ഏറെക്കാലം മറ്റൊരു സ്ത്രീക്കൊപ്പം താമസിച്ചിരുന്ന ഹമീദ് ഈയടുത്താണ് തിരിച്ചെത്തിയത്. വന്നതിനുശേഷം ഫൈസലിനേയും സഹോദരനേയും ഇയാള്‍ വെല്ലുവിളിച്ചിരുന്നതായും പ്രശ്‌നം ഉണ്ടാക്കിയിരുന്നതായും അയല്‍വാസികളും പറയുന്നു.
വാര്‍ത്ത കാണാം..
https://www.facebook.com/Malayalivartha