യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിച്ചാല്‍ മാത്രമേ ഇന്ത്യ - ചൈന ബന്ധം സൗഹൃദപൂര്‍വമാകുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുമായുള്ള ചര്‍ച്ചയില്‍ തുറന്നടിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിച്ചാല്‍ മാത്രമേ ഇന്ത്യ - ചൈന ബന്ധം സൗഹൃദപൂര്‍വമാകുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുമായുള്ള ചര്‍ച്ചയില്‍ തുറന്നടിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍.
ഇരുവരും തമ്മില്‍ ഇന്നലെ നടന്ന മൂന്ന് മണിക്കൂര്‍ ചര്‍ച്ച സംയുക്ത പ്രസ്താവനയോ കരാറുകളോ ഇല്ലാതെയാണ് അവസാനിച്ചത്. വ്യാഴാഴ്ച അപ്രതീക്ഷിതമായി എത്തിയ ചൈനീസ് മന്ത്രി ഇന്നലെ രാവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തി. . അതിര്‍ത്തി ചര്‍ച്ചയ്ക്കായി ഡോവലിനെ വാങ് യീ ചൈനയിലേക്ക് ക്ഷണിച്ചു..അതിനുശേഷമായിരുന്നു ജയശങ്കറുമായുള്ള കൂടിക്കാഴ്ച.
രണ്ടു വര്‍ഷം മുമ്പ് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം നടത്തിയ കൈയേറ്റത്തെത്തുടര്‍ന്ന് വഷളായ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനായിരുന്നു ചൈനീസ് മന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം. ബന്ധം മെച്ചപ്പടുത്താന്‍ ചൈന ആഗ്രഹിക്കുന്നതായി വാംഗ് യി അറിയിച്ചു.
ഇന്ത്യ നിലപാടുകള്‍ ശക്തമായി അവതരിപ്പിച്ചു. അതിര്‍ത്തിയിലെ കൈയേറ്റം പെട്ടെന്ന് പൊറുക്കാനാവില്ലെന്നും, സേനാ പിന്‍മാറ്റം പൂര്‍ത്തിയാകുന്നത് വരെ ബന്ധം സാധാരണ നിലയിലാകില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി.
കിഴക്കന്‍ ലഡാക്കിലെ സേനാ പിന്‍മാറ്റം പൂണമാകുന്നതുവരെ ബന്ധം സാധാരണ തോതിലാകില്ലെന്ന് ചര്‍ചയ്ക്ക് ശേഷം വാര്‍ത്താസമ്മേളനത്തിലും ജയശങ്കര്‍ പറഞ്ഞു. യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഇരു രാജ്യങ്ങളുടെയും ഒരു ലക്ഷത്തോളം സൈനികര്‍ സംഘര്‍ഷാന്തരീക്ഷത്തില്‍ നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനില്‍ നടന്ന ഒ.ഐ.സി സമ്മേളനത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി നടത്തിയ കാശ്മീര്‍ വിരുദ്ധ പ്രസ്താവനയെ തള്ളിയ ഇന്ത്യ വിഷയത്തില്‍ സൂക്ഷിച്ച് അഭിപ്രായം പറയണമെന്ന മുന്നറിയിപ്പും നല്‍കി. ഇന്നലെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിലാണ് കാശ്മീര്‍ വിരുദ്ധ പ്രസ്താവന ചര്‍ച്ചയായത്.ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ചൈനയുടെ നയങ്ങള്‍ സ്വതന്ത്രമാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിന് മറ്റു രാജ്യങ്ങളുടെയും ബന്ധങ്ങളുടെയും സ്വാധീനമുണ്ടാകരുതെന്നും ജയശങ്കര്‍ പറഞ്ഞു.
യുക്രെയിന്‍ വിഷയത്തില്‍ റഷ്യയെ പിന്തുണച്ച ചൈനയും ഇന്ത്യയും ഒന്നിച്ചു നില്‍ക്കണമെന്ന സന്ദേശവുമായാണ് വാംഗ് യി എത്തിയതെന്ന് സൂചനയുണ്ട്. പാകിസ്ഥാന്‍, അഫ്ഗാസ്ഥാന്‍ സന്ദര്‍ശനം കഴിഞ്ഞ് വ്യാഴാഴ്ച രാത്രിയാണ് വാംഗ് യി ഡല്‍ഹിയിലെത്തിയത്. സന്ദര്‍ശനം രഹസ്യമാക്കാന്‍ ചൈന ആവശ്യപ്പെട്ടെന്ന് ജയശങ്കര്‍ വെളിപ്പെടുത്തി.
കൊവിഡിനെ തുടര്‍ന്ന് ചൈനയില്‍ പഠനം മുടങ്ങിയ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ തിരിച്ചു പോക്ക് ജയശങ്കര്‍ ഉന്നയിച്ചു. ചൈനയില്‍ തിരിച്ചെത്തിയ ശേഷം അധികാരികളുമായി സംസാരിക്കാമെന്ന് വാംഗ് യി ഉറപ്പു നല്‍കി.
https://www.facebook.com/Malayalivartha