കളികള്‍ മാറുന്നു കഥയും... അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ടു കുപ്രസിദ്ധ ഗുണ്ട ഭായ് നസീറിനെ ചോദ്യം ചെയ്തു; സായ് ശങ്കറിനെ അറിയില്ലെന്നും വൃക്കരോഗിയായ താന്‍ ഇപ്പോള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ലെന്നും ഭായ് നസീര്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച് പോയ പോലീസ് സംഘത്തിന് സമാന്തരമായി മറ്റ് ചില കുറ്റവാളികളെക്കൂടി കണ്ടെത്താനായി. ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് നടക്കുന്നത്.
ഈ കേസിന്റെ ഭാഗമായി കുപ്രസിദ്ധ ഗുണ്ട ഭായ് നസീറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കേസിലെ ഒന്നാം പ്രതി നടന്‍ ദിലീപിന്റെ ഫോണുകളിലെ ഡിജിറ്റല്‍ തെളിവുകള്‍ ഇല്ലാതാക്കിയ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ 45 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണു ഭായ് നസീറിനെ ചോദ്യം ചെയ്തത്. മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്തു കബളിപ്പിച്ചു കൊയിലാണ്ടി സ്വദേശിയുടെ പക്കല്‍നിന്നു സായ് ശങ്കര്‍ 45 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതിയുണ്ടായിരുന്നു.
ഈ പണം തിരികെ ചോദിച്ചപ്പോള്‍ കൊയിലാണ്ടി സ്വദേശിയെ തിരികെവിളിച്ചതു 'ഭായ് നസീറാണെ'ന്നാണു പരാതി. എന്നാല്‍ സായ് ശങ്കറിനെ അറിയില്ലെന്നും വൃക്കരോഗിയായ താന്‍ ഇപ്പോള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ലെന്നും ഭായ് നസീര്‍ മൊഴി നല്‍കി. വാങ്ങിയ പണം തിരികെ നല്‍കാതിരിക്കാന്‍ സായ് ശങ്കര്‍ മറ്റാരെയോ ചട്ടംകെട്ടി ഭായ് നസീറിന്റെ പേരു പറഞ്ഞു ഫോണില്‍ വിളിപ്പിച്ചു കൊയിലാണ്ടി സ്വദേശിയെ ഭീഷണിപ്പെടുത്തിയതാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
നടിയെ ആക്രമിച്ച കേസില്‍ നേരത്തെ നല്‍കിയ മൊഴിയും തെളിവും മാറ്റി പറയാന്‍ നിര്‍ബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപിച്ചു കേസിലെ സാക്ഷി സാഗര്‍ വിന്‍സന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി 28നു പരിഗണിക്കാന്‍ മാറ്റി. വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സമയം തേടിയതിനെ തുടര്‍ന്നാണു ജസ്റ്റിസ് അനു ശിവരാമന്‍ ഹര്‍ജി മാറ്റിയത്. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് അയയ്ക്കുകയാണെന്നും മാനസികമായും ശാരീരികമായും പീഡിപ്പിക്കുമെന്നു ഭയക്കുന്നതായും ഹര്‍ജിയില്‍ പറയുന്നു.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ പകര്‍പ്പെടുക്കാന്‍ പോലും അനുവാദമില്ലാത്ത സുപ്രധാന കോടതി രേഖകളടക്കം ദിലീപിന്റെ കൈയിലുണ്ടായിരുന്നുവെന്ന് അന്വേഷണസംഘത്തിന് തെളിവുകള്‍ ലഭിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അതീവ രഹസ്യരേഖകള്‍ കേസില്‍ പ്രതിയായ ദിലീപിന്റെ മൊബൈലിലെത്തിയത് ഫോറന്‍സിക് വിദഗ്ധര്‍ ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. വാട്‌സാപ്പ് വഴിയാണ് ദിലീപിന് രേഖകള്‍ ലഭിച്ചത്. ദിലീപിന്റെ ഫോണില്‍ നിന്നും മാറ്റപ്പെട്ട കോടതി രേഖകള്‍ ഫോറന്‍സിക് സംഘം വീണ്ടെടുത്തു.
കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ഫോണിലേക്ക് കോടതിയില്‍ നിന്നും രഹസ്യ രേഖകള്‍ എത്തിയെന്ന വിവരം കേസില്‍ വഴിത്തിരിവുകള്‍ക്ക് ഇടയാക്കും. നേരത്തെ ദിലീപിന്റെ ഫോണില്‍ നിന്നും കോടതി രേഖകളും നശിപ്പിച്ചുവെന്ന് സൈബര്‍ വിദഗ്ദന്‍ സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ആരാണ് കോടതി രേഖകള്‍ ദിലീപിന് കൈമാറിയതെന്ന് കണ്ടെത്താനായിട്ടില്ല.
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കി. തിങ്കളാഴ്ചയാണു ചോദ്യംചെയ്യല്‍. ആദ്യം വ്യാഴാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് നല്‍കിയത്. എന്നാല്‍, ദിലീപ് അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാകും ചോദ്യം ചെയ്യുക.
കേസില്‍ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഇതുമുന്‍നിര്‍ത്തി കേസില്‍ തുരന്വേഷണം നടക്കുന്നുണ്ട്. തുടരന്വേഷണം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണു വീണ്ടും ചോദ്യം ചെയ്യുന്നത്.
"
https://www.facebook.com/Malayalivartha