കല്ലിടല്‍ പോയ പോക്ക്... ക്ലിഫ് ഹൗസിന്റെ മുന്നിലൂടെ ഒരീച്ചയ്ക്ക് പോലും മുന്നോട്ട് പോകാന്‍ കഴിയില്ല; വന്‍ സുരക്ഷയുള്ള ക്ലിഫ് ഹൗസില്‍ യുവമോര്‍ച്ചക്കാര്‍ മതില്‍ ചാടിക്കടന്ന് കല്ലിട്ടത് നാണക്കേടായി; ക്ലിഫ് ഹൗസ് കാക്കാന്‍ കമാന്‍ഡോകള്‍ വരും; മറുവശത്ത് കല്ല് പിഴുതെറിയല്‍ പൊതുമുതല്‍ നശിപ്പിക്കലിന് കേസെടുക്കാമോ എന്ന് ആശയക്കുഴപ്പം

കെ റെയില്‍ സമരം പൊടി പൊടിക്കുന്നതിനിടെയാണ് ക്ലിഫ് ഹൗസ് ചാടിക്കടന്ന് യുവമോര്‍ച്ചക്കാര്‍ കല്ലിട്ടത്. ഇത് പോലീസിന് വലിയ നാണക്കേടായി. വന്‍ സുരക്ഷയാണ് ക്ലിഫ് ഹൗസിന് ഒരുക്കിയത്. എന്നാല്‍ ആരുടേയും കണ്ണില്‍പ്പെടാതെയാണ് ബിജെപിക്കാര്‍ ക്ലിഫ് ഹൗസ് മതില്‍ ചാടിക്കടന്ന് കല്ലിട്ടത്.
പ്രത്യേക സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസിന്റ മതില്‍ പട്ടാപ്പകല്‍ ചാടിക്കടന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കെറിയില്‍ കല്ല് കുഴിച്ചിട്ടതോടെ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്ക് പഴുതില്ലാ സുരക്ഷയൊരുക്കാന്‍ നടപടി തുടങ്ങി. സി.ഐ.എസ്.എഫിന്റെ മാതൃകയിലുള്ള സംസ്ഥാന സേനയായ എസ്.ഐ.എസ്.എഫിന് ക്ലിഫ് ഹൗസിന്റെ സുരക്ഷ പൂര്‍ണമായി കൈമാറും.
ക്ലിഫ് ഹൗസിലും സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ മാത്രമായി എസ്.പി റാങ്കുള്ള ഡെപ്യൂട്ടി കമ്മിഷണറെ നിയോഗിക്കും. ഇതിനായി ഡി.സി.പിയുടെ തസ്തിക സൃഷ്ടിച്ചു കഴിഞ്ഞു. രണ്ടിടത്തെയും സുരക്ഷാ ഏകോപനവും മേല്‍നോട്ടവും ഈ ഉദ്യോഗസ്ഥനായിരിക്കും. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേര്‍ന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് ഓഫീസും അനുവദിക്കും. ഇസഡ് പ്ലസ് സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്.
മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ സായുധ ബറ്റാലിയനുകള്‍, ലോക്കല്‍ പൊലീസ്, എസ്.ഐ.എസ്.എഫ്, ദ്രുതകര്‍മ്മസേന എന്നീ വിഭാഗങ്ങളിലെ അഞ്ഞൂറോളം പൊലീസുകാരാണ് ഇപ്പോഴുള്ളത്. ഇവരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത് പുതിയ ഡെപ്യൂട്ടി കമ്മിഷണറായിരിക്കും. മുഖ്യമന്ത്രിയുടെ വിവിധ സുരക്ഷാവിഭാഗങ്ങള്‍ തമ്മില്‍ ഏകോപനമില്ലെന്ന് ഡി.ജി.പി നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്ലിഫ് ഹൗസിന്റെ സുരക്ഷാകാര്യങ്ങള്‍ വിലയിരുത്താന്‍ സെക്യൂരിറ്റി ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിക്കണമെന്ന പൊലീസ് മേധാവിയുടെ ശുപാര്‍ശയും ആഭ്യന്തരവകുപ്പ് അംഗീകരിച്ചിട്ടുണ്ട്.
ക്ലിഫ്ഹൗസിന്റെ പിറകുവശത്ത് കാമറാ നിരീക്ഷണമില്ലാത്ത മേഖലയിലെ മതില്‍ച്ചാടിക്കടന്നാണ് കല്ല് കുഴിച്ചിട്ടത്. കല്ലും മണ്‍വെട്ടിയും തലേന്നു തന്നെ ഈ ഭാഗത്ത് ഒളിച്ചുവയ്ക്കാനും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കായി. ക്ലിഫ് ഹൗസ് പരിസരമാകെ ഉടന്‍ കാമറ സ്ഥാപിക്കും.
സെക്രട്ടേറിയറ്റും ക്ലിഫ്ഹൗസും പ്രത്യേക സുരക്ഷാമേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളുടെ പ്രവേശനത്തിനും കെട്ടിടങ്ങളുടെ ഉപയോഗത്തിനുമടക്കം നിയന്ത്രണമുണ്ട്. ക്ലിഫ് ഹൗസിനകത്തും പുറത്തുമുള്ള സേനാംഗങ്ങളുടെ എണ്ണം ഇരട്ടിയാക്കും. ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ നിന്ന് ക്ലിഫ് ഹൗസ് റോഡിലേക്ക് പോവാന്‍ കര്‍ശന പരിശോധനയുണ്ടാകും. ക്ലിഫ് ഹൗസിന് മുന്നിലെ ഗാര്‍ഡ് റൂമിന്റെ സൗകര്യങ്ങള്‍ വാച്ച് ടവറിന്റേതിനു തുല്യമാക്കി. വൈദ്യുതി മുടക്കമില്ലാതെ ലഭിക്കുന്നതിന് ഒരു ജനറേറ്റര്‍ കൂടി സജ്ജമാക്കി.
അതേസമയം സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേ നടപടികളുടെ ഭാഗമായി സ്ഥാപിക്കുന്ന കല്ലുകള്‍ പിഴുതെറിയുന്നതിനെതിരെ പൊതുമുതല്‍ നശിപ്പിക്കല്‍ വകുപ്പുപ്രകാരം കേസെടുക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടായതോടെ ആഭ്യന്തരവകുപ്പ് നിയമവകുപ്പിനോട് ഉപദേശം തേടി. എതിര്‍പ്പ് വ്യാപകമായതോടെ കല്ലിടലില്‍ കൂടുതല്‍ ആവേശം തത്കാലം ഉണ്ടാവില്ലെന്നും സൂചനയുണ്ട്. അതേസമയം, ഇന്നലെ ഒരിടത്തും കല്ലിടല്‍ നടപടികളുണ്ടായില്ലെങ്കിലും അത് നിറുത്തിയിട്ടില്ലെന്നാണ് കെറെയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.
2013ലെ ഭൂമിയേറ്റെടുക്കലും നഷ്ടപരിഹാരവും നിയമപ്രകാരം ഏറ്റെടുക്കാനായി വിജ്ഞാപനം ചെയ്ത ഭൂമിയില്‍ കല്ലിടാം. അത്തരത്തില്‍ അതിരു തിരിക്കുന്ന ഭൂമിയില്‍ കല്ല് പിഴുതെറിഞ്ഞാല്‍ പൊതുമുതല്‍ നശിപ്പിച്ചതിന് പി.ഡി.പി.പി നിയമത്തിലെ 4 (3) വകുപ്പനുസരിച്ച് കേസെടുക്കാം. എന്നാല്‍, ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനമില്ലാതെ സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ കല്ലിട്ടാല്‍ അത് അതിക്രമിച്ച് കടക്കലാവും. അതാണ് പോലീസിനേയും ഉദ്യോഗസ്ഥരേയും കുഴയ്ക്കുന്നത്.
"
https://www.facebook.com/Malayalivartha