ഹോം സ്റ്റേ ലൈസന്‍സ് പുതുക്കാന്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങിയ സംഭവം... കൈക്കൂലി ട്രാപ്പു കേസില്‍ പഞ്ചായത്ത് ക്ലര്‍ക്കിനെ റിമാന്റ് ചെയ്തു

ഹോം സ്റ്റേ കെട്ടിട ലൈസന്‍സ് പുതുക്കുന്നതിന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ ട്രാപ്പു കേസില്‍ പഞ്ചായത്ത് ക്ലര്‍ക്കിനെ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ കോടതി റിമാന്റെ ചെയ്തു
തിരുവനന്തപുരം റൂറല്‍ കോട്ടുകാല്‍ പഞ്ചായത്ത് ഓഫീസ് സെക്ഷന്‍ യു ഡി ക്ലാര്‍ക്ക് എം. ശ്രീകുമാറിനെയാണ് വിജിലന്‍സ് ജഡ്ജി ഗോപകുമാര്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് ജയിലിലടച്ചത്.
മാര്‍ച്ച് 23 നാണ് ഫിനോഫ്തലിന്‍ പൊടി വിതറിയ കെണിപ്പണമായ നോട്ടുകള്‍ പരാതിക്കാരനില്‍ നിന്ന് കൈപ്പറ്റവേ
വിജിലന്‍സ് കെണിയൊരുക്കി അറസ്റ്റ് ചെയ്തത്.
കല്ലിയൂര്‍ സ്വദേശി സുരേഷ് കോവളം ആഴിമല ഭാഗത്ത് മൂന്നു നില കെട്ടിടത്തിന്റെ രണ്ടുനിലകള്‍ വാടകക്കെടുത്ത് ഹോം സ്റ്റേ തുടങ്ങുന്നതിലേയ്ക്ക് കോട്ടുകാല്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും 2019 ല്‍ ലൈസന്‍സ് എടുത്തിരുന്നു.
എന്നാല്‍ കോവിഡ് കാലമായിരുന്നതിനാല്‍ ഹോം സ്റ്റേ തുടങ്ങാന്‍ സാധിച്ചില്ല. ലൈസന്‍സ് കാലാവധി കഴിഞ്ഞതിനാല്‍ പുതുക്കുന്നതിനായി അപേക്ഷ നല്‍കി. തുടര്‍ന്ന് അടുത്ത ദിവസം കെട്ടിട പരിശോധന നടത്താന്‍ എത്തിയ സെക്ഷന്‍ ക്ലാര്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ 25,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ആദ്യ ഗഡുവായി 10.000 രൂപ ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായാണ് കേസ്. തുടര്‍ന്ന് സുരേഷ് വിജിലന്‍സ് സതേണ്‍ റേയ്ഞ്ചില്‍ പരാതിപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഫിനോഥ്ത്തലിന്‍ പൊടി വിതറിയ നോട്ടുകള്‍ വച്ച് വിജിലന്‍സ് ട്രാപ്പ് കേസ് കെണിയൊരുക്കി. ഉച്ചക്ക് പഞ്ചായത്ത് ഓഫീസിന് സമീപം പരാതിക്കാരന്റെ കാറില്‍ വച്ച് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൊണ്ടി സഹിതം അറസ്റ്റ് ചെയ്തു.
വിജിലന്‍സ് കൊണ്ടുവന്ന പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയില്‍ ശ്രീകുമാറിന്റെ കൈവിരലുകള്‍ മുക്കിയപ്പോള്‍ ലായനി പിങ്ക് നിറമായി മാറി. കെണിപ്പണം പ്രതി കൈപ്പറ്റിയതായി ശാസ്ത്രീയമായി തെളിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
" f
https://www.facebook.com/Malayalivartha