ചര്‍ച്ച നടത്താതെ സര്‍ക്കാര്‍.... സംസ്ഥാനത്തു സ്വകാര്യ ബസുകള്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക്.... യാത്രക്കാര്‍ വലയുന്നു

സംസ്ഥാനത്തു സ്വകാര്യ ബസുകള്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്കു കടന്നിട്ടും പ്രശ്‌ന പരിഹാരത്തിനു ചര്‍ച്ച പോലും നടത്താതെ സര്‍ക്കാര്‍. സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ചയ്ക്കു വിളിച്ചിട്ടില്ലെന്നാണ് അനിശ്ചിതകാല സമരത്തിലുള്ള ബസ് ഉടമകളുടെ യൂണിയനുകള്‍ പറയുന്നത്. അതേസമയം, ഇക്കാര്യത്തില്‍ ഇനിയും ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിലപാട്.
ചാര്‍ജ് വര്‍ധന കാര്യത്തില്‍ തീരുമാനമായതാണ്. അത് എപ്പോള്‍, എങ്ങനെ നടപ്പിലാക്കുമെന്നു പറയാനാകില്ല. ചാര്‍ജ് വര്‍ധന എടുത്തുചാടി തീരുമാനിക്കേണ്ട ഒന്നല്ല. പല കാര്യങ്ങള്‍ ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതുണ്ട്. ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന സമരം ശരിയാണോ എന്നു ബസുടമകള്‍ ആലോചിക്കണം.
ബസ് ചാര്‍ജ് വര്‍ധനയ്‌ക്കൊപ്പം ഓട്ടോ- ടാക്‌സി നിരക്ക് വര്‍ധിപ്പിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഒരു പാക്കേജായി മാത്രമേ നിരക്ക് വര്‍ധന പ്രഖ്യാപിക്കൂ. 30നു ചേരുന്ന എല്‍ഡിഎഫ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തതിനു ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂയെന്നും മന്ത്രി പറയുന്നു.
അതേസമയം, നിരക്ക് വര്‍ധന അംഗീകരിച്ചിട്ടും അതു നടപ്പിലാക്കുന്നത് വൈകിപ്പിക്കുന്നതു മന്ത്രിയുടെ ശാഠ്യം കൊണ്ടാണെന്നാണ് ബസ് ഉടമകളുടെ ആരോപണം. ഗതാഗത മന്ത്രിയുടെ നിലപാടാണ് പണിമുടക്കിലേക്ക് എത്തിച്ചത്.
കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തുമെന്നു മന്ത്രി പറഞ്ഞിരുന്നെങ്കിലും പ്രഖ്യാപനം ഫലമുണ്ടാക്കിയില്ല. തിരുവനന്തപുരത്ത് ഒരു വിഭാഗം സ്വകാര്യ ബസുകള്‍ പണിമുടക്കില്‍ പങ്കെടുക്കാത്തതും കെഎസ്ആര്‍ടിസി കുത്തകയാക്കി വച്ചിരിക്കുന്നതും മൂലം സമരം വലിയ തോതില്‍ ബാധിച്ചിട്ടില്ല. എന്നാല്‍, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ പണിമുടക്ക് ഏറെക്കുറെ പൂര്‍ണമാണ്.
ബസ് സമരം മൂന്നാം ദിവസത്തിലേക്കു കടന്നതോടെ മിക്ക ജില്ലകളിലെയും പൊതുഗതാഗതം ഏറെക്കുറെ സ്തംഭിച്ച മട്ടിലാണ്. വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ വല്ലാതെ വലയുകയാണ്.
https://www.facebook.com/Malayalivartha