ആവശ്യമായ തയ്യാറെടുപ്പുകൾ മുടക്കമില്ലാതെ മുന്നോട്ട് കൊണ്ടുപോകും; അതോടൊപ്പം അവധാനതയോടെ ജനങ്ങളുടെ ഇടയിലുള്ള തെറ്റിദ്ധാരണകൾ ദൂരീകരിക്കുന്നതിനും ശ്രമിക്കും; വിവാദവും സംഘർഷവുമല്ല സംവാദവും അതിലൂടെയുള്ള ആശയവ്യക്തതയുമാണ് വേണ്ടത്; കെ റെയിലിനെ കുറിച്ച് ഡോ. തോമസ് ഐസ്സക്ക്

കെ റെയിലിൽ വിവാദവും സംഘർഷവുമല്ല വേണ്ടത്. സംവാദവും അതിലൂടെയുള്ള ആശയവ്യക്തതയുമാണ് വേണ്ടതെന്ന് ഡോ. തോമസ് ഐസ്സക്ക് പറഞ്ഞു. ആവശ്യമായ തയ്യാറെടുപ്പുകൾ മുടക്കമില്ലാതെ മുന്നോട്ട് കൊണ്ടുപോകും. അതോടൊപ്പം അവധാനതയോടെ ജനങ്ങളുടെ ഇടയിലുള്ള തെറ്റിദ്ധാരണകൾ ദൂരീകരിക്കുന്നതിനും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞ വാക്കുകൾ ഇങ്ങനെ; പൊന്നാനിയിൽ ഒരു കെ-റെയിൽ സംവാദം. മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ അധ്യക്ഷനായിരുന്നു.
രണ്ട് ലഘുഅവതരണങ്ങൾ. തുടർന്ന് ചോദ്യോത്തരം. സ്ഥലം എ.വി. ഹൈസ്കൂൾ അങ്കണം. പൊന്നാനി ഏരിയാ കമ്മിറ്റിയാണ് സംഘടിപ്പിച്ചത്. കോൺഗ്രസ്-ബിജെപിക്കാർ ഇത്തരം സംവാദങ്ങളെല്ലാം ബഹിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുകയാണല്ലോ. എന്നാലും കെ-റെയിലിനോടു വ്യത്യസ്തത പുലർത്തുന്ന പല ചോദ്യങ്ങളും ഉണ്ടായിരുന്നു. മറുപടി പറയാൻ കഴിയാത്ത ചോദ്യങ്ങളൊന്നും ഉയർന്നില്ല.
വിവാദവും സംഘർഷവുമല്ല വേണ്ടത്. സംവാദവും അതിലൂടെയുള്ള ആശയവ്യക്തതയുമാണ്. സാമൂഹ്യാഘാത പഠനത്തിനായുള്ള അതിർത്തി തിരിക്കൽ വലിയൊരു സംഘർഷമാക്കി മാറ്റിത്തീർക്കാനാണ് പദ്ധതി വിരോധികളുടെ ലക്ഷ്യം. ചെങ്ങന്നൂരടക്കം ഇന്നു പ്രധാനപ്പെട്ട പല പട്ടണങ്ങളുടെയും ബൈപ്പാസ് റോഡുകൾ നിർമ്മിക്കാൻ ഭൂമി ഏറ്റെടുക്കുന്നുണ്ട്. അവിടെയൊന്നും സമരം ഇല്ല.
എന്നാൽ കെ-റെയിലിന്റെ അവിടെ സാമൂഹ്യാഘാത പഠനം പോലും നടത്താൻ അനുവദിക്കാത്ത വൈകാരിക ഹാലിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ദേശീയപാതയുടെയും ഗെയിൽ പൈപ്പിന്റെയും കൂടംകുളം വൈദ്യുതി ലൈനിന്റെയും കിനാലൂർ റോഡിന്റെയും കാര്യത്തിൽ സ്വീകരിച്ച സമീപനം തന്നെയാണ് കെ-റെയിലിന്റെ കാര്യത്തിലും ഞങ്ങൾ അനുവർത്തിക്കുക.
ആവശ്യമായ തയ്യാറെടുപ്പുകൾ മുടക്കമില്ലാതെ മുന്നോട്ട് കൊണ്ടുപോകും. അതോടൊപ്പം അവധാനതയോടെ ജനങ്ങളുടെ ഇടയിലുള്ള തെറ്റിദ്ധാരണകൾ ദൂരീകരിക്കുന്നതിനും ശ്രമിക്കും. മേൽപ്പറഞ്ഞ വൻപദ്ധതികളുടെ കാര്യത്തിലെന്നപോലെ കേരളത്തിലെ ജനങ്ങൾ അതിവേഗ റെയിൽപാതയോടൊപ്പം അണിനിരക്കുമെന്നതിനു സംശയം വേണ്ട.
https://www.facebook.com/Malayalivartha