രാജ്യസഭയിൽ വീണ്ടും സുരേഷ് ഗോപി തരംഗം..പ്രസംഗം മലയാളത്തിൽ ഒരു കാച്ചങ്ങ് കാച്ചി.. കയ്യടിച്ച് മലയാളികൾ

രാജ്യസഭയിൽ മലയാളത്തിൽ സംസാരിച്ച് നടൻ സുരേഷ് ഗോപി വീണ്ടും മാസായി. കാലാവധി പൂർത്തിയാകുന്ന സുരേഷ് ഗോപിയുടെ ഈ സമ്മേളനത്തിലെ അവസാനത്തെ പ്രസംഗമാണ് മലയാളത്തിൽ നടത്തിയത് എന്ന പ്രത്യേകതയും ഉണ്ട്. ആനകളെ ട്രെയിലറുകളിലും ട്രക്കുകളിലും കയറ്റി കൊണ്ടു പോകുന്നത് നിരോധിക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. പ്രസംഗത്തിന് പിന്നാലെ നന്നായി സംസാരിച്ചുവെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു.
'എനിക്ക് ഈ ടേമിൽ കിട്ടുന്ന അവസാന അവസരമാണ് ഇത്. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനും കലക്കത്ത് കുഞ്ചൻ നമ്പ്യാർക്കും സമർപ്പണമായി, മാതാപിതാക്കള്‍ക്കും ഗുരുക്കന്മാർക്കും നല്ലവരായ മലയാളികള്‍ക്കുമുള്ള സമർപ്പണമായി, ഈ നിവേദനം കേന്ദ്ര വനം- വന്യജീവി വകുപ്പ് മന്ത്രിക്ക് മുമ്പിൽ സമർപ്പിക്കുന്നു' എന്നായിരുന്നു ആനകളുടെ സുരക്ഷക്ക് വേണ്ടിയുള്ള സുരേഷ് ഗോപിയുടെ പ്രസംഗം.
നടന്‍ സുരേഷ് ഗോപിയുടെ രാജ്യസഭാ എംപി കാലാവധി ജൂലൈയില്‍ അവസാനിക്കുകയാണ്. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്ത് സുരേഷ് ഗോപി ചെയ്ത ട്വീറ്റ് മറ്റൊരു ചര്‍ച്ചയ്ക്ക് കളമൊരുക്കിയിരിക്കുന്നു. സുരേഷ് ഗോപി വീണ്ടും രാജ്യസഭയിലേക്ക് വരുമോ എന്നാണ് സംശയം. അദ്ദേഹത്തിന്റെ ട്വീറ്റിലെ വാക്കുകളാണ് ഈ സംശയത്തിന് ഇടയാക്കിയിരിക്കുന്നത്. ഇന്ന് ഈ ടേമിലെ അവസാന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുകയാണ് എന്ന് സുരേഷ് ഗോപി ട്വീറ്റ് ചെയ്തിരിക്കുന്നു.
ഈ ടേമിലെ എന്ന് പ്രത്യേകം എടുത്തുപറഞ്ഞതിനാല്‍ മറ്റൊരു ടേം കൂടി സുരേഷ് ഗോപിക്ക് ബിജെപി നല്‍കുമെന്ന സൂചനയാണെന്നാണ് വിലയിരുത്തല്‍.സുരേഷ് ഗോപി വീണ്ടും രാജ്യസഭാ എംപിയാകുമെന്ന് ചില ബിജെപി നേതാക്കള്‍ പരോക്ഷമായി സൂചിപ്പിച്ചിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന്റെ ട്വീറ്റ് ചര്‍ച്ചയായിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള നിരവധി രാജ്യസഭാ എംപിമാരുടെ കാലാവധി പൂര്‍ത്തിയാകുകയാണ്. ബജറ്റ് സമ്മേളനം 72 എംപിമാരുടെ അവസാനത്തെ സെഷനായിരുന്നു.
എകെ ആന്റണി, സുരേഷ് ഗോപി, ശ്രേയാംസ്‌കുമാര്‍, സോമപ്രസാദ്, അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങി കേരളത്തില്‍ നിന്നുള്ളവരും ഇതില്‍പ്പെടും. ഇനി രാജ്യസഭയിലേക്ക് ഇല്ല എന്ന് എകെ ആന്റണി വ്യക്തമാക്കിയിരുന്നു. എകെ ആന്റണി, ശ്രേയാംസ് കുമാര്‍, സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് ആദ്യം തീര്‍ന്നത്. ജൂലൈയില്‍ സുരേഷ് ഗോപിയുടെയും അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെയും കാലാവധി അവസാനിക്കും.
2016 ഏപ്രില്‍ 27നാണ് സുരേഷ് ഗോപി രാജ്യസഭാ എംപിയായത്. കലാകാരന്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സുരേഷ് ഗോപിയെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തത്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്ന ആറാമത്തെ മലയാളിയാണ് അദ്ദേഹം. അടുത്തിടെ വിരമിക്കുന്ന എംപിമാരുടെ യോഗം കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തിരുന്നു. നിങ്ങളുടെ സംഭാവനകള്‍ രാജ്യത്തിന് പ്രചോദനമാകുമെന്ന് മോദി യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞു.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഒട്ടേറെ കാര്യങ്ങള്‍ സുരേഷ് ഗോപി എംപി ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ തൃശൂരിലെ ശക്തന്‍ മാര്‍ക്കറ്റ് നവീകരണവും ഇതില്‍പ്പെടും. കൂടാതെ ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിന് അദ്ദേഹം നടത്തിയ ഇടപെടലും ചെറുതല്ല. പാര്‍ലമെന്റില്‍ ഏറ്റവും ഒടുവില്‍ സുരേഷ് ഗോപി നടത്തിയ പ്രസംഗങ്ങളിലൊന്ന് ആദിവാസി വിഭാഗത്തിന്റെ ക്ഷേമം സംബന്ധിച്ചായിരുന്നു.
രാജ്യസഭാ എംപിയായിരിക്കെ തന്നെയാണ് സുരേഷ് 2019ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും 2021ല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും മല്‍സരിച്ചത്. രണ്ടു തിരഞ്ഞെടുപ്പിലും തൃശൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു മല്‍സരം. മികച്ച മല്‍സരം കാഴ്ചവയ്ക്കാന്‍ സുരേഷ് ഗോപിക്ക് സാധിച്ചു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂര്‍ തന്നെ മല്‍സരിക്കുമെന്നും വിജയം നേടുമെന്നുമുള്ള പ്രതീക്ഷയിലാണ് കേരളത്തിലെ ബിജെപി നേതാക്കള്‍.
https://www.facebook.com/Malayalivartha


























