'പള്ളിസ്ഥലത്ത് അനധികൃത നിര്‍മ്മാണം നടത്തി'; കോഴിക്കോട് ആറംഗസംഘം വീടാക്രമിച്ച സംഭവത്തില്‍ വിശദീകരണവുമായി പള്ളിക്കമ്മിറ്റി, വീട്ടുടമക്കെതിരെ ഗുരുതര ആരോപണം

കോഴിക്കോട് കല്ലായിയില്‍ വീട് തകര്‍ത്ത സംഭവത്തില്‍ വിശദീകരണവുമായി പള്ളിക്കമ്മിറ്റി രംഗത്ത്. അനധികൃതമായാണ് വീട്ടുകാര്‍ ഈ സ്ഥലത്ത് വീട് വെച്ചിരിക്കുന്നത് എന്നും ഒത്തുത്തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വിളിച്ചിട്ടും എത്തിയില്ലെന്നുമാണ് പള്ളിക്കമ്മിറ്റി പറയുന്നത്.
കല്ലായി സ്വദേശിയായ യഹിയയുടെ വീടും കട്ടയാട്ട് പറമ്പിലെ മസ്ജിദ് നൂറാനിയ പളളിയും തമ്മിലാണ് അതിര്‍ത്തി പങ്കിടുന്നത്. കുറച്ചുകാലമായി ഇവര്‍ തമ്മില്‍ അതിര്‍ത്തി പ്രശ്‌നങ്ങള്‍ അരങ്ങേറുന്നത് പതിവാണ്. പള്ളിയുടെ ശുചിമുറിയിലെ എക്‌സോസ്റ്റ് ഫാന്‍ തന്റെ വീടിന് അഭിമുഖമായി സ്ഥാപിച്ചെന്ന് ആരോപിച്ച് യഹിയ കോര്‍പറേഷനില്‍ പരാതി നല്‍കിയതാണ് പ്രശ്‌നങ്ങള്‍ക്കുള്ള തുടക്കം.
മാത്രമല്ല മഴപെയ്താല്‍ പള്ളിയില്‍ നിന്ന് വീട്ടിലേക്ക് വെള്ളം വരുമെന്നതിനെ തുടര്‍ന്ന് ആ ഭാഗത്ത് വീട്ടുകാര്‍ ഷീറ്റിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് പള്ളിക്കമ്മിറ്റിക്കാരെ ചൊടിപ്പിച്ചു.
ഇതിന് പിന്നാലെയാണ് യഹിയയുടെ വീട്ടില്‍ കയറി ആറംഗസംഘം ഗുണ്ടായിസം കാണിച്ചത്. ഇവര്‍ അടുത്തുള്ളവരാണെന്നാണ് യഹിയയുടെ ഭാര്യ മലയാളിവാര്‍ത്തയോട് പ്രതികരിച്ചത്. എന്നാല്‍ ഈ വാദം നിഷേധിക്കുന്ന തരത്തില്‍, വന്നവരെ തങ്ങള്‍ക്കറിയില്ല എന്നാണ് പള്ളിക്കമ്മിറ്റി അംഗങ്ങള്‍ പ്രതികരിച്ചത്.
അതേസമയം കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പന്നിയങ്കര പോലീസ് അറിയിച്ചു. വീട് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് അക്രമം നടത്തിയ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ജാമ്യം ലഭിക്കാവുന്ന തരത്തിലുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ വഖഫ് ബോര്‍ഡും ഇടപെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha