പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളെ അവഗണിക്കുന്ന സർക്കാരിനാണ് സി.പി.എം നേതൃത്വം നൽകുന്നത്; ഏറ്റവും കൂടുതൽ ദളിത് പീഡനങ്ങളും ആദിവാസി ശിശുമരണങ്ങളും നടക്കുന്ന സംസ്ഥാനമായി കേരളം മാറി; ബിജെപി സർക്കാരുകൾ ഏകാത്മക മാനവവാദത്തെ അടിസ്ഥാനമാക്കി ഭരിക്കുന്നുവെന്ന് കെ. സുരേന്ദ്രൻ

കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ഭരിക്കുന്ന ബി ജെ പി സർക്കാരുകൾ പാർട്ടിയുടെ ആശയമായ ഏകാത്മ മാനവവാദത്തെ അടിസ്ഥാനമാക്കിയാണ് പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. സാമ്പത്തികനയങ്ങളാണെങ്കിലും സാമൂഹ്യക്ഷേമപദ്ധതികളാണെങ്കിലും ബിജെപി സർക്കാരുകൾ അടിസ്ഥാന ആശയത്തിൽ ഉറച്ചു നിൽക്കും.
പ്രത്യയശാസ്ത്രത്തിൽ നിന്നും ഒട്ടും തന്നെ വ്യതിചലിക്കാതെ പദ്ധതികൾ നടപ്പിൽ വരുത്തും. കൊച്ചിയിൽ പാർട്ടിയുടെ സംസ്ഥാന ഭാരവാഹികൾക്കും ജില്ലാ പരിശീലന ശിബിരങ്ങളിൽ ക്ലാസ്സുകൾ എടുക്കുന്നവർക്കുമായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ഏകദിന ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാർക്സിസ്റ്റ് പാർട്ടിയുടെ 23-ാം പാർട്ടി കോൺഗ്രസ് സമാപിച്ചപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത് ആ പാർട്ടി അവരുടെ അടിസ്ഥാനാശയങ്ങളിൽ നിന്നും പൂർണ്ണമായും വ്യതിചലിച്ചു എന്നതാണ്. തൊഴിലാളിവർഗ്ഗ താൽപര്യം സംരക്ഷിക്കും എന്ന് അവകാശപ്പെടുന്ന ആ പാർട്ടി ഭരണം നടത്തുന്നത് ആ താൽപര്യത്തിന് എതിരായിട്ടാണ്.
പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളെ അവഗണിക്കുന്ന സർക്കാരിനാണ് സി.പി.എം നേതൃത്വം നൽകുന്നത്. ഏറ്റവും കൂടുതൽ ദളിത് പീഡനങ്ങളും ആദിവാസി ശിശുമരണങ്ങളും നടക്കുന്ന സംസ്ഥാനമായി കേരളം മാറി. ആദിവാസി ക്ഷേമത്തിനായി കേന്ദ്ര സർക്കാർ അനുവദിച്ച തുക വകമാറ്റുകയോ അടിച്ചു മാറ്റുകയോ ചെയ്യുന്നു.
എന്നിട്ടും ആദിവാസി ക്ഷേമം പറയുന്നത് ശുദ്ധ കാപട്യമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ബിജെപി ജന.സെക്രട്ടറിമാരായ എം.ടി, രമേശ് ,അഡ്വ. പി. സുധീർ ,സി. കൃഷ്ണകുമാർ ,അഡ്വ.ജോർജ് കുര്യൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.എൻ. രാധാകൃഷ്ണൻ , സംഘടന ജന.സെക്രട്ടറി എം.ഗണേശൻ എന്നിവർ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി.
https://www.facebook.com/Malayalivartha
























