ആറന്മുളയിൽ വാക്കേറ്റത്തെ തുടർന്ന് തമ്മിൽത്തല്ല്, തലക്കടിയേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു, മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി പോലീസ്

വാക്കേറ്റത്തെ തുടർന്നുണ്ടായ തമ്മിത്തല്ലിൽ തലക്കടിയേറ്റയാൾ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. ആറന്മുള പരുത്തുംപാറ സ്വദേശി സജി (45 വയസ്സ്) ആണ് മരിച്ചത്. സംഭവത്തില്‍ മണിക്കൂറുകൾക്കകം പ്രതി എരുമക്കാട് കളരിക്കോട് വടക്കേതില്‍ റോബിന്‍ എബ്രഹാം പിടിയിലായി. തിങ്കളാഴ്ച രാത്രി ഒമ്പതോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട സജിയും പിടിയിലായ റോബിനും മുമ്പ് സുഹൃത്തുക്കളായിരുന്നു. എന്നാൽ പിന്നീട് ഇരുവരും പിണക്കത്തിലായി.
കഴിഞ്ഞ ദിവസം രാത്രി ഇരുവരും കണ്ടുമുട്ടിയപ്പോൾ തർക്കത്തിലും അടിപിടിയിലും കലാശിക്കുകയായിരുന്നു. ഇതിനിടെ സജിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സജിയെ ആദ്യം കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും രാത്രി രണ്ട് മണിയോടെ സജി മരിച്ചു. ഇരുവരേയും അടിപിടിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച സന്തോഷ് എന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിന്നീട് പുലർച്ചെയാണ് പ്രതി റോബിനെ ആറന്മുള പോലീസ് പിടികൂടിയത്.
https://www.facebook.com/Malayalivartha






















