ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു... മഫ്തിയിലെത്തിയ പോലീസാണ് ജിഷ്ണുവിനെ വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ടുപോയത്; നിര്‍ണായക കണ്ടെത്തല്‍; പോസ്റ്റ്‌മോര്‍ട്ടത്തില്‍ ജിഷ്ണുവിന്റെ തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റെന്ന് വ്യക്തമായി

ചെറുവണ്ണൂരില്‍ പോക്‌സോ കേസില്‍ പ്രതിയായ ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹത. മഫ്തിയിലെത്തിയ പോലീസാണ് ജിഷ്ണുവിനെ വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ടുപോയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ജിഷ്ണുവിന്റെ തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റെന്ന് വ്യക്തമായിട്ടുണ്ട്.
ജിഷ്ണു വീണുകിടന്ന സ്ഥലം ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘം നാളെ പരിശോധിക്കും. പൊലീസ് ഇയാളെ വീട്ടില്‍ അന്വേഷിച്ചെത്തിയതിന് പിന്നാലെയാണ് വീടിന് സമീപം മരിച്ചനിലയില്‍ വീണുകിടക്കുന്ന ജിഷ്ണുവിനെ കണ്ടത്.
ഇന്നലെ രാത്രി ഒമ്ബതരയോടെ നല്ലളം പൊലീസാണ് ജിഷ്ണുവിനെ വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ടുപോയത്. വയനാട്ടില്‍ ഒരു കേസുണ്ടെന്നും അതിന്റെ ഫൈന്‍ 500രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പൊലീസ് ജിഷ്ണുവിനെ ഇറക്കിക്കൊണ്ടുപോയത്. മഫ്തിയിലാണ് രണ്ട് പൊലീസുകാരും എത്തിയത്. ഓവര്‍സ്പീഡില്‍ പോയിട്ട് പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല എന്നതായിരുന്നു കേസ്.
വഴിയരികില്‍ കിടക്കുന്ന ജിഷ്ണുവിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ബന്ധുക്കളെയും ഇവര്‍ തന്നെയാണ് വിവരം അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം വേണമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, മരിച്ച ജിഷ്ണുവിന്റെ പേരില്‍ പെറ്റി കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് കല്‍പ്പറ്റ പൊലീസ് അറിയിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha
























