9 വാള്‍ട്ടിന്റെ ബാറ്ററി... പറക്കമുറ്റും മുമ്പ് ചെയ്ത പ്രവൃത്തിക്ക് അനുഭവിക്കേണ്ടി വന്നത് ജീവിതത്തിന്റെ നല്ലൊരു കാലം; അവസാനം സുപ്രീം കോടതിയുടെ കനിവ് നേടി പേരറിവാളന്‍ പുറത്തിറങ്ങി; സ്റ്റാലിനെ കണ്ട് നന്ദി പറയാന്‍ പേരറിവാളനും അമ്മയും ഓടിയെത്തി; നെഞ്ചോട് ചേര്‍ത്ത് സ്റ്റാലിന്‍

രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതനായ പേരറിവാളന്‍ അനുഭവിച്ചത് ഒരായുസിലെ ദുരിതം. ഇന്നലെ ഉച്ചയോടെയാണ് പേരറിവാളനെ ജയില്‍ മോചിതനാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. 19ാം വയസില്‍ അറസ്റ്റിലായ പ്രതി 31 വര്‍ഷത്തിന് ശേഷമാണ് മോചിതനാകുന്നത് . ഭരണഘടനയുടെ 142ാം അനുച്ഛേദം അനുസരിച്ചായിരുന്നു സുപ്രീംകോടതി ഉത്തരവ്.
31 വര്‍ഷത്തിന് ശേഷം പേരറിവാളന്‍ പുറത്തിറങ്ങുമ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വഹിച്ച പങ്ക് ചെറുതല്ല. അതിനാല്‍ തന്നെയാണ് പേരറിവാളനും അമ്മയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കണ്ട് നന്ദി അറിയിക്കാന്‍ പേരറിവാളനും അമ്മയും ഓടി എത്തിയത്. ചെന്നൈ വിമാനത്താവളത്തില്‍ വച്ചായിരുന്നു എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയത്.
ജയില്‍ മോചനത്തിനായുള്ള സര്‍ക്കാരിന്റെ പിന്തുണയ്ക്ക് പേരറിവാളന്‍ നന്ദി അറിയിച്ചു. പേരറിവാളനെ ആലിംഗനം ചെയ്താണ് സ്റ്റാലിന്‍ സ്വീകരിച്ചത്. സ്വന്തം നാടായ ജ്വാലാര്‍പേട്ടില്‍ നിന്നായിരുന്നു അമ്മയ്ക്കും അച്ചനമൊപ്പം പേരറിവാളന്‍ എത്തിയത് തമിഴ്‌നാടിന്റെയും ഫെഡറലിസത്തിന്റെയും വിജയമാണ് പേരറിവാളന്റെ മോചനമെന്ന് സ്റ്റാലിന്‍ പ്രതികരിച്ചു.
ഭരണകൂടത്തിന്റെ അലംഭാവത്താല്‍ നീതി വൈകി, നീതി നിഷേധിക്കപ്പെട്ട് മുപ്പതിലേറെ വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന രാജീവ്ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ സുപ്രീംകോടതി ഭരണഘടനയിലെ സവിശേഷാധികാരം പ്രയോഗിച്ചാണ് മോചിപ്പിച്ചത്.
പേരറിവാളന്റെ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാതെ വൈകിപ്പിച്ച തമിഴ്‌നാട് ഗവര്‍ണറുടെ നടപടി കോടതി പരിശോധിക്കും. പേരറിവാളന്റെ നീണ്ടുപോകുന്ന ജയില്‍ വാസവും ദയാഹര്‍ജി ഗവര്‍ണര്‍ വര്‍ഷങ്ങളോളം വൈകിപ്പിച്ചതും, ഗവര്‍ണര്‍ക്കല്ല, രാഷ്ട്രപതിക്കാണ് ദയാഹര്‍ജി തീര്‍പ്പാക്കാന്‍ അധികാരമെന്ന കേന്ദ്ര സര്‍ക്കാരിന്റെ മലക്കം മറിച്ചിലും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
പേരറിവാളന് പൂര്‍ണനീതി ലഭ്യമാക്കാന്‍ ഭരണഘടനയുടെ 142ാം വകുപ്പ് നല്‍കുന്ന അസാധാരണ അധികാരം പ്രയോഗിക്കാന്‍ കോടതി നിര്‍ബന്ധിതമാവുകയാണെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വരറാവു, ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് എ. എസ്. ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. പേരറിവാളന്റെ വധശിക്ഷ നേരത്തേ ജീവപര്യന്തമായി ഇളവു ചെയ്തിരുന്നു. ഭീകരപ്രവര്‍ത്തന കുറ്റവും പിന്‍വലിച്ചിരുന്നു. ഇക്കൊല്ലം മാര്‍ച്ചില്‍ ജാമ്യവും അനുവദിച്ചു.
ഭരണഘടനയുടെ 161ാം വകുപ്പ് പ്രകാരം ശിക്ഷ ഇളവു ചെയ്യാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. അതനുസരിച്ച് പേരറിവാളന്റെ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ വിമുഖത കാട്ടി. ഈ വകുപ്പ് പ്രകാരം പേരറിവാളനെ മോചിപ്പിക്കാന്‍ 2018ല്‍ തമിഴ്‌നാട് മന്ത്രിസഭ നല്‍കിയ ശുപാര്‍ശ പാലിക്കാനും ഗവര്‍ണര്‍ ബാദ്ധ്യസ്ഥനായിരുന്നു. അതില്‍ ഗവര്‍ണര്‍ കാലതാമസം വരുത്തിയത് കോടതി പരിശോധിക്കും.
സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ വര്‍ഷങ്ങളോളം വൈകിപ്പിച്ചതിനാല്‍ കേസ് അസാധാരണമാണെന്ന് കഴിഞ്ഞ വര്‍ഷം കോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു.അതേസമയം, പ്രതിക്ക് മാപ്പ് നല്‍കാന്‍ ഗവര്‍ണര്‍ക്കല്ല, രാഷ്ട്രപതിക്ക് മാത്രമാണ് അധികാരമെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം കോടതി തള്ളി. ഈ വാദം അംഗീകരിച്ചാല്‍ 161ാം വകുപ്പ് നിര്‍ജ്ജീവമാകുമെന്നും അതുപ്രകാരം കഴിഞ്ഞ എഴുപതിലേറെ വര്‍ഷം ഗവര്‍ണര്‍മാര്‍ അനുവദിച്ച ശിക്ഷാ ഇളവുകള്‍ അസാധുവാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണ്‍ 11 നാണ് പേരറിവാളനെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. മുന്‍പ്രധാനമന്ത്രിയെ വധിച്ചെന്നതാണ് പേരറിവാളനെതിരായ കുറ്റമെന്ന് കേന്ദ്രം വാദിച്ചു. എന്നാല്‍ ഒന്‍പത് വോള്‍ട്ടിന്റെ രണ്ട് ബാറ്ററി നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും അവ എന്തിനാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും പേരറിവാളന്‍ വാദിച്ചു. പത്തൊന്‍പതാം വയസിലാണ് തന്നെ അമ്മ സി.ബി.ഐക്ക് കൈമാറിയത്. യുവത്വം മുഴുവന്‍ ജയിലില്‍ നഷ്ടമായി. അതില്‍ പതിനാറ് വര്‍ഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഏകാന്തതടവിലായിരുന്നെന്നും ബോധിപ്പിച്ചു.
"
https://www.facebook.com/Malayalivartha