തെളിവെടുപ്പില്‍ പോലീസ് അരിച്ചു പെറുക്കിയത് വീട്ടുപരിസരവും മാലിന്യക്കുഴിയുമുള്‍പ്പെടെ.... മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ ബത്തേരിയില്‍ നടത്തിയ തെളിവെടുപ്പില്‍ ആയുധങ്ങളടക്കം കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ പോലീസിന്... കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇതേക്കുറിച്ച് കൂടുതല്‍ പുറത്തുവിടാനാവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍

തെളിവെടുപ്പില്‍ പോലീസ് അരിച്ചു പെറുക്കിയത് വീട്ടുപരിസരവും മാലിന്യക്കുഴിയുമുള്‍പ്പെടെ.... മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ ബത്തേരിയില്‍ നടത്തിയ തെളിവെടുപ്പില്‍ ആയുധങ്ങളടക്കം കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ പോലീസിന്... കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇതേക്കുറിച്ച് കൂടുതല്‍ പുറത്തുവിടാനാവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍.
നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന്‍ അഷ്റഫ്, അദ്ദേഹത്തിന്റെ മാനേജര്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി ഷിഹാബുദ്ദീന്‍ എന്നിവരുമായി ഇന്നലെ രാവിലെയാണ് അന്വേഷണസംഘം ബത്തേരിയില്‍ തെളിവെടുപ്പിനെത്തിയത്.
ഷൈബിനും കൂട്ടാളികളും സ്ഥിരമായി തമ്പടിച്ചിരുന്ന ബത്തേരി ടൗണിന് സമീപത്തുള്ള മന്തൊണ്ടിക്കുന്നിലെ ദേശീയപാതയോരത്തുള്ള വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. ഒരുനിലവീടിന്റെ മുകള്‍ ഭാഗത്തുനിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
ഇറച്ചിവെട്ടാനുപയോഗിക്കുന്ന വലിയ കത്തിയും നാലുചെറിയ കത്തികളുമാണ് കണ്ടെടുത്തതെന്നാണ് സൂചന തെളിവെടുപ്പിനിടെ ഷിഹാബുദ്ദീനാണ് ആയുധങ്ങള്‍ പോലീസിന് കാണിച്ചുകൊടുത്തത്. ഒരുനിലവീടിന്റെ മുകള്‍ ഭാഗം ഷീറ്റിട്ട് മേയുകയും അരിക് കെട്ടിമറയ്ക്കുകയും ചെയ്തിരുന്നു. ഇവിടെനിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്.
ഷൈബിനെയും ഇവിടെയെത്തിച്ച് വിവരങ്ങള്‍ ശേഖരിച്ചു. രാവിലെ തുടങ്ങിയ തെളിവെടുപ്പ് നാലുമണിക്കൂറോളം നീണ്ടുനിന്നു. വീട്ടുവളപ്പിലെ മാലിന്യക്കുഴിയും കാടുമൂടിക്കിടക്കുന്ന വീട്ടുപരിസരവും പോലീസ് പലതവണ പരിശോധിച്ചെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല. ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോകുന്നതിനായി പ്രതികള്‍ പദ്ധതി ആസൂത്രണംചെയ്തതും കൊലയ്ക്കുശേഷം പ്രതികള്‍ തമ്പടിച്ചിരുന്നതും ഈ വീട്ടിലാണെന്നാണ് കരുതുന്നത്.
അതേസമയം കോട്ടും സ്യൂട്ടുമണിഞ്ഞ് അംഗരക്ഷകരുടെ അകമ്പടിയോടെ ആഡംബരവാഹനങ്ങളില്‍ നാട്ടില്‍ വിലസിയിരുന്ന കോടീശ്വരനായ ഷൈബിന്‍ അഷ്‌റഫിനെ വെള്ളനിറത്തിലുള്ള മുണ്ടും ഷര്‍ട്ടും വള്ളിച്ചെരുപ്പുമെല്ലാം ധരിച്ച് ഒരു സാധാരണക്കാരനെപ്പോലെ കണ്ടതിന്റെ ആശ്ചര്യത്തിലായിരുന്നു നാട്ടുകാര്‍.
കറുത്ത തുണികൊണ്ട് തലമറച്ച്, സായുധരായ പോലീസിന്റെ സംരക്ഷണവലയത്തിലാണ് ഷൈബിനെയും അദ്ദേഹത്തിന്റെ കൂട്ടാളി ഷിഹാബുദ്ദീനെയും നിലമ്പൂര്‍ പോലീസ് ബുധനാഴ്ച ബത്തേരിയില്‍ തെളിവെടുപ്പിനായി കൊണ്ടു വന്നത്.
മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതികളെ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി ചൊവ്വാഴ്ച ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍
വിട്ടതുമുതല്‍ തെളിവെടുപ്പിനായി ബത്തേരിയിലെത്തുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍, അന്വേഷണസംഘം ആദ്യം ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല. നിലമ്പൂര്‍ പോലീസ് തെളിവെടുപ്പിന് വരുന്നതിനെക്കുറിച്ച് തങ്ങള്‍ക്കൊരു വിവരവും ലഭിച്ചിട്ടില്ലെന്നായിരുന്നു ബത്തേരി പോലീസിന്റെ പ്രതികരണവും. രാവിലെ ഒമ്പതുമണിയോടെ തെളിവെടുപ്പിനായി ബത്തേരിയിലെത്തുമെന്നായിരുന്നു അഭ്യൂഹങ്ങളെങ്കിലും 10.30-ഓടെയാണ് പ്രതികളുമായി അന്വേഷണസംഘം മന്തൊണ്ടിക്കുന്നിലെ വീട്ടിലെത്തിയത്.
ഷൈബിന്റെ ഉടമസ്ഥതയിലുള്ള ഈ വീട് ദേശീയപാതയോരത്താണെങ്കിലും മുന്നില്‍ വലിയ മരങ്ങളും ചുറ്റും കാടുമൂടിക്കിടക്കുന്നതിനാല്‍ പെട്ടെന്ന് ആളുകളുടെ ശ്രദ്ധയില്‍പ്പെടില്ല. ഒരുനില വീടാണെങ്കിലും മുകളിലേറ്റ് ഷീറ്റ് മേഞ്ഞ്, അരിക് മറച്ചുകെട്ടി സൗകര്യമൊരുക്കിയിട്ടുണ്ട്. നാലു മണിക്കൂര്‍നീണ്ട പോലീസിന്റെ തെളിവെടുപ്പില്‍ അധികസമയവും ചെലവഴിച്ചത് വീടിന്റെ മുകള്‍നിലയിലാണ്. 15-ലേറെ സി.സി.ടി.വി. ക്യാമറകളാണ് ഈ വീടിനുചുറ്റും സ്ഥാപിച്ചിട്ടുള്ളത്. ഷൈബിനെ തെളിവെടുപ്പിനെത്തിച്ചതറിഞ്ഞ് ഒട്ടേറെപ്പേര്‍ ഇവിടെയെത്തിയെങ്കിലും നാട്ടുകാരടക്കമുള്ളവര്‍ ഇവിടേക്ക് അധികം വന്നില്ല. വന്നവരുടെയെല്ലാം മുഖത്ത് ഭയവും ആശങ്കയും നിഴലിച്ചിരുന്നു. തെളിവെടുപ്പ് നടത്തിയ ഇടങ്ങളിലെല്ലാം ഷൈബിനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന കൂട്ടാളികളെത്തിയിരുന്നതാണ് ഇതിന്റെ പ്രധാന കാരണവും.
മുമ്പ് ബത്തേരിയിലെത്തുമ്പോള്‍ ഷൈബിനും കൂട്ടാളികളായ ഗുണ്ടകളും സ്ഥിരമായി തമ്പടിച്ചിരുന്നത് മന്തൊണ്ടിക്കുന്നിലെ ഈ വീട്ടിലാണ്. ലോക്ഡൗണ്‍ കാലത്തടക്കം ഇവര്‍ ഇവിടെ തങ്ങിയിരുന്നു. ആളുകള്‍ സ്ഥിരമായി വന്നുപോകുമായിരുന്നെങ്കിലും ഷൈബിനടക്കമുള്ളവര്‍ ഇവിടത്തെ നാട്ടുകാരുമായി അത്ര അടുപ്പം പുലര്‍ത്തിയിരുന്നില്ല.
വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍മാത്രമേ നാട്ടുകാരധികവും കണ്ടിട്ടുള്ളൂ. പത്തുവര്‍ഷംമുമ്പ് ഒരു മാറ്റക്കച്ചവടത്തിലൂടെ ഷൈബിന്‍ സ്വന്തമാക്കിയ ഈ 50 സെന്റ് പുരയിടത്തിന് ഇന്ന് 8.5 കോടിയിലേറെ രൂപയുടെ മൂല്യമുണ്ട്.
" f
https://www.facebook.com/Malayalivartha