തോട്ടില്‍ മീന്‍ പിടിക്കാനായി വീശിയ വലയില്‍ ഗ്രനേഡ് കുടുങ്ങിയ സംഭവം അന്വേഷിക്കാനായി മൂന്ന് പ്രത്യേക സംഘം...

തോട്ടില്‍ മീന്‍ പിടിക്കാനായി വീശിയ വലയില്‍ ഗ്രനേഡ് കുടുങ്ങിയ സംഭവം അന്വേഷിക്കാന്‍ 3 പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. ഗ്രനേഡ് കണ്ടെടുത്ത തോടിനു മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന വിവിധ സൈനിക വിഭാഗങ്ങള്‍, പൊലീസ് വകുപ്പ് എന്നിവയില്‍ ജോലി ചെയ്യുന്നവരുടെയും വിരമിച്ചവരുടെയും വിശദാംശങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചു.
സേനയില്‍ പ്രവര്‍ത്തിച്ച ആരെങ്കിലും കൗതുകത്തിന്റെ പേരില്‍ ഗ്രനേഡ് കൊണ്ടുവന്ന ശേഷം തോട്ടില്‍ വലിച്ചെറിഞ്ഞതാണോ എന്ന സംശയം പൊലീസിനുണ്ട്. ഗ്രനേഡിന്റെ ചിത്രങ്ങള്‍ വിവിധ സൈനിക, പൊലീസ് വിഭാഗങ്ങള്‍ക്ക് അയച്ചു നല്‍കി അവര്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതാണോയെന്ന് ഉറപ്പാക്കിയേക്കും.
കഴിഞ്ഞ ദിവസം ചുനക്കര കോമല്ലൂരിലെ പാടശേഖരത്തില്‍ നിര്‍വീര്യമാക്കിയ ഗ്രനേഡിന്റെ അവശിഷ്ടങ്ങള്‍ ഫൊറന്‍സിക് വിഭാഗത്തിന് അയച്ചു നല്‍കി ഗ്രനേഡില്‍ ഉപയോഗിച്ചിരുന്ന രാസവസ്തു കണ്ടെത്താനുള്ള ശ്രമവും പൊലീസ് ചെയ്യുന്നുണ്ട്.
സൈന്യമോ പൊലീസോ ഉപയോഗിക്കുന്ന ഗ്രനേഡിലെ രാസവസ്തു തന്നെയാണോ തോട്ടില്‍ നിന്നു ലഭിച്ച ഗ്രനേഡില്‍ ഉണ്ടായിരുന്നതെന്ന് ഉറപ്പാക്കുന്നതിനോടൊപ്പം വിധ്വംസക പ്രവര്‍ത്തനത്തിനായി എത്തിച്ച ഗ്രനേഡ് ആണോ തോട്ടില്‍ നിന്നു ലഭിച്ചതെന്നും സംഘം അന്വേഷിക്കുന്നുണ്ട്.
സംസ്ഥാനത്തെ ഏതെങ്കിലും മിലിറ്ററി, പാരാമിലിറ്ററി പൊലീസ് ക്യാംപുകളില്‍ നിന്നു ഗ്രനേഡ് കാണാതായോയെന്ന വിവരവും ശേഖരിക്കുന്നു.
അതേസമയം തെക്കേക്കര വടക്കേമങ്കുഴി മുക്കുടുക്ക പാലത്തിനു സമീപം തൊടിയൂര്‍ ആറാട്ട്കടവ് (ടിഎ കനാല്‍) തോട്ടില്‍ തിങ്കളാഴ്ച രാത്രി മത്സ്യം പിടിക്കാനെത്തിയ പല്ലാരിമംഗലം പള്ളേമ്പില്‍ രാജന്റെ വലയിലാണു ഗ്രനേഡ് കുരുങ്ങിയത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ എറണാകുളത്തു നിന്നു സംസ്ഥാന ബോംബ് സ്‌ക്വാഡ് സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ എസ്.സിബുവിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ചുനക്കര കോമല്ലൂര്‍ ആശാരിമുക്കിനു സമീപമുള്ള പാടശേഖരത്തില്‍ വച്ചു ഗ്രനേഡ് നിര്‍വീര്യമാക്കുകയാണ് ചെയ്തത്.
"
https://www.facebook.com/Malayalivartha