ഗുണ്ടാ കുടിപ്പക: തലസ്ഥാന നഗരത്തെ നടുക്കിയ ബാര്‍ട്ടണ്‍ഹില്‍ അനില്‍ കുമാര്‍ കൊലക്കേസ്:രഹസ്യ മൊഴി മാറ്റി കൂറുമാറിയ 8 സാക്ഷികള്‍ക്കെതിരെ കള്ള തെളിവ് നല്‍കിയ കുറ്റത്തിന് കോടതി കേസെടുത്തു, രണ്ടു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി, രണ്ടു പേരെ വിട്ടയച്ചു, ശിക്ഷ 25 ന് പ്രഖ്യാപിക്കും

തലസ്ഥാന നഗരത്തെ നടുക്കിയ ബാര്‍ട്ടണ്‍ഹില്‍ അനില്‍ കുമാര്‍ കൊലക്കേസ് വിചാരണയില്‍ രഹസ്യമൊഴി തിരുത്തി കൂറുമാറിയ 8 പ്രോസിക്യൂഷന്‍ സാക്ഷികള്‍ക്കെതിരെ കോടതിയില്‍ കള്ള തെളിവ് നല്‍കിയ കുറ്റത്തിന് തലസ്ഥാനത് വിചാരണ കോടതി സ്വമേധയാ കേസെടുത്തു.
തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ. ലില്ലിയാണ് കേസെടുത്ത് മജിസ്‌ട്രേട്ട് കോടതിയില്‍ ഫയല്‍ ചെയ്യാന്‍ ജില്ലാ കോടതി ശിരസ്തദാര്‍ക്ക് നിര്‍ദ്ദേശ ഉത്തരവ് നല്‍കിയത്. കേസില്‍ ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി മൂന്നും നാലും പ്രതികള്‍ക്കെതിരെ തെളിവു നിരത്താന്‍ അന്വേഷണ ഏജന്‍സി പരാജയപ്പെട്ടതായി നിരീക്ഷിച്ച് രണ്ടു പേരെ വിട്ടയച്ചു. ഒന്നും രണ്ടും പ്രതികളായ ജീവന്‍ , മനോജ് എന്നിവര്‍ക്കുള്ള ശിക്ഷ 25 ന് പ്രഖ്യാപിക്കും.
പ്രോസിക്യൂഷന്‍ സാക്ഷികളായ രതീഷ് , പൊന്നച്ചന്‍ , രഞ്ജിത്. മാത്യു അബ്‌റു , ജോബിക്കുട്ടി , ജോണ്‍ പോള്‍ , ജോസ് അല്‍ഫോണ്‍സ് , രതിഷ് എന്നിവര്‍ക്കെതിരെയാണ് ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 193 ചുമത്തി കേസെടുത്തത്. വഞ്ചിയൂര്‍ കോടതിയില്‍ നടന്ന വിചാരണയില്‍ കൂറുമാറിയതിനാല്‍ ഇവര്‍ക്കെതിരായ വിചാരണ ഫയലിംഗ് അതിര്‍ത്തി കോടതിയായ പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെ നടക്കും.
കേസന്വേഷണ ഘട്ടത്തില്‍ ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരം ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന് നല്‍കിയ രഹസ്യമൊഴിയാണ് സാക്ഷികള്‍ കൊലക്കേസ് വിചാരണയില്‍ തിരുത്തി കൂറുമാറി പ്രതിഭാഗം ചേര്‍ന്നത്.
ജീവന്‍ എന്ന വിഷ്ണു. എസ്. ബാബു , ജീവന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ മനോജ് , മേരി രാജന്‍ , രാകേഷ് എന്നിവരാണ് കൊലപാതകത്തിനും തെളിവു നശിപ്പിച്ചതിനും കൊലക്കുറ്റം ചെയ്തയാളെ ഒളിവില്‍ പാര്‍പ്പിച്ചതിനും വിചാരണ നേരിട്ട ഒന്നു മുതല്‍ നാലു വരെയുള്ള പ്രതികള്‍.
ഒന്നാം പ്രതി ജീവന്‍ രണ്ടു തവണ കാപ്പ ചുമത്തപ്പെട്ട് കരുതല്‍ തടങ്കല്‍ അനുഭവിച്ചിട്ടുണ്ട്. അഞ്ച് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിനാലാണ് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ഇയാളെ കാപ്പ ചുമത്തി ഒരു വര്‍ഷം വീതം രണ്ടു തവണ ജയിലില്‍ പാര്‍പ്പിച്ചത്. പിന്നീട് 'ഓപ്പറേഷന്‍ ബോള്‍ട്ട് ' എന്ന സുരക്ഷാ പരിശോധനയുടെ ഭാഗമായി ജീവനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മാര്‍ച്ച് 23 ശനിയാഴ്ച വൈകിട്ട് വിട്ടയച്ചു. പിറ്റേന്ന് ഞായറാഴ്ചയാണ് കൊലപാതകം നടന്നത്.
ദൃക്‌സാക്ഷിയും പ്രോസിക്യൂഷന്‍ ഭാഗം രണ്ടാം സാക്ഷിയുമായ മാത്യു എബ്രഹാം പ്രതികളെ കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു. സംസ്ഥാന ഭരണ പരിഷ്‌കാര കമ്മീഷനിലെ കോണ്‍ട്രാക്റ്റ് ഡ്രൈവറുമായ വഞ്ചിയൂര്‍ സ്വദേശി മാത്യു എബ്രഹാം എന്ന പഞ്ചര്‍ ഷൈജുവാണ് കൃത്യം നടന്നതെങ്ങനെയെന്ന് വിവരിച്ച് പ്രതികളെ തിരിച്ചറിഞ്ഞും സാക്ഷി മൊഴി നല്‍കിയത്. സംഭവം സംബന്ധിച്ച് താന്‍ പര പ്രേരണ കൂടാതെ സ്വമേധയാ മജിസ്ട്രേട്ട് കോടതിയില്‍ രഹസ്യമൊഴി നല്‍കിയതായും മാത്യു മൊഴി പറഞ്ഞു. സംഭവത്തിന് മുമ്പേ താന്‍ അനിലിനെ കൊല്ലുമെന്ന് പല തവണ പ്രതി ജീവന്‍ വെല്ലു വിളിച്ചിരുന്നു. വെട്ടു കത്തി കൊണ്ട് അനിലിന്റെ ദേഹമാസകലം തുരുതുരാ വെട്ടിയ ശേഷം സാക്ഷി പറയാന്‍ ആരെങ്കിലും മുതിര്‍ന്നാല്‍ അവരെയും കൊല്ലുമെന്ന് പ്രതി ജീവന്‍ ഭീഷണി മുഴക്കിയ ശേഷമാണ് കൃത്യ സ്ഥലത്ത് നിന്ന് ഒളിവില്‍ പോയത്.
https://www.facebook.com/Malayalivartha